തിരുവനന്തപുരം: അമൃത വര്ഷപദ്ധതിയുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തെ സ്മാര്‍ട്ട് സിറ്റി പരിഗണനയില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച് മേയര്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര കൗണ്‍സില്‍യോഗം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നാരോപിച്ച് ബിജെപി, യുഡിഎഫ്, അംഗങ്ങള്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി. സ്മാര്‍ട്ട് സിറ്റി പദ്ധതി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ശേഷിക്കുന്ന രണ്ട് നഗരങ്ങളുടെ ഒഴിവിലേക്ക് തിരുവനന്തപുരത്തെ പരിഗണിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനാണ് മേയര്‍ അടിയന്തര കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.
ഈ വൈകിയ വേളയില്‍ പ്രമേയം അവതരിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പ്രമേയത്തെ എതിര്‍ത്ത് ബിജെപി നഗരസഭാകക്ഷിനേതാവ് പി. അശോക്കുമാര് രംഗത്തുവന്നു. ഈ വിഷയം കഴിഞ്ഞ കൗണ്‍സിലില്‍ ഞാന്‍ അവതരിപ്പിച്ചതും അത് കൗണ്‍സില്‍ പാസാക്കിയതുമാണ്. ഇത് കതിരിന്മേല് വളം വയ്ക്കുന്നതുപോലെയാണ്. ജനങ്ങളെ പറ്റിച്ച് വോട്ടുനേടുന്നതിനുള്ള തന്ത്രം മാത്രമാണ്. കേന്ദ്രത്തിന് സ്മാര്‍ട്ട്സിറ്റിക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31ന് ആയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വിഴിഞ്ഞത്തിനായി ആവശ്യപ്പെട്ട 820 കോടിരൂപയാണ് അനുവദിച്ചത്. 1991 നുശേഷം ഇരുമുന്നണികള്‍ക്കും വിഴിഞ്ഞം പദ്ധതി ഇവിടെ കൊണ്ടുവരാനായില്ല. എന്നാല്‍ ഒരു എംപിയോ എംഎല്‍എയോ ഇല്ലാതിരുന്നിട്ടും കേരളത്തിന് 740 കോടി രൂപയാണ് മോദിസര്‍ക്കാര്‍ നല്‍കിയത്. നിഷ് സര്‍വകലാശാലയ്ക്ക് 187 കോടിയും ടെക്നോപാര്‍ക്ക് വികസനത്തിനും മറ്റുമായി 34,000 ത്തില്പരം കോടി രൂപയുടെ പ്രഖ്യാപനവുമുണ്ടായി. രാഷ്ടീയം രാഷ്ട്രനന്മയ്ക്കാണെന്നാണ് ബിജെപി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിന് ഇത്രയും പ്രഖ്യാപനങ്ങള്‍ കേന്ദ്രം നടത്തിയത്. ജെഎന്‍എന്‍യുആര്‍എം പദ്ധതി പ്രകാരം ജനറല്‍ ഫണ്ട് ഉപയോഗിച്ചുള്ള വികസനം 80 ഉും തനത് ഫണ്ട് ഉപയോഗിച്ചുള്ള വികസനം പൂജ്യം ശതമാനവും എന്നായിരുന്നു സ്മാര്‍ട്ട് സിറ്റി പദ്ധതി പരിഗണനയില്‍ തിരുവനന്തപുരം നഗരസഭയുടെ വിശദീകരണം. സ്മാര്‍ട്ട് സിറ്റി നേടിയെടുക്കാന്‍ കഴിയാത്ത നഗരസഭയ്ക്ക് ലഭിച്ച അവാര്‍ഡുകള്‍ പോലും തട്ടിപ്പാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പത്ത് എംപിമാരുണ്ടായിരുന്നിട്ടും വിഴിഞ്ഞം പദ്ധതി യാധാര്ത്ഥ്യമായില്ല. വരുന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനകം തിരുവനന്തപുരത്ത് സ്മാര്‍ട്ട്സിറ്റി യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രമേയം തള്ളിയതായി അറിയിച്ച് ബിജെപി, യുഡിഎഫ് അംഗങ്ങള്‍ വാക്ക് ഔട്ട് നടത്തുകയായിരുന്നു.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ സ്മാര്‍ട്ട്സിറ്റി പരിഗണനാ പട്ടികയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചതായി മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: