കാസര്‍കോട്: കുഡ്ലു ബാങ്ക് കവര്‍ച്ചാകേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനും സംഭവത്തിന് പിന്നിലുള്ള ഗൂഡാലോചന പുറത്ത് കൊണ്ടു വരാനുമായി എംഎ നെല്ലിക്കുന്ന് എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബാങ്ക് കവര്‍ച്ചയിലെ യഥാര്‍ത്ഥ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. സാധാരണ കവര്‍ച്ചയായി ഇതിനെ കാണാന്‍ കഴിയില്ല. സംസ്ഥാനം ഭരിക്കുന്ന ലീഗും തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളും, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് 5.28 കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചിരിക്കുന്നത്. ആ പണം രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങല്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്.
ഒരുപാട് മത ന്യൂനപക്ഷത്തില്‍ ചെട്ടവര് ഇടപാട് നടത്തുന്ന സ്ഥാപനമാണ് കുഡുലു ബാങ്ക്. അവരെ അകറ്റി നിര്‍ത്തുകയെന്ന് ഉദ്ദേശ്യമാണ് കൊള്ളയ്ക്ക് പിന്നില്‍. എംഎല്‍എയുമായി അടുത്ത് ബന്ധമുള്ള ലീഗ് നേതാവ് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രാഷട്രീയ സ്വാധീനത്തിന്റെ ഫലമായാണ് പോലീസ് പ്രതികളെ പിടികൂടാത്തത്. പോലീസ് അന്വേഷണം അട്ടിമറിക്കാനും പ്രതികള്‍ക്ക് രക്ഷപ്പെടാനുമുള്ള ഗൂഡാലോചനകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. സംഭവം നടന്ന ഉടനെ ബാങ്കിലെ ഇടപാടുകാരാണെന്നവ്യാജേന പുറത്ത് നിന്നുള്ളവരെ കൊണ്ട് വരുകയും സമരനാടകങ്ങള്‍ ആരംഭിക്കുകയും ചെയ്തത് ഗൂഡാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ബുദ്ധിയാണ്. മുസ്ലിംലീഗും, ഐഎന്‍എല്ലും സിപിഎമ്മും നടത്തിയ സമരനാടകങ്ങള്‍ മനസ്സിലാക്കിയ ഇടപാടുകാര്‍ ആത്മ നിയന്ത്രണം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷങ്ങള്‍ ഒഴിവാകുകയായിരുന്നു. ബാങ്കില്‍ കവര്‍ച്ച നടത്തി ഇടപാടുകാരായ മതന്യൂനപക്ഷങ്ങലെ പ്രകോപിപ്പിച്ച് ജില്ലയില്‍ കലാപമുണ്ടാക്കാമെന്നുള്ള ഇവരുടെ കണക്കുക്കൂട്ടല്‍ ഇത് കാരണം ഇല്ലാതായി. പോലീസ് എവിടെ പോകുന്നു, ആരെ പിടികൂടാന്‍ പോകുന്നുവെന്നെല്ലാം പോലീസിലെ തന്നെ ചിലര്‍ പ്രതികള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നത് കാരണമാണ് അവരെ പിടികൂടാന്‍ കഴിയാത്തത്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടും ബാങ്കിന് മുന്നില്‍ നടക്കുന്ന് സമരനാടകങ്ങള്‍ക്ക് സംരക്ഷണം നല്കേണ്ടതിനാല് അവര്‍ക്ക് പ്രതികളെ തേടിപോകാന്‍ കഴിയുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്ന സ്ഥിതിവിശേഷം പോലുമുണ്ടായി. കൊള്ള നടത്തിയിട്ട് 10 മിനുട്ടുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്ത് സ്വര്‍ണ്ണവും പണവും കണ്ടെടുക്കാനുള്ള കഴിവ് ജില്ലയിലെ പോലീസിന് ഉണ്ടായിരുന്നിട്ടും അവര്‍ അതിന് ശ്രമിക്കാതിരുന്നതിന് പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഗൂഡാലോചന തന്നെയാണ് നടന്നിരിക്കുന്നത്.
സിപിഎം പ്രാദേശിക നേതാവിന് കേസിലുള്ള പങ്ക് ഉള്‍പ്പെടെ അന്വേഷിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: