മയാളത്തിന് മായാത്ത മുദ്രകള്‍ ചാര്‍ത്തിയ എണ്ണമറ്റ പ്രതിഭകള്‍ നമുക്കുചുറ്റുമുണ്ട്. ഈശ്വരീയ വരദാനത്തിലൂടെ അവരെല്ലാം എന്നും സ്മരിക്കപ്പെടും. പ്രതിഭാവിലാസത്താല്‍ തെളിഞ്ഞ അവര്‍ മറ്റൊന്നും ചിന്തിക്കാതെയെത്തിച്ചതെല്ലാം നമുക്ക് അഭിമാനിക്കാന്‍ തക്കവണ്ണം സമ്മാനിച്ചാണ് അരങ്ങൊഴിഞ്ഞത്. കരുത്തിന്റെ തീവ്രതയില്‍ തെളിയിച്ച ആ തിരിനാളത്തിന്റെ ശോഭയാല്‍ നമ്മെ ലോകം തിരിച്ചറിയുകയാണ്. അതൊന്നും മനസ്സിലാക്കുവാന്‍ നമുക്ക് പറ്റുന്നില്ല. സൂര്യതേജസുപോലെ ഋഷിതുല്യനായ ഒരു മഹാന് ഈ ഭൂമുഖത്ത് ഇന്നുമുണ്ട്. അദ്ദേഹം വരഞ്ഞുതീര്‍ത്ത രേഖകള്‍ നമുക്ക് തരുന്ന ആനന്ദത്തെ എത്രപറഞ്ഞാലാണ് മതിവരിക.
നമ്പൂതിരി എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന രേഖാചിത്രകാരന് വാസുദേവന്‍ നമ്പൂതിരിയ്ക്ക് നവതി. തൊണ്ണൂറ് വര്‍ഷം മുമ്പ് പൊന്നാനിയില്‍ പിറന്ന അദ്ദേഹം ഇന്നും കര്‍മനിരതനാണ്. എല്ലായിടത്തും ചെന്ന് ബ്രഷും ചായവുമായി അത്ഭുതം തീര്‍ക്കുകയാണ്. ഓരോരോ വേദികളില്‍ അതെല്ലാം വീക്ഷിക്കാന്‍ ആയിരങ്ങള്‍ കാണും. നമ്പൂതിരിക്കൊരു പകരക്കാരനെ ഇതുവരെ നമുക്കറിയില്ല. ബ്രഷും ചായവും ചേര്‍ത്തുള്ള അദ്ദേഹത്തിന്റെ സൃഷ്ടികളല്ല നമുക്ക് മുന്നില്‍ നിറഞ്ഞുനില്ക്കുന്നത്. രേഖയാല്‍ തെളിയിച്ച മലയാളത്തിന്റെ മുദ്രകളാണ് വരികളില്‍ കണ്ടുവരുന്നത്.
കൊച്ചുകുട്ടികള്‍ക്കുവരെ അറിയാം നമ്പൂതിരിയുടെ തുല്യം ചാര്‍ത്തിയ ചിത്രങ്ങള്‍. വരികളെ വരകളാക്കി തീര്‍ത്തതും അതെല്ലാം മറക്കാനാവാത്ത കഥാപാത്രമാക്കി മാറ്റി ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് അദ്ദേഹം. നിരവധി എഴുത്തുകാര്‍ മലയാളത്തില്‍ രചിച്ച കഥകളെ വരഞ്ഞ് കാണിച്ചത് മറ്റൊരാളല്ല. മാതൃഭൂമി, മലയാളം, കലാകൗമുദി എന്നീ ആഴ്ചപതിപ്പികളിലൂടെ എത്ര കഥാപാത്രങ്ങള്‍ തെളിഞ്ഞുവന്നു. ഒരുപക്ഷേ, കഥവായിച്ചുതീരും മുമ്പുതന്നെ ആ കഥാപാത്രങ്ങള്‍ നമുക്ക് ആ കഥ പറഞ്ഞുതന്നിട്ടുണ്ടാകും. ഋഷിതുല്യന്‍ എന്നല്ലാതെ അദ്ദേഹത്തെ എന്താണ് വിളിക്കേണ്ടത്.
ആത്മകഥയായി ഭാഷാപോഷിണിയില്‍ വരയും വരികളുമായി നൂറ്റാണ്ടിന്റെ ചരിത്രം തെളിയിച്ചതും മറ്റാരുമല്ല. അതിന്റെ സൗന്ദര്യം വര്‍ണിച്ചാല്‍ തീരില്ല. താന്‍ എഴുതിത്തീര്‍ത്ത കഥാപാത്രങ്ങളെ നമ്പൂതിരിയുടെ തുല്യം ചാര്‍ത്തിയ രേഖയിലൂടെ കാണാന്‍ കൊതിച്ചവരുണ്ട്.
ഈശ്വരന്മാരും തനി നാട്ടിന്‍പുറത്തുകാരും കാലപ്പഴക്കം നിര്‍ണയിക്കാനാവാത്ത പ്രകൃതിയും കെട്ടിടങ്ങളും പലേ പ്രായത്തിലുള്ള സ്ത്രീകളും തുടങ്ങി ജാതീയതയെ അടയാളപ്പെടുത്തിയ മറക്കാനാവാത്ത രൂപങ്ങളെ കൊത്തിവച്ചു വാസുദേവന്‍ നമ്പൂതിരി.
പലേതരക്കാര്‍ക്കുമുന്നിലും ദിവസങ്ങളോളം കൂടിച്ചേര്‍ന്നിട്ടും ഒരു പിടിയിലും വീഴാതെ കഴിഞ്ഞുകൂടിയത് പഠിക്കേണ്ട, അനുകരിക്കേണ്ട ഒന്നുതന്നെയാണ്. മനസില്‍ എന്നും സൂക്ഷിക്കുന്നത് മലയാളിത്തനിമയാണ്. മനുഷ്യരൂപത്തിന് ഒരു നൂറ്റാണ്ടില്‍ വന്ന വ്യതിയാനം കണ്ടറിയണമെങ്കില്‍ അദ്ദേഹത്തിന്റെ രചനകള്‍ പരതിയാല്‍ മതിയാകും. കാലങ്ങളായി വന്ന വേഷഭൂഷാദികള്‍, കെട്ടിടത്തിന്റെ വൈവിധ്യങ്ങള്‍ തുടങ്ങിയവ അതില്‍ തെളിഞ്ഞുകാണാം. സര്‍വതും അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഒപ്പിയെടുത്ത് നമ്മുടെ മനസിലേക്ക് മായാമുദ്രയായിത്തീര്‍ത്തുതന്നതും വേറാരുമല്ല.
രവിവര്‍മയ്ക്കുശേഷം കൈരളിക്കുകിട്ടിയ ഈ പ്രതിഭ മലയാളക്കര വിളങ്ങി നില്ക്കുന്ന കാലം വരെ തെളിഞ്ഞു നില്ക്കും. നവതിയുടെ നിറഞ്ഞ ചിരിയുമായി നവനീതനായി നമ്പൂതിരിയെന്ന ചിത്രകാരന്റെ സാധന തുടരുകയാണ്. പരിചയക്കാരും അല്ലാത്തവരുമായി തന്നെ കാണാനെത്തുന്നവരുടെ ചിന്തകളെ അദ്ദേഹം ധന്യമാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: