കൊച്ചി: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി സാങ്കേതിക സംരംഭകത്വത്തെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെഎസ്ഐഡിസി സംഘടിപ്പിച്ച യുവസംരംഭകത്വ സംഗമത്തിന്റെ രണ്ടാം പതിപ്പായ ‘യെസ് ക്യാന്‍ 2015’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത സംസ്ഥാനമെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സംരംഭകത്വാനുകൂല മനോഭാവം സൃഷ്ടിച്ചെടുക്കേണ്ടത് അനിവാര്യമെന്നതിനാലാണ് സംരംഭകത്വത്തെ ബിടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാങ്കേതിക സംരംഭകത്വത്തെ രണ്ടാമത്തെ വിഷയമായി അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
വ്യവസായ, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, കെഎസ്ഐഡിസി എംഡി ഡോ. എം. ബീന, മന്ത്രി കെ.ബാബു എന്നിവര്‍ സംസാരിച്ചു. മികച്ച പെര്‍ഫോമന്‍സുള്ള ഇലക്ട്രിക്ബൈക് (ഹൗണ്ട് ഇലക്ട്രിക്) രൂപകല്പന ചെയ്ത പോള്‍ അലക്സും നബീല്‍ അബ്ദുള്ളയും ഒന്നാംസ്ഥാനം നേടിയപ്പോള്‍ അന്ധര്‍ക്ക് വഴികാട്ടുന്ന ‘ബ്ലൈന്‍ഡ് ടോര്‍ച്ച്’ എന്ന ആശയവുമായെത്തിയ അഫ്ല മാടശ്ശേരി രണ്ടാംസ്ഥാനത്തെത്തി. റാപിഡ് കണ്‍സ്ട്രക്ഷന്‍ ടെക്നിക് എന്ന ആശയത്തിന് തൗഫീക് അബ്ദുള്അസീസിനാണ് മൂന്നാംസ്ഥാനം.
കൊളാബറേറ്റിംഗ് ആന്‍ഡ് നെറ്റ്വര്ക്കിംഗ് എന്നതാണ് സംഗമത്തിന്റെ വിഷയം. ഏകദേശം 1500 വിദ്യാര്‍ത്ഥി സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും സംഗമത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: