വെഞ്ഞാറമൂട്:തൈക്കാട് സമന്വയനഗറില്‍ വീണ്ടും പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം. പ്രദേശവാസിയായ യുവാവിനെ അനധികൃതമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ എസ്ഐയേയും സംഘത്തേയും തടഞ്ഞുവച്ചു. ആരോപണം അടിസ്ഥാനരഹിതമെന്ന് പോലീസ്.
ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. എംസി റോഡില്‍ തൈക്കാട് കവലയില്‍കൂടി അമിതവേഗത്തില്‍ വന്ന ബൈക്കിന് പോലീസ് കൈകാണിച്ചു. എന്നാല്‍ ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. ഇയാളെ പിന്തുടര്ന്നപ്പോള് സമന്വയനഗറില്‍ ബൈക്ക് നിര്‍ത്തി സമീപത്തെ കടയില്‍ കയറി. അവിടെനിന്നും പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കവേ നാട്ടുകാര്‍കൂടി തടസംനിന്നു. ഇതിനിടെ ജീപ്പില്‍ ഉണ്ടായിരുന്ന രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു എന്നാണ് വെഞ്ഞാറമൂട് പോലീസ് പറയുന്നത്. എന്നാല്‍ ബൈക്ക് നിര്ത്താതെപോയെന്നതും പ്രതികളെ മോചിപ്പിച്ചു എന്ന് പറയുന്നതും പോലീസിന്റെ കെട്ടുകഥയാണെന്നും മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പോലീസ് അക്രമം നടത്തിയതാണെന്നും നാട്ടുകാര്‍ പറയുന്നു. ഓണത്തിന് മുന്‍പും സമാന സംഭവം ഇവിടെ നടന്നിരുന്നു. അന്നും കടയില്‍ ഇരുന്ന മധ്യവയസ്കനടക്കമുള്ളവരെ പോലീസ് മര്‍ദ്ദിച്ചു.ഈ സംഭവം രാഷ്ട്രീയക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി. യുവാവിനെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: