കണ്ണൂര്‍: ടി.പി 51 വെട്ട് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സിപിഎമ്മിന്റെ ഭാഗത്തുനിന്നുയര്‍ന്ന ഭീഷണിക്കെതിരെ ഇടത് ബുദ്ധിജീവികളും സാഹിത്യനായകരും പ്രതികരിക്കാന്‍ തയ്യാറാവാത്തത് ചര്‍ച്ചയാകുന്നു. നാഴികക്ക് നാല്‍പ്പതുവട്ടം ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഇടത് ബുദ്ധിജീവികള്‍ക്കും സാഹിത്യ നായകന്മാര്ക്കും പുരോഗമന പ്രസ്ഥാനക്കാര്‍ക്കും എന്തുപറ്റി, ഇവരെവിടെപ്പോയി എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
ലക്ഷങ്ങള്‍ മുടക്കി സമൂഹത്തില്‍, പ്രത്യേകിച്ച് സിപിഎം നടത്തിവരുന്ന അരുംകൊല രാഷ്ട്രീയത്തിന്റെ നേര്‍ച്ചിത്രം നിഗൂഡതകള്‍ ഉള്‍പ്പെടെ ചിത്രീകരിച്ച സിനിമ സ്വകാര്യ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. പ്രദര്‍ശനം ആരംഭിക്കേണ്ട ഇന്നലെ 39 ഓളം സിനിമാശാലകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ സിപിഎമ്മിന്റെ ഭീഷണിയെത്തുടര്‍ന്ന് 34 സ്വകാര്യ തീയ്യറ്ററുകള്‍ പ്രദര്‍ശനത്തില്‍ നിന്ന് പിന്മാറുകയും അഞ്ച് സര്‍ക്കാര്‍ തീയ്യറ്ററുകളില്‍ മാത്രം ചിത്രം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു.
ടിപി വധത്തിന് ശേഷം മൊയ്തു താഴത്ത് എന്ന നിര്‍മ്മാതാവ് ടിപി 51 വെട്ട് എന്ന പേരില്‍ സിനിമയെടുക്കാന്‍ തീരുമാനിച്ച ഘട്ടംതൊട്ട് തന്നെ സിപിഎം സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു. നിരവധി തവണ സിപിഎം ഭീഷണി കാരണം ഷൂട്ടിങ്ങ് തടസ്സപ്പെട്ട സംഭവം വരെ ഉണ്ടായിരുന്നു. ചിത്രം പ്രദര്ശിപ്പിക്കപ്പെടുന്നതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ആസന്നമായിരിക്കെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ട്ടി സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന ഭയമാണ് പ്രദര്‍ശനത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
ലോകത്തും രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ ഉടന്‍ പ്രതിഷേധവും പ്രസ്താവനകളുമായി രംഗത്തെത്തുന്ന ഇടത് അനുഭാവ ബുദ്ധിജീവികളുടെയും സാഹിത്യ പുരോഗമന നായകരുടെയും തനിനിറം ടിപി 51 വെട്ട് എന്ന സിനിമയുടെ കാര്യത്തില്‍ ഇവര്‍ കൈക്കൊണ്ടിരിക്കുന്ന മൗനത്തോടെ സജീവ ചര്‍ച്ചയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: