പരപ്പനങ്ങാടി: പരപ്പനങ്ങാടി-കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കുവൈറ്റ് ബസിന്റെ ഇന്നത്തെ ഓട്ടം സ്ഥിരം യാത്രക്കാരിയുടെ ജിവന് രക്ഷിക്കാനാണ്. ഈ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന താനൂര്‍ ഓലപ്പീടിക കക്കാട്ട് ജിഷ്കുമാറിന്റെ ഭാര്യ റീന(35) ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. സ്ഥിരമായി ബസില്‍ യാത്ര ചെയ്തിരുന്ന ആളെ കുറച്ചു ദിവസങ്ങളായി കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് രോഗ വിവരം അറിയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തെ രക്ഷിക്കാന്‍ തങ്ങളെകൊണ്ട് ആകുന്ന വിധത്തില്‍ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു കുവൈറ്റ് ബസിന്റെ ഉടമയും ജീവനക്കാരും. ഒരു ദിവസത്തെ ബസിന്റെ കളക്ഷനും ജീവനക്കാരുടെ കൂലിയും റീനയുടെ ചികിത്സക്കായി രൂപീകരിച്ച സഹായസമിതിക്ക് ഇവര്‍ കൈമാറും. ഒഴൂര്‍ ഓണക്കാട് സ്വദേശിയായ ഉമ്മര്‍കോയയാണ് കുവൈറ്റ് ബസിന്റെ ഉടമ. ലിജു, സുബൈര്‍, ഹംസ, നവാസ് എന്നിവരാണ് ഇതിലെ ജീവനക്കാര്‍.
ഡയാലിസിസ് നടത്തികൊണ്ട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് റീന ഇപ്പോള്‍. ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഏകദേശം 20 ലക്ഷം രൂപയോളം ചിലവ് വരും. എം.കെ.ഹംസഹാജി കണ്‍വീനറും അറുമുഖന് കല്ലില്‍ ചെയര്‍മാനുമായി രൂപീകരിച്ച ചികിത്സസഹായ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. നല്ലവരായ മനുഷ്യസ്നേഹികളുടെ സഹായമാണ് ഇവരുടെ ഏക പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: