എസ്.ജെ. ഭൃഗുരാമന്‍
തിരുവനന്തപുരം: കുഞ്ഞന്‍ ലെന്‍സിലൂടെ നോക്കിയാല്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത വിശ്വകര്‍മ്മാവിന്റെ ഇമ്മിണി വലിയ ശില്പം. പുജപ്പുര ചാടിയറയിലെ ഗണേഷ് സുബ്രഹ്മണ്യന്റെ കൈവിരുതില്‍ നിന്നാണ് ഇത്തരത്തിലെ വ്യത്യസ്ഥമായൊരു ശില്പത്തിന്റെ പിറവി. ആറുമില്ലി ഗ്രാം ഭാരമുള്ള ശില്പത്തില് ചേര്‍ത്തിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ വിപണി വില 15 രൂപ മാത്രമാണ്. വിശ്വകര്‍മ്മാവിന്റെ വാഹനമായ അരയന്നം ഉള്‍പ്പെടെ 18 പണിയായുധങ്ങള്‍ ശില്പത്തിനുചുറ്റുമായി ക്രമീകരിച്ചിട്ടുണ്ട്. വിശ്വകര്‍മ്മാവിന്റെ കൈയിലെ ഭൂമിക്ക് അക്രിലിക് എന്ന നീല നിറമാണ് നല്‍കിയിരിക്കുന്നത്.
അഞ്ച് മാസം എടുത്താണ് വിശ്വകര്‍മ്മാവിന്റെ 3.75 മില്ലിമീറ്റര്‍ ഉയരമുള്ള കുഞ്ഞന്‍ ശില്പം ഗണേഷ് പൂര്‍ത്തികരിച്ചത്. വീടിനു സമീപത്തായി അമ്മയുടെ പേരില്‍ കമല പൊന്നാഭരണക്കട എന്ന പേരില്‍ ജുവലറി നടത്തുകയാണ്. പരമ്പരാഗതമായി സ്വര്ണതൊഴില് ചെയ്യുന്ന കുടുബത്തിലെ ഇപ്പോഴത്തെ കണ്ണിയാണ് ഗണേഷ്. പതിനൊന്നാം വയസ്സില്‍ അച്ഛന് മരിച്ചതോടെ ബന്ധുക്കളുടെ ശിക്ഷണത്തിലാണ് സ്വര്ണപണി ഗ്ര
ഹസ്ഥമാക്കിയത്.
2005 ല്‍ തോണിയും തോണിക്കാരനും എന്ന ശില്പത്തില് നിന്നാണ് ആരംഭം. നടരാജവിഗ്രഹം, അനന്തശയനം, താജ്മഹാള് , അബ്ദുല്‍ കലാം തുടങ്ങിയ നാനോ ശില്പങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. സൂചിക്കുള്ളില് നമ്പര്‍ ലോക്ക് ഘടിപ്പിച്ച ശില്പത്തിന് ലണ്ടന്‍ എലൈറ്റ് വേള്‍ഡ് റെക്കാര്‍ഡും, ഹോങ്കോങ് വേള്‍ഡ് റെക്കാര്‍ഡും ഗണേഷിന് ലഭിച്ചു.
പുതിയ പരീക്ഷണ പുരയിലാണ് ഗണേഷ് ഇപ്പോള്‍. ഇത്തരത്തിലുള്ള ചലിക്കുന്ന നാനോ ശില്പമാണ് അടുത്ത ശ്രമം. കടുകിനെ ഭൂമിയാക്കി അതിനു ചുറ്റും മംഗല്യാന് ഭ്രമണം ചെയ്യുന്ന ശില്പത്തിന്റെ പണിപുരയിലാണ്. നാനോ ശില്പത്തിന് ഇപ്പോള്‍ നിറയെ ആവശ്യക്കാരാണ്. ഓര്‍ഡര്‍ നല്കിയാല് ഉപഭോക്താവിന്റെ തത്പര്യം മുന്‍നിര്‍ത്തി ഇത്തരം ശില്പങ്ങള് നിര്‍മ്മിച്ചു നല്‍കുമെന്ന് ഗണേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: