വര്‍ക്കല: വട്ടപ്ലാമൂട് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഗുരുമന്ദിരം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി 11.30നാണ് ആക്രമണം നടന്നത്. കരിങ്കല്ലേറില് ഗുരുമന്ദിരത്തിന്റെ വശങ്ങളിലെ ചില്ലുകള്‍ തകര്‍ന്നു. ശബ്ദംകേട്ട് സമീപവാസികള്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
ഗുരുമന്ദിരത്തിന് എതിര്‍വശത്തുള്ള ഇരുനില കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാളാണ് ചില്ലുകള്‍ തകര്‍ത്തത്. അക്രമികള്‍ തൂവാലകൊണ്ട് മുഖം മറച്ചിരുന്നു. പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ഗുരുമന്ദിരത്തിന് നേരെ കല്ലെറിഞ്ഞത്.
കുറെ നാളുകളായി വട്ടപ്ലാമൂട് പ്രശ്നബാധിതപ്രദേശമായി രൂപാന്തരപ്പെടുകയാണ്. രണ്ടുമാസം മുമ്പ് ബിഎസ്പി പ്രവര്‍ത്തകര്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഡോ. അംബേദ്കര്‍ പ്രതിമ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. ഇവിടത്തെ ഗുരുമന്ദിരത്തിന് നേരെ നിരവധി ആക്രമണങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.
സംഭവമറിഞ്ഞ് രാവിലെതന്നെ നൂറുകണക്കിന് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ജംഗ്ഷനിലെത്തി. എന്നാല്‍ പോലീസ് മുന്നൊരുക്കം എന്നനിലയില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. വര്‍ക്കല സിഐ ബി. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത്നിന്നു ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധ നടത്തി. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അവ്യക്തമായതിനാല്‍ തിരുവനന്തപുരത്തുള്ള സര്‍ക്കാര്‍ അംഗീകൃത ലാബില്‍ കൊണ്ടുപോയി ദൃശ്യങ്ങള്‍ എന്‍ലാര്‍ജ് ചെയ്ത് പരിശോധിക്കുമെന്ന് സിഐ പറഞ്ഞു. അനേ്വഷണം ഊര്‍ജിതപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: