കാസര്‍കോട്: കുഡ്ലു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സഹായം ചെയ്തുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ വിശദമായ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. സിപിഎം പ്രാദേശിക നേതാവിന്റെ ചൗക്കിയിലെ സഹോദരനേയും ചൗക്കിയിലെ മറ്റൊരു യുവാവിനേയും ലാന്‍സര്‍ കാറിന്റെ ഉടമയായ തളങ്കര ടൈല്‍ ഫാക്ടറിക്ക് സമീപത്തെ യുവാവിനെയുമാണ് മൂന്ന് ദിവസത്തിനുശേഷം പോലീസ് വിട്ടയച്ചത്. പോലീസ് അറസ്റ്റു ചെയ്ത പ്രതികളില്‍ ഒരാളായ മഹ്ഷൂഖിനെ മംഗളൂരു കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി വിട്ടതിന്റെ പേരിലാണ് മൂന്ന് പേരെയും പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
ചെങ്കള സ്റ്റാര്‍ നഗറില്‍ യാത്രക്കാരനെ കണ്ണില്‍ മുളകുപൊടിവിതറി അഞ്ച് ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ പ്രതിയായിരുന്ന മഹ്ഷൂഖിനെ കുഡ്ലു ബാങ്ക് കൊള്ളയടിച്ച കേസിലും പോലീസ് പിടികൂടുമെന്ന് സംശയിച്ച് മഹ്ഷൂഖിന്റെ മാതാപിതാക്കള്‍ കരഞ്ഞുപറഞ്ഞ് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കവര്‍ച്ച നടന്നതിന്റെ പിറ്റേദിവസം രാത്രി ലാന്‍സര്‍ കാറില്‍ മംഗളൂരു കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. മഹ്ഷൂഖ് ബാങ്ക് കൊള്ളക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയാതെയാണ് തങ്ങള്‍ യുവാവിനെ മാറി നില്ക്കാന് സഹായിച്ചതെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
ബംഗളൂരുവില്‍ വെച്ച് അറസ്റ്റിലായ മഹ്ഷൂഖിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്നാണ് മൂന്ന് പേരേയും നിരപരാധികളാണെന്ന് കണ്ട് പോലീസ് വിട്ടയച്ചത്. ഏത് സമയത്തും ആവശ്യപ്പെട്ടാല്‍ പോലീസില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ഇവരെ വിട്ടയച്ചതെന്നാണ് പറയുന്നത്. കസ്റ്റഡിയിലെടുത്തവരുടെ വിട്ടയക്കലോടെ കേസിലെ ഉന്നത തല ഇടപെടലാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: