കോവളം: വിനോദ സഞ്ചാര സീസണ് ദിനങ്ങള്‍ ആസന്നമായിരിക്കെ കോവളം ഹവ്വാ ബീച്ച് റോഡു പുനര്‍ നിര്‍മാണം എങ്ങുമെത്താതെ നീളുന്നതില്‍ വ്യാപക പ്രതിഷേധം. റോഡ് പുനര്‍നിര്‍മാണത്തിനായി കുത്തിപ്പൊളിച്ചതോടെ ഇതു വഴിയുള്ള ഗതാഗതം അപകടം പിടിച്ചതായി. കുത്തനെയുള്ള കയറ്റിറക്കമുള്ള റോഡിന്റെ ബീച്ചിനോടടുത്ത ഭാഗത്തു മാത്രമാണ് പുനര്‍ നിര്‍മാണം നടത്തിയത്. ഓണത്തിനു മുന്‍പേ നിര്‍മാണം നിറുത്തി ബന്ധപ്പെട്ട കരാറുകാരന് സ്ഥലം വിട്ടു.ഉണ്ടായിരുന്ന ടാറിട്ട റോഡ് പൂര്‍ണമായി പൊളിച്ചു മാറ്റി ഇന്റര്‍ ലോക്ക് ടൈല്‍ സ്ഥാപിച്ചാണ് പുനര്‍നിര്‍മാണം. പണി പാതി വഴിക്കു നിലച്ചതോടെ റോഡിലൂടെ കാല് നട യാത്ര പോലും നടത്താനാകാത്ത സ്ഥിതി. മുഴുവന്‍ കുഴികളും മെറ്റലും നിറഞ്ഞു കിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ക്കു പോലും കടന്നു പോകാനാകാത്ത അവസ്ഥയാണ്. ഇരുചക്രവാഹന യാത്രക്കാരില്‍ പലരും ഇതിനോടകം ഇവിടെ വീണു പരുക്കേറ്റു. 52 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനര്‍ നിര്‍മാണം.കുത്തനെയുള്ള ഈ റോഡില്‍ പിടുത്തമില്ലാത്ത ടൈല്‍ പാകിയാല്‍ അപകട സാധ്യതയേറെയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡു കുത്തിപ്പൊളിച്ചതില്‍ പൈപ്പു പൊട്ടി വെള്ളം ധാരാളം പാഴാകുന്നുമുണ്ട്. ഈ മാസാവസാനത്തോടെ വിനോദ സഞ്ചാര സീസണ് ദിനങ്ങള്‍ക്കു തുടക്കമാവും. സീസണിനു മുന്‍പേ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: