വെഞ്ഞാറമൂട്: റെക്കോഡുകള്‍ പെയ്തിറങ്ങിയ അക്വാട്ടിക് മത്സരത്തിന് വിരാമമായി. ആതിഥേയര്‍ ആധിപത്യമുറപ്പിച്ച മത്സരത്തില്‍ ചെമ്പഴന്തി എസ്എന്‍ കോളേജ് ചാമ്പ്യന്മാരായി.എംജികോളേജിനാണ് രണ്ടാം സ്ഥാനം.
36 ഇനങ്ങളിലായി നടന്ന ജലമത്സരത്തില് 22 സ്വര്‍ണ്ണവും 10 വെള്ളിയും ഒന്‍പത് വെങ്കലവുമടക്കം 177 പോയിന്റോടെയാണ് ചെമ്പഴന്തി എസ്എന്‍ കോളേജ് ഓവറോള്‍ കിരീടം നേടിയത്. എട്ട് സ്വര്‍ണ്ണവും നാല് വെള്ളിയും 15 വെങ്കലവും നേടി 74 പോയിന്റോടെ എംജികോളേജ് രണ്ടാംസ്ഥാനത്തെത്തി. 52 പോയിന്റ് നേടിയ തൃശൂര്‍ വിമല കോളേജാണ് മൂന്നാം സ്ഥാനത്ത്.
22 സ്വര്‍ണ്ണത്തില്‍ 20 എണ്ണം മീറ്റ് റെക്കോഡുകളോടെയാണ് ചെമ്പഴന്തി എസ്എന്‍ കോളേജ് സ്വന്തമാക്കിയത്. റിലേയടക്കം ആറ് ഇനങ്ങളില്‍ വീതം സ്വര്‍ണ്ണവും മീറ്റ് റെക്കോഡും നേടിയ ആനന്ദ് എഎസും ആരതി എസും മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് റിലേകളിലും സ്വര്‍ണ്ണം നേടിയ സ്വാതി സുന്ദറും ഗ്രീഷ്മ പി യും ചെമ്പഴന്തികോളേജിന്റെ വിജയ കുതിപ്പിന് ആക്കംകൂട്ടി. നാലിനങ്ങളില്‍ സ്വര്‍ണ്ണവും രണ്ട് മീറ്റ് റെക്കോഡും രണ്ട് റിലേകളില്‍ വെങ്കലവും നേടിയ ശ്രീക്കുട്ടിയായിരുന്നു എംജി കോളേജിന്റെ തുറുപ്പുചീട്ട്.
പുരുഷവിഭാഗത്തില്‍ 91 പോയിന്റോടെ എസ് എന്‍ കോളേജ് ചാമ്പ്യന്മാരായപ്പോള് 48 പോയിന്റോടെ തൃശൂര്‍ സെന്റ് തോമസും 43 പോയിന്റോടെ എംജി കോളേജും രണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തി. വനിതാവിഭാഗത്തില്‍ 86 പോയിന്റോടെ ചെമ്പഴന്തി എസ്എന്‍കോളേജ് തന്നെ ചാമ്പ്യന്മാരായി. 52 പോയിന്റോടെ വിമല കോളേജ് രണ്ടാം സ്ഥാനവും 31 പോയിന്റോടെ എംജികോളേജ് മൂന്നാം സ്ഥാനവും നേടി.
ആറ് സ്വര്‍ണ്ണം നേടിയ ചെമ്പഴന്തി കോളേജിലെ ആനന്ദ് എ.എസ് പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ താരമായപ്പോള്‍ വനിതാവിഭാഗത്തില്‍ ചെമ്പഴന്തികോളേജിലെ ആരതിയും എംജികോളേജിലെ ശ്രീക്കുട്ടിയും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ താരങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: