ജരു സാഹിത്യകൃതി സമൂഹത്തിലിറങ്ങിയാൽ അതിനെ പ്രണയിക്കുന്നതും നൊമ്പരപ്പെടുത്തുന്നതും വായനക്കാരും വിമർശകരുമാണ്. സിനിമയെന്ന കലയെ കച്ചവടച്ചരക്കാക്കി വിൽപന നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സാഹിത്യസൃഷ്ടികളെ അതിന്റെ കലാപരമായ സവിശേഷതകൾകൊണ്ടും പരിജ്ഞാനംകൊണ്ടും മാത്രമെ തിരിച്ചറിയാൻ കഴിയൂ.
ആസ്വാദക ഹൃദയങ്ങളിൽ ആഴത്തിൽ പതിയുന്ന കൃതികളും പതിയാത്തവയുമുണ്ട്. അത് അദൃഷ്ടശാലി മണ്ണുതൊട്ടാൽ അത് പൊന്നാകും എന്ന് പറയുന്നതുപോലെയാണ്. ആദർശശാലികളായ എഴുത്തുകാരുടെ സാഹിത്യകൃതികളെന്നും സമൂഹത്തിലെ ജീർണ്ണതകൾക്കും തിന്മകൾക്കുമെതിരെ പോരടിക്കുന്നവയാണ്.
അങ്ങനെയുള്ള കൃതികൾ സമഹൂത്തിനെന്നും ചൈതന്യമാണ്. അത് അഴകും ആഴവമുള്ള കൃതികളായി നിലനിൽക്കുന്നു. ജീവിതത്തെക്കാൾ മരണമാണ് നല്ലതെന്ന് വിശ്വസിക്കുന്ന മണ്ടീമണ്ടൻമാരുടെ മദ്ധ്യത്തിൽ മരണത്തെക്കാൾ നല്ലത് ജീവിതമെന്ന് വിശ്വസിക്കുന്ന സമാശ്വസിപ്പിക്കാൻ ആരുമില്ലാത്തവരുടെ മദ്ധ്യത്തിൽ നിന്നുവരുന്ന ഒരു സ്ത്രീയുടെ വികാര തീവ്രമായ ശബ്ദമാണ് സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച മലയാളത്തിലും ഇംഗ്ലീഷിലുമെഴുതുന്ന സാഹിത്യകാരൻ കാരൂർ സോമൻ ചാരുംമൂടിന്റെ ‘കാവൽ മാലാഖ’ എന്ന നോവൽ. എന്നാൽ ഇതിന്റെ അന്ത്യം ദാരുണമായ ഒരു പര്യവസാനമായി എന്തിനുമാറ്റി എന്നത് ഒരു ചോദ്യമാണ്.
ദിവസങ്ങളായി ചത്തുകിടന്ന കൺപോളകൾ ഒന്നു ചലിച്ചു. ജീവനില്ലാത്ത കൃഷ്ണമണികളിൽ ഒരനക്കം മങ്ങിയ പ്രകാശത്തിന്റെ നേർത്ത വീചികളിൽ സൈമൺ കണ്ടു. സൂസ്സൻ. രണ്ടുവർഷത്തിനുശേഷം അവൾക്കായൊരു ചിരി ചുണ്ടിന്റെ കോണിലെവിടെയോ കൊളുത്തിവലിച്ചു.’’ വിമർശനങ്ങൾ തള്ളുന്നതും കൊള്ളുന്നതും നീതിയോടും നിഷ്പക്ഷവുമാകണമെന്നില്ല. ഒരു കൃതിയെ ആഴത്തിൽ എത്തിക്കാനല്ല അവരുടെ ശ്രമം.
ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുന്ന സൂസ്സൻ ഒരു സാധാരണ കുടുംബത്തിൽ പിറന്നവളാണ്. കേരളത്തിലെ പല നേഴ്‌സുമാരുടെയും ദാമ്പത്യജീവതിത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കാണുന്ന കാഴ്ച തന്നെക്കാൾ ഉയർന്ന നിലയിലുള്ള ഒരു ഭർത്താവ്, കുടുംബം, സമ്പത്ത് ഇതവർ സ്വപ്‌നം കാണുന്നു. അവരെക്കാൾ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇത് കാലത്തിനു നേരെയുള്ള ഒരു മനസ്സിന്റെ വ്യാപാരമായി നമുക്കു കാണാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ സമ്പത്തിനോടുള്ള ആഭിമുഖ്യം. എന്നാൽ ഇന്നവർക്ക് ഭൂതകാലത്തിന്റെ മനസ്സല്ല. അവരുടെ മനസ്സ് സമ്പത്തിലേക്കല്ല മറിച്ച് വിദ്യാഭ്യാസ യോഗ്യതകൾ, വ്യക്തിത്വം മുതലായവയിലാണ്.
‘കാവൽ മാലാഖ’ എന്ന നോവലിലെ നായിക സൂസ്സൻ സ്വഭാവ വിശുദ്ധിയിൽ മാത്രമല്ല സൗന്ദര്യത്തിന്റെ ശിൽപ്പഗോപുരം കൂടിയാണ്. അവളുടെ മുഖത്ത് നോക്കിയാൽ ഉദയ സൂര്യന്റെ തേജസ്സുപോലെയാണ്. വിദ്യാസമ്പന്നനായ ഉന്നതകുലത്തിൽ പിറന്ന സൈമന് അവളെ ഇഷ്ടപ്പെടാൻ കാരണവും മറ്റൊന്നായിരുന്നില്ല. കൈയ്യിൽ ചായയുമായി വരുമ്പോൾ അവനത് പൂജാപുഷ്പമായി അനുഭവപ്പെട്ടു. സ്വഭാവശുദ്ധിയില്ലാത്തവന് സ്വഭാവശുദ്ധി വരുത്താനാണ് സമ്പന്നരായ മാതാപിതാക്കൾ ലണ്ടണിലേക്ക് സൈമനെ വിവാഹം കഴിപ്പിച്ചയച്ചത്. സൂസ്സന് കാണാൻ കഴിഞ്ഞത് നാട്ടിലെ സൈമനെയല്ല. തികച്ചും വ്യത്യസ്തനായ ഒരാളെയാണ്. അവളുടെ ശരീരത്തിനും മനസ്സിനും മങ്ങലേറ്റു.
മദ്യത്തിനടിപ്പെട്ട, വേശ്യകൾക്കൊപ്പം ജീവിച്ച സൈമൻ ലണ്ടണിലും മദ്യത്തിനടിമയാകുക മാത്രമല്ല അവളുടെ ശരീരത്തെ വേദനിപ്പിക്കകൂടി ചെയ്യുന്നു. സൈമന്റെയുള്ളിലെ കാമഭ്രാന്തൻകോശങ്ങൾ മൃഗീയമായി അവളുടെ ശരീരത്തിലേക്ക് തുന്നിചേർക്കപ്പെടുന്നു. കിടപ്പുമുറിയിൽ ലഭിക്കുന്ന സ്‌നേഹചുംബനങ്ങളൊക്കെയും മൂർച്ചയുള്ള ആയുധമായി മാറുന്നു. ഇതിനിടയിലാണ് അവർക്കൊരു ആൺകുഞ്ഞ് ജനിക്കുന്ന്. പേര് വൈസ്യ ചാർളി. അവിടെയും സൈമന്റെ ഇരട്ടമുഖം പുറത്തു കാട്ടുന്നു. അതോടെ സൂസ്സൻ പ്രതികരിച്ചു തുടങ്ങി.
കൈകളിലുള്ള ബിരുദാനന്തര സർട്ടിഫിക്കറ്റുപോലും കാശുകൊടുത്തു വാങ്ങിയതെന്ന് തിരിച്ചറിയുന്നു. നാട്ടിലേതുപോലെ ഒരു പണിയും ചെയ്യാതെ മദ്യവും സംഘടനകളും മറ്റ് സ്ത്രീകളുമായി ജീവിതം നയിക്കുന്ന സൈമനെ ജീവിതത്തിൽ നിന്ന് തുടച്ചുമാറ്റാൻ തീരുമാനിക്കുന്നു. ചാർളിയെ നോക്കണമെങ്കിൽ ജോലി രാജി വെക്കണം അല്ലെങ്കിൽ കിട്ടുന്ന ശമ്പളത്തിന്റെ പകുതി ആയമാർക്കു കൊടുക്കണം. പല ഭർത്താക്കൻമാരും കുട്ടികളെ നോക്കി വീട്ടിലിരിക്കുന്നുണ്ടെങ്കിലും സൈമന് അതിനും താൽപര്യമില്ല. തീരെ നിർവ്വാഹമില്ലാത്തതിനാൽ ചാർളിയെ സൈമനറിയാതെ നാട്ടിൽ സ്വന്തം അമ്മയെ ഏൽപിക്കുന്നു. തുടർന്ന് സൈമന്റെ പിതാവ് ഗുണ്ടകളെക്കൂട്ടി അവളുടെ വീട്ടിലെത്തുന്നു.
ഇതറിഞ്ഞ് സൂസ്സന്റെ നാട്ടിലെ ചട്ടമ്പിയായ അമ്മാവൻ വീട്ടിലെത്തി ഗുണ്ടകളെ നേരിടുന്നു. സൈമന് കുട്ടിയെ സ്വന്തമാക്കാൻ കഴിയുന്നില്ല. ഇതോടെ വിവാഹമോചനത്തിന് സൂസ്സൻ മുന്നോട്ടുവരുന്നു. ഇവിടെയാണ് സ്ത്രീത്വം ശബ്ദിച്ചു തുടങ്ങുന്നത്. അവൾ ഒരു ഈറ്റപ്പുലിയായി മാറുന്നത്. ഭർത്താവിനൊപ്പം മൗനനൊമ്പരങ്ങളും, വേദനകളും കടിച്ചമർത്തി ജീവിക്കേണ്ടവളല്ല ഭാര്യയെന്ന് അവൾ വെളിപ്പെടുത്തുന്നു. നൂറ്റാണ്ടുകളായി സ്ത്രീകൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരാണ്. അത് വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് മുന്നിൽ വിലപ്പോവില്ലെന്ന് സൂസ്സൻ തെളിയിക്കുന്നു.
ദുഷ്ട മനസ്സുള്ള പുരുഷന് സൂസ്സൻ ഒരു വെല്ലുവിളിയായി മാറുന്നു. അത് കുറ്റം ചെയ്തവരെ ശിക്ഷിക്കാത്ത നിയമവ്യവസ്ഥിതിയോടുള്ള ഒരു വെല്ലുവിളിയാണ്. വിവാഹബന്ധം വേർപ്പെടുത്തുന്ന സൂസ്സൻ സ്വതന്ത്രയാകുന്നു. ഇന്നവളുടെ മനസ്സു നിറയെ സന്തോഷമാണ്. മറ്റൊരു വിവാഹം കഴിച്ച സൈമൻ അവരുടെ കൈകളാൽ ദാരുണായി കൊല്ലപ്പെടുന്ന കാഴ്ചയാണ് ഈ നോവൽ നൽകുന്നത്. സ്വന്തം മക്കളെ നേരായ പാതയിൽ വളർത്താത്ത മാതാപിതാക്കൾക്ക് ഈ നോവൽ ഒരു മുന്നറിയിപ്പുകൂടി നൽകുന്നുണ്ട്.
മോഹങ്ങളും മോഹഭംഗങ്ങളും പ്രതീക്ഷകളും പ്രത്യാശകളും നിറഞ്ഞ കാവൽ മാലാഖയിൽ, സൂസ്സനെ സ്ത്രീകളുടെ മാത്രമല്ല സമൂഹത്തിന്റെ ഒരു മാലാഖയായിട്ടാണ് നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നത്.
പ്രസാധകർ :
സാഹിത്യപ്രവർത്തക
സഹകരണ സംഘം
നോവൽ – ‘കാവൽ മാലാഖ’
വില – 60 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: