തിരുവനന്തപുരം: കണ്ണൂര്‍ മോഡലില്‍ ജില്ലയില്‍ വ്യാപക അക്രമം നടത്താന്‍ സിപിഎം നീക്കം. പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്ക് തടയാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് വ്യാപകമായി ആക്രമണം അഴിച്ചുവിടാന്‍ സിപിഎം നീക്കം നടത്തുന്നത്. ബജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവില്‍ ഡിവൈഎഫ്ഐ -എസ്എഫ്ഐ സംഘം അഴിഞ്ഞാട്ടം നടത്തിയിരുന്നു. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡിഫി സംഘം കൂട്ടമായി എത്തി മര്‍ദ്ദിക്കുകയായിരുന്നു. താലൂക്ക് സേവാപ്രമുഖ് അയ്യപ്പന്(40), മണ്ഡലം ശാരീരിക് പ്രമുഖ് വിശാഖ് (25) എന്നിവരാണ് അക്രമത്തിനിരയായത്. കഴിഞ്ഞദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് സമീപത്തെ ചായക്കടയില്‍ ചായ കുടിച്ചുനില്‍ക്കുകയായിരുന്ന അയ്യപ്പനെയും വിശാഖിനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഡിഫി പ്രവര്‍ത്തകരായ മലമുകള്‍ രാജേഷ്, സന്തോഷ്, ചിയാക്കുട്ടി, സുകേഷ്, എസ്എഫ്ഐക്കാരായ നിയാസ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.
കഴിഞ്ഞദിവസം കാട്ടാക്കടയിലും സിപിഎം സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മുതലെടുത്താണ് കോളേജിനു പുറത്ത് ആക്രമണം നടത്തിയത്. ആറ്റിപ്രയില്‍ ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് നാട്ടിയിരുന്ന കോടികള്‍ പ്രദേശത്തെ സിപിഎം കാര്‍ നശിപ്പിച്ചിരുന്നു. ശംഖുമുഖം വയര്‍ലസ് കോളനിയില്‍ ഡിഫി സംഘം ബിജെപി പ്രവര്‍ത്തകനായ രാജന്റെ വീട്ടില്‍കയറി ആക്രമണം നടത്തി. രാജന്റെ ഭാര്യയെയും ഇവരുടെ മക്കളായ രണ്ടുപെണ്‍കുട്ടികളെയും മൃഗീയമായി മര്‍ദ്ദിച്ചു. ദിവസങ്ങളോളം ഇവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുടെ തലേദിവസം ഊരൂട്ടമ്പലം മൊട്ടമൂട്ടിലും ഇത്തരത്തില്‍ സിപിഎം സംഘം ആസൂത്രിത അക്രമം നടത്തിയിരുന്നു. ഉറിയടി നടക്കുമ്പോള്‍ നിരവധി കേസുകളില്‍ പ്രതിയായ സിപിഎം ഗുണ്ട മദ്യപിച്ച് ഉറിയടിയിലേക്ക് കടന്നുകയറി അസഭ്യം പറയുകയും കമ്പും കല്ലും വലിച്ചെറിയുകയുമായിരുന്നു. ഉന്തിലും തള്ളിലും സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സാമൂഹിക ബന്ധമുള്ള ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് അക്രമം. മനപൂര്‍വ്വം സംഘര്‍ഷങ്ങള്‍ നടത്തി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കിയ ശേഷം സംഘടനാ പ്രവര്‍ത്തനത്തങ്ങളില്‍ നിന്നും മാനസികമായി പിന്നാക്കം നില്ക്കുന്ന അവസ്ഥ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍.
തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ സിപിഎമ്മില്‍ നിന്നും വ്യാപക കൊഴിഞ്ഞ് പോക്കാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൂടിയാകുമ്പോള്‍ ധാരാളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങും. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം മുന്നില്‍ നിറുത്തുന്നത് ക്രിസ്ത്യന്‍ മുസ്ലീം മതവിഭാഗത്തിലുള്ളവരെയും പിന്നാക്ക വിഭാഗത്തിലുള്ളവരെയുമാണ്. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: