തോട്ടംതൊഴിലാളികളാണല്ലോ ഇപ്പോള്‍ താരങ്ങള്‍. നേതാവില്ലാതെ സമരംനടത്തി വിജയിച്ച, ചില നേതാക്കളെ ‘വിരട്ടിയോടിച്ച’, മൂന്നാറിലെ തൊഴിലാളികളുടെ വീരഗാഥകളും വീരവാദങ്ങളും പാടുമ്പോള്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പ് തോട്ടം തൊഴിലാളികള്‍ക്കു വേണ്ടി 11 വര്‍ഷത്തെ ജയില്‍ ശിക്ഷ കോടതിയില്‍നിന്ന് ഏറ്റുവാങ്ങിയ ഒരു നേതാവിനെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു അവസരം.
ഒരുപക്ഷേ, ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചയമില്ലാത്ത പേര്, എം. ശ്രീകുമാര്‍. ഇന്ന് ഒരു നേതാവിനു പോരാത്ത പേരെന്ന് കേള്‍ക്കുമ്പോള്‍ തോന്നാം. പക്ഷേ, അന്ന് അദ്ദേഹം മികച്ച നേതാവായിരുന്നു, തൊഴിലാളികളുടെ കണ്ണിലുണ്ണിയായിരുന്നു.
1950-കളിലായിരുന്നു അത്. നെടുമങ്ങാട്ടെ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നിയമപ്രകാരം കമ്പനി നല്‍കേണ്ട കമ്പിളിപ്പുതപ്പ് വിതരണം ചെയ്തില്ല. കമ്പനിയ്ക്കെതിരേ കിസാന്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമരം കൊടുമ്പിരിക്കൊണ്ടു, പണിമുടക്കായി. കമ്പനി തമിഴ്നാട്ടില്‍നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് നേരിട്ടു, അവര്‍ നേതാക്കളെ പിടികൂടി കൊണ്ടുപോയി.
അവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ കമ്പനി മാനേജര്‍മാരുടെ വീടുകള്‍ ആക്രമിച്ചു. കേസായി, കോടതിയായി, നേതാക്കളായിരുന്ന എം. ശ്രീകുമാര്‍, സുബ്ബയ്യ എന്നിവരു ള്‍പ്പെടെയുള്ളവരെ 11 വര്‍ഷത്തേക്ക് കോടതി തടവിനു ശിക്ഷിച്ചു. പിന്നീട് മേല്‍കോടതി നേതാക്കളെ ഒഴിവാക്കി. നേതാക്കളെ സമരമുഖത്തുനിന്നു വിരട്ടിയോടിക്കുന്ന കാലത്ത്, തൊഴിലാളികളെ കബളിപ്പിച്ച് നേതാക്കള്‍ ആഡംബര ജീവിതം നയിക്കുന്നുവെന്നാക്ഷേപമുയരുന്ന ഇന്നത്തെ കാലത്ത്, അതിനു നേരെതിരായി ജീവിച്ചു പ്രവര്‍ത്തിച്ച ഒരു നേതാവായിരുന്നു എം. ശ്രീകുമാര്‍.
ആരായിരുന്നു എം. ശ്രീകുമാര്‍ എന്ന വ്യക്തി? ഒരുമേല്ത്തരം കുടുംബത്തില്‍ ജനിച്ച്, പഠിക്കാനും വളരാനും എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി, ആദ്യകാല വിദ്യാഭ്യാസംതന്നെ അതിനാല്‍ തടസപ്പെട്ട്, ( അച്ഛന് മകനെ വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം, സാധിച്ചില്ല, ശ്രീകുമാര്‍ പക്ഷേ ഒരു മകനെ വക്കീലാക്കി- കേരള ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയായിരുന്നു അഡ്വ. എന്‍. എസ്. ഗോപകുമാര്‍, 10 വര്‍ഷം) പിന്നീട് മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനായി, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കു വേണ്ടിപ്രവര്ത്തിച്ച്, തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച്, നെടുമങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി ഭരണപാടവവും തെളിയിച്ച വ്യക്തി.
കേരളത്തില്‍ സമാന്തര വിദ്യാഭ്യാസ സംവിധാനത്തിനു തുടക്കമിട്ടയാള്‍. അങ്ങനെ നെടുമങ്ങാട് എം. ശ്രീകുമാറായി മാറിയ അദ്ദേഹത്തിന്റെ ജീവിത സ്മരണയ്ക്ക് ഇന്നത്തെ തോട്ടം തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തില്‍ കാലിക പ്രസക്തി ഏറെയുണ്ട്.
1925-ല്‍ ജനിച്ച് എട്ടു പതിറ്റാണ്ടിലേറെ ജീവിച്ച ശ്രീകുമാറിന്റെ സംഭവ ബഹുലമായ ജീവിത കഥയുടെ രത്നച്ചുരുക്കമാണ് ധര്‍മ്മപഥമെന്ന പുസ്തകം; 23 പേജില്‍ ഒതുങ്ങുന്നതല്ല ആ ജീവിതചരിതം എങ്കിലും. ഒപ്പം 17 ഉറ്റ ചങ്ങാതിമാരുടെ അനുഭവ ഓര്‍മ്മകളും. ഒരു വ്യക്തിത്വത്തിന്റെ സമഗ്ര ചിത്രമാണ് ഈ പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: