കഴിഞ്ഞ ഒരു മാസത്തിനകത്തു മരണമടഞ്ഞ ഗിരീഷ് മുള്ളങ്കണ്ടിയും കെ.എസ്.മനോഹരനും അവിസ്മരണീയരായ ചിരകാല സുഹൃത്തുക്കളുടെ മക്കളാണ്. അവരുമായി അടുപ്പം കുറവാണെന്നല്ല, അവരുടെ പിതാക്കളുമായായിരുന്നു കൂടുതല്‍ അടുപ്പമെന്നേയുള്ളൂ. മുള്ളങ്കണ്ടി രാഘവന്, കോഴിക്കോടുമായുള്ള എന്റെ പരിചയം തുടങ്ങുമ്പോള്‍ത്തന്നെയുള്ള സുഹൃത്തായിരുന്നു. 1960 ലാണെന്നു തോന്നുന്നു ബേപ്പൂര്‍ ഹൈസ്കൂളില്‍ നടന്ന ഉത്തരകേരള ശിബിരത്തിലാണദ്ദേഹത്തെ പരിചയപ്പെട്ടത്. വി.പി.ജനാര്‍ദ്ദനനാണ് പരിചയപ്പെടുത്തിയത്. പിന്നീട് 1967 ല്‍ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരിക്കെ ഞാന്‍ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമായിരുന്നു. എരഞ്ഞിപ്പാലം കാരപ്പറമ്പ് റോഡരുകിലാണ് വീട്.
കനോലിതോടിന് കരയിലുള്ള റോഡിലൂടെയുള്ള യാത്ര ഉല്ലാസപ്രദമായിരുന്നു. 77 ല്‍ കോഴിക്കോട് വിട്ട് എറണാകുളത്തേക്ക് വരുന്നതുവരെയും ആ സൗഹൃദം തുടര്‍ന്നു. അക്കാലത്ത് ഗിരീഷിനെ രസിപ്പിക്കാനായി ചിത്രങ്ങള്‍ വരച്ചുകൊടുക്കുകയും കുസൃതിക്കടംകഥകള് പഠിപ്പിക്കുകയും മറ്റും ചെയ്യുമായിരുന്നു. എറണാകുളത്തേക്കു മാറി, ജന്മഭൂമിയില് കുടുങ്ങിയതിനുശേഷം പഴയ സൗഹൃദങ്ങള്‍ വിച്ഛേദിക്കപ്പെട്ടതുപോലെയായി. സമയം ലഭിക്കാത്തതു തന്നെ കാരണം.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ചെറുപ്പക്കാരന് ജന്മഭൂമിയില് എന്റെ മുറിയില്‍ വന്നു പരിചയപ്പെട്ടു. ഞാന്‍ ഗിരീഷ്, മുള്ളങ്കണ്ടി രാഘവന്റെ മകനാണ്. ഓര്‍ഗനൈസര്‍ വാരികയുടെ കേരളത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ലഭിച്ചിരിക്കയാണ്. സഹകരണങ്ങള്‍ക്കും ഉപദേശത്തിനുമായി സമീപിച്ചതാണ്.
ഓര്‍ഗനൈസര്‍ വാരികയില്‍ കേരള കാര്യങ്ങള്‍ എഴുതുന്ന ശീലം ഉണ്ടായിരുന്നതിനാലാവാം എന്നെ സമീപിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചത്. ആ വാരികയുടെ പ്രചാരം കേരളത്തില്‍ ഏതാണ്ട് ഇല്ല എന്ന അവസ്ഥയിലെത്തിയിരുന്നു. മുന്‍കാലങ്ങളില്‍ അടിയന്തരാവസ്ഥക്കു മുമ്പും പിമ്പും മിക്കവാറും താലൂക്ക് കേന്ദ്രങ്ങളില്‍ ഏജന്‍സി വഴിയായും തപാല്‍ വഴിയായും ധാരാളം പ്രചാരമതിനുണ്ടായിരുന്നു.
മുന്‍ മലബാര്‍ പ്രചാരകന് ശങ്കര്‍ ശാസ്ത്രിജിയുടെ പ്രോത്സാഹനവും അന്യാദൃശമായ സംഘടനാ പാടവവുമാണ് അതിനടിസ്ഥാനമിട്ടത്. ബുദ്ധിജീവി വിഭാഗത്തില്‍ അതു വലിയ സ്വാധീനം ചെലുത്തിയിരുന്നു. കെ.ആര്.മല്‍ക്കാനി പത്രാധിപരായിരുന്ന അക്കാലത്ത് ഓര്‍ഗനൈസര്‍ എണ്ണപ്പെട്ട പ്രസിദ്ധീകരണമായി. പിന്നീട് അതിന്റെ പ്രചാരണ വിഭാഗം ദുര്‍ബലമായി. ആ ഘട്ടത്തിലാണ് ഗിരീശിനെ ചുമതലയേല്‍പ്പിച്ചത്. പിന്നീട് പലപ്പോഴും കാണാറുണ്ടായിരുന്നു. പഴയ ഏജന്റുമാരെയും വരിക്കാരെയും കാണാനും അദ്ദേഹം ഉത്സാഹിച്ചു നടന്നു. മാനേജുമെന്റില്നിന്നും തന്റെ പ്രയത്നങ്ങള്‍ക്ക് വേണ്ടവിധം പ്രോത്സാഹനം നല്‍കുന്നില്ലെന്ന തോന്നല്‍ ഗിരീഷിനുണ്ടായപ്പോള് പിന്നെ തുടര്‍ന്നില്ല.
ജന്മഭൂമി കോഴിക്കോട് പതിപ്പില്‍ കുറെനാള്‍ സേവനമനുഷ്ഠിച്ചു. പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല മറ്റു മേഖലകളിലും താല്പര്യമെടുത്തിരുന്നുവെന്നറിഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ ജോലി കിട്ടിയപ്പോള്‍ സുരക്ഷിതത്വമുള്ള കുടുംബജീവിതം നയിക്കാനുള്ള അന്തരീക്ഷമായി. പിന്നീട് അദ്ദേഹത്തിന്റെ വിവരമൊന്നും ലഭിച്ചിരുന്നില്ല. ആഗസ്റ്റ് 15 ന് കോഴിക്കോട് പെരച്ചേട്ടന്‍ അനുസ്മരണത്തില്‍ ജന്മഭൂമിയിലെ മോഹന്‍ദാസ് പറഞ്ഞാണ് ഗിരീഷ് അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞത്. അര്‍ബുദം അദ്ദേഹത്തെ ഗ്രസിച്ചു കഴിഞ്ഞിരുന്നു. അതിന്റെ അസഹ്യമായ വേദനയില്‍ പുളയുന്ന അവസ്ഥയില്‍ മോഹന്‍ദാസ് കണ്ടിരുന്നുവത്രേ. ഏതാനും ദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ സന്ദേശവും വന്നു. എല്ലാം അവസാനിച്ചു.
ഞാന്‍ കോഴിക്കോട് വിടുന്നതിനുശേഷമാണ് ഗിരീഷുമായി അടുത്ത് പരിചയമുണ്ടായത്. ഒരിക്കല്‍ അദ്ദേഹം തൊടുപുഴയിലെ വീട്ടിലും വന്നിരുന്നു.
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കാലത്തുതന്നെ മനോഹരനുമായി നല്ല അടുപ്പമുണ്ടായിരുന്നു. ജനസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും സംസ്ഥാന ഉപാദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ആളുമായ കെ.സി.ശങ്കരന്റെ മകന് എന്ന നിലയ്ക്കായിരുന്നു അടുപ്പം. ശങ്കരേട്ടന് സംഘവുമായി ബന്ധപ്പെട്ട ഏതുകാര്യത്തിനും മുന്നിട്ടിറങ്ങുമായിരുന്നു. ചെറുപ്പത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്ന അദ്ദേഹം അവരുടെ സ്റ്റഡിക്ലാസുകളിലെ പതിവുകാരനായി. പാര്‍ട്ടി ചരിത്രം അരച്ചുകലക്കി കുടിച്ചു. അതിമനോഹരവും ആവേശകരവുമായിരുന്ന പ്രഭാഷണ ശൈലി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭം മുതലുള്ള ചരിത്രം വിശദീകരിച്ചും അതും ജനസംഘവുമായി താരതമ്യം ചെയ്തുമുള്ള പ്രസംഗം, ഒരു കഥാപ്രസംഗരീതിയില്‍ ശ്രോതാക്കളെ മണിക്കൂറുകളോളം പിടിച്ചിരുത്തുമായിരുന്നു.
ശങ്കരേട്ടന് എല്ലാ ജനസംഘ നേതാക്കളുടേയും ആതിഥേയനായിട്ടുണ്ട്. നല്ല ഹോമിയോ ഡോക്ടര്‍കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സീമന്ത പുത്രന് മനോഹരനും നല്ല കലാഹൃദയമുള്ള ആളായിരുന്നു. ബാല്യത്തില്‍ തന്നെ ഇന്ദ്രജാലത്തോട് താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ ശങ്കരേട്ടന് മനോഹരനെ പ്രൊഫസര്‍ വാഴക്കുന്നത്തിന്റെ ശിഷ്യനാക്കാന്‍ തയ്യാറായി. വാഴക്കുന്നമായിരുന്നു കഴിഞ്ഞതലമുറയിലെ മാജിക്കുകാരുടെ പരമാചാര്യനെന്ന സ്ഥാനമുണ്ടായിരുന്നയാള്. 1972 ല്‍ പാലക്കാട് ജനസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ മനോഹരന്റെയും ശങ്കരേട്ടന്റെയും ഉത്സാഹത്തില്‍ ഒരു രാത്രി ഇന്ദ്രജാല പ്രകടനം നടത്തപ്പെട്ടു. വാഴക്കുന്നം തിരുമേനി അവരെ ആശീര്‍വദിക്കാന്‍ എത്തിയിരുന്നു. അദ്ദേഹം ലളിതവും എന്നാല്‍ അമ്പരപ്പിക്കുന്നതുമായ ഏതാനും വിദ്യകള്‍ കാണിച്ചു. കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ സംഘശിക്ഷാ ശിബിരം സന്ദര്‍ശിക്കാനും മനോഹരന് വാഴക്കുന്നത്തിനെ കൊണ്ടുവന്നു.
മാജിക് തന്റെ പ്രൊഫഷനാക്കാന്‍ മനോഹരന് താല്പര്യപ്പെട്ടില്ല. ശങ്കരേട്ടന് പാളയത്തു നടത്തി വന്ന പിഞ്ഞാണക്കട (ക്രോക്കറി ഷോപ്പ്) തന്നെ ഏറ്റെടുത്തു. ഇക്കാലത്തെപ്പോലെയുള്ള കെട്ടിക്കാഴ്ചയില്ലെങ്കിലും എല്ലാ പ്രമുഖ കമ്പനികളുടെയും മികച്ച ചീനക്കളിമണ്‍, സ്ഫടികപ്പാത്രങ്ങളുടെ സമഗ്ര ശേഖരം കടയിലുണ്ടായിരുന്നു. ശങ്കരേട്ടന്റെ ഭാഷയില്‍ ”12 മണിക്കൂറും കുതിര നില്‍ക്കുന്നപോലെ” നിന്നുകൊണ്ടായിരുന്നു വ്യാപാരം.
ജന്മഭൂമിയുടെ സ്പോണ്‍സര്‍മാരായ ആദ്യത്തെ ഏഴു ഓഹരിയുടമകളില്‍ ശങ്കരേട്ടനും പെടുന്നു. 64-ാം വയസ്സില്‍ മനോഹരന് അന്തരിച്ച വിവരം കേസരിയില്‍ വായിച്ചപ്പോള്‍ ആ വീടുമായി 1967 മുതലുണ്ടായിരുന്ന ഹൃദയംഗമമായ ബന്ധം ഓര്‍മയില്‍ വന്നു. കേരളത്തില്‍ സംഘപ്രവര്‍ത്തകരുടെ രണ്ടാംതലമുറയില്പ്പെട്ടവരായിരുന്നു ഇരുവരും. അവരെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നും മനസ്സില്‍ പച്ചപിടിച്ചു കിടക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: