ആലപ്പുഴ: ഹിന്ദുവിരുദ്ധതയും ഗുരുനിന്ദയും സിപിഎമ്മിനെ ദാരുണമായ അന്ത്യത്തിലേക്ക് നയിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ലാസമിതി. കമ്മ്യൂണിസവും ഗുരുദേവദര്‍ശനങ്ങളും കടലും കടലാടിയുംപോലെ അന്തരമുള്ളതാണെന്ന് തിരിച്ചറിയുന്ന യുവതലമുറയാണ് കേരളത്തിലുള്ളത്. സിപിഎം നേതൃത്വം സാമൂഹികസൗഹാര്‍ദ്ദം ആത്മാര്‍ത്ഥതയോടെ ആഗ്രഹിക്കുന്നെങ്കില്‍ എസ്എന്‍ഡിപി യോഗത്തിനും ആര്‍എസ്എസ്സിനും എതിരായ നിഴല്‍ക്കൂത്ത് അവസാനിപ്പിക്കണം.
നവരാത്രിവ്രതവും വിദ്യാരംഭവും വിജയദശമിയും ഒന്നുചേര്‍ന്നാഘോഷിക്കുവാന്‍ സിപിഎം ജില്ലാനേതൃത്വത്തെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയാണെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍, സെക്രട്ടറി വി.ആര്‍.എം. ബാബു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പഴങ്കഥകള്‍ ആവര്‍ത്തിച്ച് ആര്‍എസ്എസ് വിരുദ്ധ വിവാദങ്ങള്‍ ഉയര്‍ത്തി സിപിഎം നടത്തുന്ന സെമിനാര്‍ പ്രഹസനങ്ങളെ കേരള സമൂഹവും ശ്രീനാരായണീയരും പുച്ഛിച്ച് തള്ളും. ഗുരുമന്ദിരങ്ങള്‍ക്കും ശ്രീനാരായണീയ പ്രതിമകള്‍ക്കും സംരക്ഷണം നല്‍കാന്‍ ബജ്‌രംഗദള്‍, ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ തയ്യാറാകും. ശ്രീകൃഷ്ണനോട് ഏറ്റുമുട്ടിയവരെല്ലാം കാലപുരി പൂകിയിട്ടുണ്ടെന്നും, സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നടപടികള്‍ അവരുടെ നാശത്തിന് കാരണമാകുമെന്ന് സംശയം വേണ്ടെന്നും അവര്‍ പറഞ്ഞു.
















