വെള്ളറട : ജൈവ കോഴികൃഷിയുടെ മറവില്‍ മൂന്നേകാല്‍ കോടിയോളം രൂപയുടെ തട്ടിപ്പെന്ന് ആരോപണം. തട്ടിപ്പിലകപ്പെട്ടത് 325ഓളം പേരടങ്ങുന്ന സാധാരണക്കാര്‍. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. സ്ഥലം എംഎല്‍എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭത്തിന്റെ പേരിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ജൈവ കോഴികൃഷി എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. അഞ്ചുപേരടങ്ങുന്ന 65ഓളം ഗ്രൂപ്പുകളാണ് പങ്കാളികളായത്. 21 വാര്ഡുകളുടങ്ങുന്ന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംരംഭത്തില്‍ പങ്കാളികളായിട്ടുണ്ട്. ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ ഓരോ ഗ്രൂപ്പുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ചെങ്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും സംരംഭത്തിന്റെ നടത്തിപ്പുകാര്‍ വായ്പയെടുത്തു. ഓരോ ഗ്രൂപ്പിനും ഓരോ അക്കൗണ്ട് എന്ന നിലയിലാണ് അക്കൗണ്ട് തുടങ്ങിയത്. മാര്‍ച്ച് 16ന് ഇവരുടെ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപവീതം ലോണ്‍ പാസായി.
തുടര്‍ന്ന് നടത്തിപ്പുകാര്‍ എല്ലാ അംഗങ്ങളെയും ബാങ്കില്‍ വിളിച്ചുവരുത്തി. ഓരോ ഗ്രൂപ്പൂകളില്‍ നിന്നും ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടുവാങ്ങി. അതിനുശേഷം എല്ലാ അംഗങ്ങളുടെയും വീടുകളില്‍ കോഴിക്കൂടുകളും ഓരോ വീടിനും നൂറു കോഴിക്കുഞ്ഞുങ്ങളെയും വീതവും എത്തിക്കുമെന്നും കോഴിമുട്ടകള്‍ ഇവര്‍ തന്നെ സംരംഭിച്ച് വിപണിയിലെത്തിക്കുമെന്നും ഉറപ്പും നല്കി. രണ്ടുമാസത്തേക്ക് കോഴികള്‍ക്കുള്ള ഭക്ഷണം സൗജന്യമായി എത്തിക്കുമെന്നും പിന്നീട് കാശു കൊടുത്തുവാങ്ങണമെന്നും സംഘടനകര്‍ പറഞ്ഞു.
ഓരോ അംഗങ്ങളുടെയും പേരിലുള്ള വായ്പ തങ്ങള്‍ അടച്ചു തീര്‍ക്കുമെന്നും മുട്ടവില്പ്പനയിലൂടെയുള്ള ലാഭം ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നുമാണ് സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കുറച്ചു കുറച്ചുപേര്‍ക്കു മാത്രമേ കൂടു നല്കിയുള്ളൂ. കോഴിക്കുഞ്ഞുങ്ങള്‍ കിട്ടിയത്. വളരെ ചുരുക്കം വീടുകളിലും ഒന്നു രണ്ടു തവണ മുട്ടകള്‍ ശേഖരിക്കാനും ആളെത്തി. തുടര്‍ന്ന് ആരും വരാതെയായി. എന്നാല്‍ ഇത് ആരും ഗൗരവമായി കണക്കാക്കിയില്ല. അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസങ്ങളില്‍ അംഗങ്ങളുടെ വീടുകളില്‍ ബാങ്കില്‍ നിന്നും വായ്പ കുടിശിക നോട്ടീസ് കിട്ടുമ്പോഴാണ് തങ്ങള്‍ ചതിയില്‍പ്പെട്ട വിവരം ഇവര്‍ മനസ്സിലാക്കുന്നത്. തട്ടിപ്പിനുപിന്നില്‍ പ്രദേശത്തെ കോണ്‍ഗ്രസ് മണ്ഡലം നേതാവാണെന്ന് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: