കണ്ണൂര്‍: കേരളാ നിയമസഭാ പരിഗണനയിലുള്ള 2014 ലെ 294-ാം നമ്പര്‍ വാടകനിയന്ത്രണ ബില്‍ ഉപേക്ഷിക്കണമെന്ന് കേരളാ ബില്‍ഡിംഗ് റെന്റ് ഹോള്‍ഡേഴ്സ് ഏസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബില്‍ പാസ്സാകുന്നതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ള വാടകക്കാര്‍ കെട്ടിടം ഉപേക്ഷിച്ച് പെരുവഴിയിലിറങ്ങേണ്ടിവരും. 1965 ലെ കേരളാ ബില്‍ഡിംഗ് ലീസ് ആന്റ് റെന്റ് കണ്ട്രോള് ആക്ടിന് പകരം പുതിയ നിയമം കൊണ്ട് വരുന്നത് കെട്ടിട ഉടമകളുടെ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്. ബില്ലിന്റെ രൂപം തന്നെ കെട്ടിട ഉടമയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതാണ്. പുതിയ ബില്‍ പ്രകാരം ഉടമക്ക് താന്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കെട്ടിടം വിട്ടുകൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഉടമയ്ക്ക് നഷ്ടപരിഹാരം കൂടിക്കൊടുക്കേണ്ടി വരും.
അഞ്ച് വര്‍ഷത്തില്‍ കൂടാതെയുള്ള കാലയളവിലേക്ക് കെട്ടിടം വാടകയ്ക്ക് നല്‍കുകയും പ്രസ്തുത കാലയളവിന് ശേഷം വാടകക്കാരന് കെട്ടിടം ഒഴിയാതിരിക്കുകയും ചെയ്താല്‍, കെട്ടിടം ഉടമയുടെ അപേക്ഷയിന്മേല് വാടകക്കാരനെ ഒഴിപ്പിക്കാന്‍ പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നു. മാത്രമല്ല എഗ്രിമെന്റ് കാലാവധി കഴിയുന്നതോടെ വാടകക്കാരന് വാടക നിയന്ത്രണ കോടതിയുടെ മുന്‍പാകെ സമര്‍പിച്ച എല്ലാ അപ്പീലുകളും അസാധുവാകുകയും ചെയ്യും. ഈ മാസം 20ന് തൃശ്ശൂരില്‍ വെച്ച് ചേരുന്ന സംസ്ഥാന നേതൃസംഗമം ബില്ലിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതുള്‍പ്പടെയുള്ള സമരപരിപാടിക്ക് രൂപം നല്‍കും.
സുഭാഷ് അയ്യോത്ത്, എം.പ്രമോദ്, സി.ശിവാനന്ദന്, കെ.പി.അശോകന്, കെ.ബി.ആര്.കണ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: