മലപ്പുറം: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ തുടങ്ങും 10ന് കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷത വഹിക്കും. മുതിര്‍ന്ന പ്രസ് ഉടമകളെ മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ ആദരിക്കും. ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഇ.കെ.ചെറി ഉപഹാരം നല്കും. തുടര്‍ന്ന് പ്രസുടമകള്‍ എടുക്കേണ്ട ലൈസന്‍സ് എന്ന വിഷയത്തില്‍ പഠന ക്ലാസുണ്ടാവും. രണ്ടുമണിക്ക് പ്രതിനിധി സമ്മേളനവും തുടര്‍ന്ന് ഭാരവാഹി തെരഞ്ഞെടുപ്പും കലാപരിപാടികളുമുണ്ടാവും. പ്രിന്റിംഗ് ചെലവിനു നല്കുന്ന ബില്ലില്‍ ഗവണ്‍മെന്റ് അംഗീകൃത പ്രസുകളുടെ ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കുക, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ അച്ചടി ജോലികള്‍ അതത് ജില്ലയിലെ പ്രസുകള്‍ക്ക് നല്കുക, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് ചെറുകിട പ്രസുകളെ ഒഴിവാക്കുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് കെ സുധാകരന്‍, ജനറല്‍ സെക്രട്ടറി അനീസ് ചുണ്ടയില്‍, സെക്രട്ടറി ഫൈസല്‍ ഇമ്പീരിയല്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എന്‍ കെ സദറുദ്ദീന്‍, അജീര്‍ഷാ ലിപി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: