Categories: Special Article

കുട്ടികളെ, നമുക്കൊരു തൈ നടാം

Published by

കാലാവസ്ഥാവ്യതിയാനമാണ് ഇന്ന് നാം നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്ന്. പ്രകൃതിയില്‍ നിന്നും അകന്നുപോയി , പ്രകൃതിയെത്തന്നെ വെല്ലുവിളിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഈ അവസ്ഥയ്‌ക്കൊരു മാറ്റം ഇന്ന് അനിവാര്യമാണ്. വളര്‍ന്നുവരുന്ന കുട്ടികളെ പ്രകൃതിയോട് കൂടുതല്‍ അടുപ്പിക്കേണ്ടിയിരിക്കുന്നു. കാരണം, കുട്ടികളും യുവാക്കളുമാണ് ഭാവിയുടെ വിത്തുകളേറി നടക്കുന്നത്.  കുട്ടികളെയും യുവാക്കളെയും പ്രകൃതിയോട് കൂടുതല്‍ അടുപ്പിച്ച് അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കാണ് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്. വിദ്യാലയങ്ങളില്‍ നഴ്‌സറികള്‍ സ്ഥാപിച്ച് ചെടി നടല്‍, തൈ വളര്‍ത്തല്‍ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക വഴി അവരെ പ്രകൃതിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌കൂള്‍ നഴ്‌സറി യോജന  പദ്ധതി അത്തരത്തിലുള്ളതാണ്.

പ്രകൃതിയെ അറിയാം, കുട്ടികള്‍ക്കും

പദ്ധതി പ്രകാരം ആറു മുതല്‍ പതിനൊന്ന് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ബയോളജി ക്ലാസുകളിലെ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായും മറ്റ് കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായും  സ്‌കൂള്‍ നഴ്‌സറികളില്‍ വിത്ത് വിതയ്‌ക്കുകയും തൈകള്‍ വളര്‍ത്തുകയും ചെയ്യുന്ന വിധത്തിലുള്ളതാണ് ഈ പദ്ധതി. അക്കാദമിക വര്‍ഷത്തിന്റെ അവസാനം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അക്കാദമിക റിപ്പോര്‍ട്ട് കാര്‍ഡിനൊപ്പം ഈ തൈകളും വീട്ടിലേക്ക് കൊണ്ടു പോയി വീടുകളിലോ ചുറ്റുപാടുകളിലോ വളര്‍ത്താം.

സുസ്ഥിര ഭാവിക്കായി ഒരു തൈ നട്ട് രാജ്യത്തെ വൃത്തിയുള്ളതും ഹരിതാഭവുമാക്കുകയെന്ന ആശയമാണ് ഈ  പദ്ധതിയിലൂടെ നാമ്പിട്ടിരിക്കുന്നത്. ഇതിനോടകംതന്നെ  1000 സ്‌കൂളുകളില്‍ യോജന ആരംഭിച്ചു കഴിഞ്ഞു.

വിദ്യാലയങ്ങളില്‍ ചെയ്യേണ്ടത്

ഓരോ വിദ്യാലയവും തൈകള്‍ നടുന്നതിന് ഒരു ചെറിയ നഴ്‌സറിക്കുള്ള സ്ഥലം മാറ്റിവയ്‌ക്കണം. വിത്തുപാകി വളമിട്ട് തൈകള്‍ വളര്‍ത്തുകയും, വളര്‍ത്തിയ തൈകള്‍ വീട്ടില്‍ കൊണ്ടു പോവുകയും ചെയ്യുന്നത് കുട്ടികളെ പ്രകൃതിയോടൊപ്പം ജീവിക്കാനും തങ്ങളുടെ അനുഭവങ്ങളിലൂടെ പ്രകൃതിയെ സ്‌നേഹിക്കാനും സഹായിക്കും. അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ ഒരു നഴ്‌സറി ഒരുക്കുന്നതിന് ഓരോ സ്‌കൂളിനും 25,000 രൂപയുടെ സാമ്പത്തിക സഹായം പദ്ധതി പ്രകാരം ലഭിക്കും.

ഔഷധ ചെടികളുള്‍പ്പെടെ വിവിധ തരം തൈകള്‍ നഴ്‌സറി സ്‌കൂള്‍ യോജനയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. വേപ്പ്, ഞാവല്‍, നെല്ലിക്ക, താന്നി, കണിക്കൊന്ന, ബിഗോണിയ തുടങ്ങിയവയുടെ തൈകളും ഔഷധ ച്ചെടികളായ തുളസി, ഇഞ്ചിപ്പുല്ല്, അമൃതവള്ളി, അശ്വഗന്ധ, മഞ്ഞള്‍, ഏലം തുടങ്ങിയവയാണ്  പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.

പ്രകൃതിയെക്കുറിച്ച് പഠിക്കാനും മണ്ണിലേക്കിറങ്ങാനും വിദ്യാര്‍ഥികള്‍ക്ക് ഒരവസരം നല്‍കുക, വിദ്യാര്‍ഥികളില്‍ ഒരു ജൈവബന്ധവും പരിസ്ഥിതിയോട് അനുകൂല മനോഭാവവും വളര്‍ത്തിയെടുക്കുക, സ്‌കൂളുകളും പരിസരങ്ങളും ഹരിതാഭമാക്കുക, വീടുകളിലും ചുറ്റുപാടുകളിലും ചെടികള്‍ നടുന്നതിന് തൈകള്‍ വിതരണം ചെയ്യാന്‍ സ്‌കൂളുകളെ സജ്ജമാക്കുക, യുവഹരിത പോരാളികളുടെ ഒരു നിരയെ വാര്‍ത്തെടുക്കുക തുടങ്ങിയവയും പദ്ധതിയുടെ വിശാല ലക്ഷ്യങ്ങളിലുള്‍പ്പെടും.

ഒരു സ്‌കൂള്‍ നഴ്‌സറിക്ക് വിത്തുകള്‍ വളര്‍ത്താനുള്ള തട്ടൊരുക്കാനും മണ്ണൊരുക്കി വളമിടാനും ചെടിച്ചട്ടികള്‍ നിറയ്‌ക്കാനും വിത്തുകള്‍ സൂക്ഷിക്കാനുമെല്ലാമായി കുറഞ്ഞത് 100 ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യമുണ്ട്. ഓരോ സ്‌കൂള്‍ നഴ്‌സറിയും പ്രതിവര്‍ഷം 1000 തൈകള്‍ വളര്‍ത്തിയാല്‍ത്തന്നെ അത് പ്രകൃതിക്കൊരു വരമായി. തുടക്കത്തില്‍ 1000 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക.

അടുത്ത വര്‍ഷം ഇത് 5000 സ്‌കൂളുകളിലേക്കും തുടര്‍ന്ന് 10000 സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സ്‌കൂളുകളില്‍ ഇക്കോക്ലബുകള്‍ ഉണ്ടാകുന്നതും അഭികാമ്യമാണ്. ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കെങ്കിലും നഴ്‌സറികള്‍ പരിപാലിക്കാന്‍ സാധിക്കണം. ഈ പദ്ധതി പ്രകാരം ഓരോ സംസ്ഥാനത്തേയും വനം വകുപ്പായിരിക്കും പദ്ധതിയ്‌ക്കുവേണ്ട മാര്‍ഗ നിര്‍ദ്ദേശവും സാങ്കേതിക സഹായവും നല്‍കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts