ആലപ്പുഴ: ഡോക്ടര്‍മാരുടെ സമരത്തിനിടെ ജനറല്‍ ആശുപത്രിയില്‍ ഏഴു വയസ്സുകാരന്‍ നിഖില്‍ പനി ബാധിച്ച് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിഖിലിന്റെ അച്ഛന്‍ മാരാരിക്കുളം തെക്കു പഞ്ചായത്ത് 16-ാം വാര്‍ഡ് ക്രിസ്തുരാജ കോളനിയില്‍ നെടിയാംപുരയ്‌ക്കല്‍ ജോണ്‍സണ്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി. യഥാസമയം ചികിത്സ ലഭിക്കാതിരുന്നതിനാലാണു നിഖില്‍ മരിക്കാന്‍ ഇടയായതെന്നും വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. ഈ ആവശ്യമുന്നയിച്ച് ആരോഗ്യമന്ത്രി, ആഭ്യന്തരമന്ത്രി, ജില്ലാ പോലീസ് മേധാവി, ബാലാവകാശ കമ്മിഷന്‍, ശിശുക്ഷേമ സമിതി എന്നിവര്‍ക്കും പരാതി നല്‍കുമെന്ന് ജോണ്‍സണ്‍ പറഞ്ഞു.
നരഹത്യയ്‌ക്ക് കേസെടുക്കണം: ബാലഗോകുലം
ആലപ്പുഴ: മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ പതിനാറാം വാര്‍ഡ് ക്രിസ്തുരാജ കോളനിയില്‍ നെടിയാംപുരയ്‌ക്കല്‍ ജോണ്‍സണ്‍ സൗമ്യ ദമ്പതികളുടെ മകന്‍ നിഖില്‍ (7) യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചതില്‍ ബാലഗോകുലം സൗരക്ഷിക ജില്ലാ സമിതി ദുഃഖം പ്രകടിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരിക്കേണ്ട ഡോക്ടര്‍ സ്ഥലത്തില്ലാതിരിക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നുമുള്ള മാതാപിതാക്കളുടെ പരാതി കഴമ്പുള്ളതിനാല്‍ ഇതിനിടവരുത്തിയ ഡോക്ടര്‍മാരെ തത്സ്ഥാനത്തുനിന്നും നീക്കി നരഹത്യയ്‌ക്കു കേസെടുക്കണമെന്ന് ബാലഗോകുലം സൗരക്ഷിക ജില്ലാ സമിതി ആവശ്യപ്പെട്ടു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ കേണല്‍ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ബൈജു ലാല്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ രമേശന്‍ നായര്‍, ജില്ലാ സെക്രട്ടറി ഡി. ജ്യോതിഷ്. ജോയിന്റ് സെക്രട്ടറി വിനീത്. സംഘടനാ സെക്രട്ടറി ഷിബു, ഖജാന്‍ജി മന്മഥകുമാര്‍, ജില്ലാ സമിതിയംഗങ്ങള്‍ അനില്‍കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാലഗോകുലം ജില്ലാ ഭാരവാഹികള്‍ നിഖിലിന്റെ വസതി സന്ദര്‍ശിച്ചു.
















