തിരുവനന്തപുരം: നഗരഹൃദയമായ കിഴക്കേകോട്ട, പഴവങ്ങാടി എന്നിവിടങ്ങളില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ ആസൂത്രണം ചെയ്ത ഓപ്പറേഷന് അനന്ത പദ്ധതിക്ക് ഇതുവരെ ചെലവഴിച്ചത് 15 കോടി. എന്നാല്‍ ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ടും വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാനായിട്ടില്ലെന്ന് വെള്ളക്കെട്ട് സംബന്ധിച്ച് ലോകായുക്തയില്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹര്‍ജക്കാരന്‍ ആരോപിച്ചു.
മഴക്കാലത്ത് തമ്പാനൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകുന്ന അനിയന്ത്രിതവെള്ളപ്പൊക്കം പരിഹരിക്കുന്നതിന് സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പ്പറേഷനും ഉത്തരവു നല്‍കണമെന്നാവശ്യപ്പെട്ട് ലോകായുക്തയില്‍ പായിച്ചിറ നവാസാണ് ഹര്‍ജി സമര്‍പ്പിച്ചത്. കാല് നൂറ്റാണ്ടിനിടയില്‍ തമ്പാനൂരിലും പരിസരപ്രദേശങ്ങളിലെയും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി മാറിമാറി വന്ന സര്‍ക്കാരുകള്‍ കോടികള്‍ മുടക്കിയെന്നാണ് അവകാശവാദം. അവസാനമായി 10 കോടിയോളം രൂപ മുടക്കി ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണം നടത്തിയപ്പോള്‍ ഇനിയൊരിക്കലും തമ്പാനൂരില്‍ വെള്ളപ്പൊക്കമുണ്ടാകില്ല എന്നായിരുന്നു അധികാരികളുടെ വാഗ്ദാനം. എന്നാല്‍ ഇപ്പോഴും മഴ പെയ്താല്‍ തമ്പാനൂരില്‍ വെള്ളപ്പൊക്കമുണ്ടാകുന്നുണ്ട്. നിലവിലുള്ള ഓടകള്‍ വൃത്തിയാകാത്തതും പുതിയവ സാങ്കേതികവിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും പരിഹരിക്കാത്തതുമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കൂടാതെ തമ്പാനൂരിന് സമീപമുള്ള ഓടകള്‍ പലതും വീതി കുറഞ്ഞവയാണ്. ആമയിഴഞ്ചാന്‍ തോട് തമ്പാനൂരില്‍ എത്തുമ്പോള്‍ വളരെ ചുരുങ്ങുന്നു. കൂടാതെ തോടില്‍ കോഴി, മാടുകളുടെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മറ്റു ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവ തള്ളുന്നുണ്ട്. ഇവ പരിഹരിക്കാതെ ഒരിക്കലും വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരമുണ്ടാകില്ലെന്ന് ഹര്ജിക്കാരന് ബോധിപ്പിച്ചു. ഈ വാദം ശരിവച്ചു കൊണ്ടാണ് ലോകായുക്ത വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കുന്നതിനായി ചീഫ്സെക്രട്ടറി, കളക്ടര്‍, മേയര്‍, സെക്രട്ടറി എന്നിവര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്കി നോട്ടീസ് അയച്ചത്.
ഹര്‍ജിയില്‍ പൊതുമരാമത്ത്-ഗതാഗത മന്ത്രിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടില്ല. തമ്പാനൂരിലെ വെള്ളപ്പൊക്കത്തെ കുറിച്ച് പഠിക്കുന്നതിനും ഇതിന് ശാശ്വതമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ലോകായുക്തയുടെ ഒരു അനേ്വഷണവിഭാഗത്തെ ചുമതലപ്പെടുത്തി ഉത്തരവുണ്ടാകണമെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം. ലോകായുക്ത ജഡ്ജിമാരായ പയസ് സി. കുര്യാക്കോസ്, കെ.പി. ബാലചന്ദ്രന് എന്നിവരരടങ്ങിയ ഡിവിഷന് ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. കേസ് വീണ്ടും ഒക്ടോബര്‍ 12ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: