കാസര്‍കോട്: കുഡ്ലു ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ സൂത്രധാരനും പൊതുപ്രവര്‍ത്തകനുമായ ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പള്ളത്ത് താമസക്കാരനുമായ ദുല്‍ ദുല്‍ ഷെരീഫ് (44) കാസര്‍കോട് നിന്നും ആദ്യം രക്ഷപ്പെട്ട് എറണാകുളത്തേക്ക്. കവര്‍ച്ച നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഷെരീഫ് എറണാകുളത്തേക്ക് കടന്നത്.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ളൈറ്റിലാണ് മുംബൈയിലേക്ക് കടക്കുകയായിരുന്നു. ഷെരീഫ് എറണാകുളത്തേക്ക് പോയതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തിലെ ഒരു ടീം പിന്ന3ലെ തന്നെ എറാകുളത്തെത്തിയിരുന്നു. എന്നാല്‍ പോലീസിന്റെ നീക്കം മണത്തറിഞ്ഞ ഷെരീഫ് ഫ്ളൈറ്റില്‍ കടന്നുകളയുകയായിരുന്നു. അതേസമയം മറ്റു പ്രതികള്‍ക്കുവേണ്ടി ഗോവ, കര്‍ണാടക ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്ന അന്വേഷണ സംഘത്തിലെ മറ്റൊരു ടീം ഷെരീഫിനെ അന്വേഷിച്ച് മുംബൈയിലെത്തുകയും ചെയ്തിരുന്നു.
ഷെരീഫ് മുംബൈ വഴി ഖത്തറിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. നേരത്തെ ദുബൈയില്‍ ഒരു വലിയ പണമിടപാട് തട്ടിപുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മുങ്ങിയ ഷെരീഫിന് ദുബൈയിലേക്ക് പോകുന്നതില്‍ വിലക്കുണ്ട്. അതുകൊണ്ടു തന്നെയാണ് വ്യാജ പാസ്പോര്ട്ടില് ഖത്തറിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയത്. മുംബൈയിലും പോലീസ് തനിക്കുവേണ്ടി വലവിരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി ലോഡ്ജില്‍ പോലും തങ്ങാതെ ഷെരീഫ് ട്രെയിനില്‍ ഗോവയ്ക്കും മുംബൈയ്ക്കും ഇടയിലായി പലതവണ അങ്ങോട്ടും ഇങ്ങോട്ടും യാത്ര തുടരുകയായിരുന്നു. ഷെരീഫ് മുംബൈയില്‍ വെച്ചു തന്നെ പിടിയിലായെങ്കിലും കാര്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതി അറസ്റ്റിലായതെന്നാണ് പോലീസ് പറയുന്നത്. കവര്‍ച്ചാ സ്വര്‍ണ്ണം വീട്ടിലെ തെങ്ങിന് ചുവട്ടില്‍ കുഴിച്ചിട്ടാണ് ഷെരീഫ് കടന്നുകളഞ്ഞത്. പോലീസ് അന്വേഷണം നിലച്ചാല്‍ സ്വര്‍ണ്ണം ഇവിടെനിന്നും കടത്തിക്കൊണ്ടു പോകാമെന്ന കണക്ക കൂട്ടലിലിരിക്കെയാണ് ഷെരീഫ് പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: