കോഴിക്കോട്: ജില്ലയില്‍ പട്ടികവര്‍ഗ്ഗക്കാരായ കരിമ്പാലന്‍ സമുദായക്കാര്‍ കൂട്ടമായി കോളനി അടിസ്ഥാനത്തില്‍ താമസിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പട്ടികവര്‍ഗ്ഗ ഉപ പദ്ധതി പ്രകാരമുള്ള ടിഎസ്പി ഫണ്ട് അനുവദിക്കാത്തതിനാല്‍ അടിസ്ഥാനവികസന പ്രവൃത്തികള്‍ നടത്താനാകുന്നില്ലെന്ന് കരിമ്പാലന്‍ സമുദായ ക്ഷേമ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ടിഎസ് പി ഫണ്ട് അനുവദിച്ച് നല്‍കാത്തത് കാരണം കോളനികളില്‍ അടിസ്ഥാന വികസനങ്ങള്‍ ഒന്നുംതന്നെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഊരുകൂട്ടം വിളിച്ച് ചേര്‍ത്ത് നടപ്പിലാക്കാന്‍ സാധിക്കുന്നില്ല.
2013-14 വര്‍ഷം മുതല്‍ ഫണ്ട് ലഭിക്കാതായപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നെങ്കിലും നാളിതുവരെ പ്രസ്തുത ഫണ്ട് അനുവദിച്ച് ഉത്തരവായിട്ടില്ല. 2003 ല്‍ കരിമ്പാലന്‍ സമുദായം പട്ടികജാതിയില്‍ നിന്ന് പട്ടികവര്ഗ്ഗത്തിലേക്ക് മാറ്റപ്പെട്ടവരാണെങ്കിലും 2003 മുതല്‍ 2012-13 വര്‍ഷം വരെ ടിഎസ്പി ഫണ്ട് പഞ്ചായത്തുകള്‍ക്ക് ലഭിച്ചിരുന്നു.
അതിന് ശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ ഫണ്ട് വിതരണത്തില്‍ അട്ടിമറി നടന്നത്.
ട്രൈബല്‍ സബ് പ്ലാന്‍ പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന ഫണ്ട് കൊണ്ടാണ് പട്ടികവര്‍ഗ്ഗ കോളനികളില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനം നടപ്പാക്കുന്നത്. ഇപ്പോള്‍ ഇത് തീര്‍ത്തും സ്തംഭിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. പട്ടിക വര്‍ഗ്ഗക്കാരുടെ ഒരു ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതിതള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
ഇപ്പോഴും ബാങ്കുകളില്‍ നിന്ന് ജപ്തിനോട്ടീസും ഭീഷണിയും നേരിട്ടുകൊണ്ടിരിക്കുകയാണ്. പത്താം ക്ലാസ് പാസ്സായ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട കോഴ്സില്‍ താമസിച്ച് പഠിക്കുന്നതിന് അവസരം ഒരുക്കുന്നതിന് വേണ്ടി ജില്ലാ ആസ്ഥാനങ്ങളില്‍ ഹോസ്റ്റല്‍ തുടങ്ങണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കരിമ്പാലന്‍ സമുദായ ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് ടി.എന്‍ ഗോപാലന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ഗോപാലന്, ടി ശ്രീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി, പി.സി.സുരേഷ് ഒ.പി. ഇന്ദിര, ഖജാന്‍ജി സി. രാജന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: