തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ കൈവശമിരുന്ന സര്‍ക്കാര്‍ ഭൂമി സ്വാതന്ത്ര്യാനന്തരം രേഖകളുടെ പിന്‍ബലമില്ലാതെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈവശം വച്ചനുഭവിക്കുന്നുണ്ടെങ്കില് അവ അടിയന്തിരമായി പിടിച്ചെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം ആര്. നടരാജന് ചീഫ് സെക്രട്ടറിക്കും റവന്യൂ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
ഏക്കര്‍ കണക്കിന് ഭൂമി വ്യക്തികളും സ്ഥാപനങ്ങളും അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കമ്മീഷന് അനേ്വഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭൂസംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കാനും അനധികൃതമായി കൈവശം വച്ചനുഭവിക്കുന്ന ഭൂമിയില്‍ ഭൂസംരക്ഷണ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കി. ഭൂസംരക്ഷണ നിയമം അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി അനധികൃത കൈവശക്കാരെ സഹായിച്ച സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് പോലീസ് മേധാവിയായ റ്റി.പി. സെന്‍കുമാറിന് നിര്‍ദ്ദേശം നല്കി.
സ്വാതന്ത്ര്യത്തിനു മുമ്പ് സംസ്ഥാനത്ത് ഭൂമി കൈവശം വച്ചിരുന്ന ബ്രിട്ടീഷുകാരുടെയും കമ്പനികളുടെയും വിശദാംശങ്ങള്‍ കണ്ടെത്തി പ്രസ്തുത ഭൂമിയുടെ ഇന്നത്തെ അവസ്ഥയും കൈവശവും ആര്‍ക്കാണെന്ന് പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അത്തരക്കാര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഉടമസ്ഥാവകാശം അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. അത്തരത്തില്‍ ഉടമസ്ഥാവകാശം ലഭിക്കാതെ ആരെങ്കിലും ഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവ പിടിച്ചെടുക്കാനാണ് ഉത്തരവ്.
ബ്രിട്ടീഷ് കമ്പനിയുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്ന ചില സ്വകാര്യവ്യക്തികളും കമ്പനികളും യാതൊരു ഉടമസ്ഥാവകാശവുമില്ലാതെ സര്‍ക്കാര്‍ ഭൂമി ഇപ്പോഴും കൈവശം വച്ചനുഭവിക്കുന്നു എന്ന് ആരോപിച്ച് മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ ഇവര്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
അനധികൃത ഭൂമി കണ്ടെത്താന്‍ കമ്മീഷന്റെ മുഖ്യ അനേ്വഷണ ഉദേ്യാഗസ്ഥനായിരുന്ന ഐജി, എസ്. ശ്രീജിത്ത് സംസ്ഥാനത്തുടനീളം അനേ്വഷണം നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഐജിയായി അദ്ദേഹം നിയമിതനായ ശേഷവും കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം അനേ്വഷണം തുടര്‍ന്നു. ഏക്കര്‍ കണക്കിന് ഭൂമി സംസ്ഥാനത്ത് ഉടനീളം സ്വകാര്യവ്യക്തികളും കമ്പനികളും യാതൊരു രേഖയുമില്ലാതെ വച്ചനുഭവിക്കുകയാണെന്ന് ഐജി കണ്ടെത്തി. റവന്യൂ ഉദേ്യാഗസ്ഥര്‍ അനധികൃത കൈവശക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തതായും കണ്ടെത്തിയിരുന്നു. മുണ്ടക്കയം റ്റിആര്‍ & റ്റി കമ്പനി സര്‍ക്കാര്‍ ഭൂമിയില്‍ ഗേറ്റിട്ട് ടോള്‍ സ്ഥാപിച്ചതിനെതിരെ ആര്. നടരാജന് ഉത്തരവ് പാസ്സാക്കിയിരുന്നു.
കയ്യേറ്റ ഭൂമി പിടിച്ചെടുത്താല്‍ അവ ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് നല്കി അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാമെന്ന് ആര്. നടരാജന് ഉത്തരവില്‍ പറഞ്ഞു. കമ്മീഷന് നല്‍കിയിരിക്കുന്നത് ശുപാര്‍ശയല്ലെന്നും കമ്മീഷന്റെ ഉത്തരവുകള്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് പലവട്ടം സ്ഥിരപ്പെടുത്തിയിട്ടുള്ളതാണെന്നും ഉത്തരവ് ചൂണ്ടികാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: