പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റെയില്‍പ്പാതയില്‍ വീണ്ടും തിവണ്ടിയുടെ ചൂളം വിളിയുയര്‍ന്നു. ബ്രോഡ് ഗേജാക്കി മാറ്റിയ റെയില്‍വേ ലൈനിലൂടെയുള്ള വേഗത പരിശോധന ഓട്ടം ഇന്നലെ നടന്നു. രാവിലെ പത്തുമണിയോടെ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തുടങ്ങിയ വേഗത പരിശോധന പൊള്ളാച്ചി ജംഗ്ഷന് സ്റ്റേഷന് വരെയായിരുന്നു. പുതുനഗരം, വടകന്നികാപുരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ് എന്നീ സ്റ്റേഷനുകള്‍ പിന്നിട്ട് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന് വരെ തിരിച്ചും ട്രെയിന്‍ ഓടി. പരിശോധന വിജയകരമായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു.
സ്റ്റേഷനുകളില്‍ 20 കിലോമീറ്റര്‍ വേഗതയിലും ലെവല്‍ ക്രോസുകളില്‍ 40കിലോമീറ്റര്‍ വേഗതയിലും പിന്നീട് 60 മുതല്‍ നൂറ് കിലോമീറ്റര്‍ വേഗതയിലുമാണ് എന്‍ഞ്ചിനും ഒരു കമ്പാര്‍ട്ട്മെന്റും ഘടിപ്പിച്ച വേഗത പരിശോധന. ആളില്ലാത്ത ലെവല്‍ ക്രോസ്സുകളില്‍ ട്രയിന്‍ കടന്നു പോകുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥരെ സുരക്ഷാ വിഭാഗം നിര്‍ത്തിയിരുന്നു. കൂടാതെ തലേ ദിവസം തന്നെ നാട്ടുകര്ക്കും നിര്‍ദ്ദേശം കൊടുത്തിരുന്നു.’
പത്തേമുക്കാലിന് കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനിനെ വരവേല്‍ക്കാനായി പാസഞ്ചര്‍ അസോസിയേഷന് ഭാരവാഹികളുള്‍പ്പെടെ നൂറു കണക്കിന് നാട്ടുകാരും സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ എത്തിയിരുന്നു.
അസ്സി.ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ.മേനോന്, സീനിയര്‍ ഡിവിഷന് സേഫ്റ്റി എന്‍ജിനീയര്‍ മുരളീധരന്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നിര്‍മ്മാണ വിഭാഗം രാമകൃഷ്ണന്, ഡിവിഷണല്‍ ഓപ്പറേഷന് വിഭാഗം മാനേജര്‍ ശെല്വന്, സീനിയര്‍ മെക്കാനിക്കല്‍ വിഭാഗം വേണുഗോപാല്‍, സീനിയര്‍ ഡെപ്യൂട്ടി സെക്യൂരിറ്റി കമ്മീഷണര്‍ രാമദാസന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വേഗത പരീക്ഷണം നടത്തിയത്.
ഈ പാതയില്‍ 2008 ഡിസംബര്‍ 10നു നിര്‍ത്തിയ ട്രെയിന്‍ സര്‍വീസ് അടുത്തമാസം പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായിരുന്നു പരീക്ഷണ ഓട്ടം. ഇനി കേന്ദ്ര വ്യോമയാന വകുപ്പിന്റെ കീഴിലുള്ള സുരക്ഷാ കമ്മിഷണര്‍ ലൈനുകളുടെ സുരക്ഷ പരിശോധിക്കണം. ദക്ഷിണ റയില്‍വേയുടെ കീഴില്‍ വരുന്ന ലൈനുകളുടെ സുരക്ഷാ പരിശോധന വ്യോമയാന വകുപ്പ് ബംഗളൂരു ഓഫിസില്‍ നിന്നുള്ള കമ്മിഷണര്‍ ഇമാസം അവസാനം നടത്തുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: