കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന് കീഴിലുളള ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി ഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ കെ.എ.സരള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ശ്രദ്ധയോടെ പരിപാലിച്ചുവന്നതോടെ ആയുര്‍വേദാശുപത്രിയുടെ പരാധീനതകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിയായി ഇത് മാറിയെന്നും അവര്‍ പറഞ്ഞു. ന്യായമായ വിലക്ക് ഗുണമേന്മയുളള ഉല്‍പ്പന്നം ഔഷധിയിലൂടെ സാധാരണക്കാര്‍ക്ക് ലഭിക്കുകയാണെന്നും പ്രസിഡണ്ട് പറഞ്ഞു. ആശുപത്രികള്‍ക്ക് മരുന്നെത്തിക്കാന്‍ മുന്തിയ പരിഗണന നല്‍കണമെന്നതാണ് ഔഷധിയുടെ നയമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി ഔഷധി ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ വില പിടിച്ചു നിര്‍ത്തുന്നത് ഔഷധി ഉല്‍പ്പന്നങ്ങളാണ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഔഷധി ഫാര്‍മസി ആരംഭിച്ചത്. മാര്‍ക്കറ്റില്‍ ലഭ്യമാവുന്നതിനേക്കാള്‍ 10 ശതമാനം വിലകുറച്ചാണ് ഉല്‍പ്പന്നങ്ങള്‍ രോഗികള്‍ക്ക് നല്‍കുക. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.റോസ അധ്യക്ഷയായി. ഔഷധി ബോര്‍ഡ് അംഗം അഡ്വ കെ.എ.ഫിലിപ്പ് ആദ്യ വില്‍പ്പന നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ.ശ്രീജിത്, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ വി സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം പി.മാധവന് മാസ്റ്റര്‍, ജില്ലാ ആയുര്‍േവ്വദ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ജയശ്രീ, എന്‍.മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: