വേലിയേലിരിക്കുന്ന തത്തമ്മയെ…
റിട്ടയേര്‍ഡ് അധ്യാപകനായ കേശവപിള്ളസാര്‍ പുരാണ പണ്ഡിതന് കൂടിയായിരുന്നു. ഒരിക്കല്‍ യുക്തിവാദവും ഇസവും ഒരുപോലെ തലയ്ക്കുപിടിച്ച പഴയ ഒരു ശിഷ്യന് എവിടുന്നോ കിട്ടിയ അറിവിന്റെ അറ്റവും മൂലയും വച്ച് കേശവപിള്ള സാറിനെ ഒന്നിരുത്താന്‍ വേണ്ടി ചോദിച്ചു.
വെല്ലവും പാല്ക്കുഴമ്പും പഞ്ചസാരയും തേനും
വെള്ളിത്താലത്തിലുണ്ടുവച്ചിരിക്കുന്നു ബാലേ;
എല്ലാമേ ഭുജിച്ചു നിന്മാനസം തെളിഞ്ഞുടന്‍
നല്ല സത്ക്കഥപറഞ്ഞീടണം കിളിപ്പെണ്ണേ!…”അല്ല സാറെ, ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ, എന്ന് നമ്മളെ ഉപദേശിച്ച തുഞ്ചന്റെ ശാരികപ്പൈതല്‍ തിന്നുന്നതോ? തേനും പാലും പഞ്ചസാരയും പോലുള്ള വിശിഷ്ട വസ്തുക്കളും. ഇത് എവിടുത്തെ ന്യായമാണ് സാറെ?”
”ഉള്ളവന്റെ എടുത്ത് ഇല്ലാത്തവന് കൊടുക്കണമെന്ന് വാദിക്കുന്ന നീയൊക്കെ പാവം തത്തമ്മയുടെ ഒരുമുറി പഴത്തിലും കൈയിടാന്‍ തുടങ്ങിയോ, ഓമനക്കുട്ടാ…”വായിലെ മുറുക്കാന്‍ തുപ്പല് കളഞ്ഞിട്ട് കേശവപിള്ള സാര്‍ ചോദിച്ചു. ”അധ്യാത്മരാമായണം ചൊല്ലിത്തീര്‍ന്ന് ഉത്തരരാമായണം മൂന്നാം അധ്യായം ആരംഭിക്കുമ്പോഴാണ് നീ പറഞ്ഞ വിശിഷ്ടവസ്തുക്കള് തത്തമ്മയ്ക്ക് തിന്നാന്‍ കൊടുക്കുന്നത്. ഒരു തുള്ളി വെള്ളമെങ്കിലും കുടിക്കാതെ അതിന്റെ പകുതിപോലും ചൊല്ലാന്‍ നിനക്ക് പറ്റുമോ? അല്ലെങ്കില്‍ത്തന്നെ ആ പാവം ജീവിയുടെ കുഞ്ഞുവയറ്റില്‍ ഒരു നുള്ള് പഞ്ചസാരയും രണ്ടുതുള്ളി പാലും തേനുമല്ലേ ചെല്ലൂ!. ചുമ്മാതല്ല നീ ഏഴു പ്രാവശ്യം എഴുതിയിട്ടും പത്താം ക്ലാസ് പാസാകാത്തത് ”്.
വിളറി നില്ക്കുന്ന ശിഷ്യനെ നോക്കി കേശവപിള്ള സാര്‍ ഇത്രയും കൂടി പറഞ്ഞു.
”ഏതായാലും നിന്നെ കണ്ടതുനന്നായി. എനിയ്ക്കിപ്പം ഇന്‍ഷ്വറന്‍സിന്റെ പരിപാടിയുമുണ്ട്. അതുകൊണ്ട് ഒരു പോളിസി എടുത്തിട്ട് പോയാല്‍ മതി.”
രണ്ടുണ്ട്, അധ്യാത്മരാമായണം
അധ്യാത്മരാമായണം, സുന്ദരകാണ്ഡത്തിലെത്തുമ്പോള് പരിചയ സമ്പന്നരായവര്ക്കുപോലും നാക്കുളുക്കുക പതിവാണ്. ഒരു സ്ഥലത്ത് നീലാണ്ടനാശാന് എന്ന സീനിയര്‍ വായനക്കാരനോടൊപ്പം പാരായണത്തിനുണ്ടായിരുന്നത് ആയിടെ മാത്രം വായിച്ചുതുടങ്ങിയ ഒരു സ്ത്രീരത്നമായിരുന്നു. സമുദ്രലംഘനത്തിലെ അതിവിപുലഗളതലവും മാര്ഗ്ഗതടസ്സത്തിലെ വായിക്കാന്‍ പ്രയാസമുള്ള ഭാഗങ്ങലും ആ സ്ത്രീ ലേശവും തപ്പിത്തടയാതെ ഈസിയായി വായിച്ചുവിടുന്നതു കണ്ടപ്പോള്‍ നീലാണ്ടനാശാന് കുശുമ്പ് മൂത്തു. രാവണന്റെ പുറപ്പാട് വായിക്കാനുള്ള തന്റെ ഊഴം വന്നപ്പോള്‍ ആശാന് ‘നിശ്ചിതു നിര്‍ഗ്ഗമിച്ചീടിനാന്‍ രാവണന്’ എന്നുതുടങ്ങുന്ന വരികള്‍ക്കുപകരം ഇങ്ങനെ തട്ടിവിട്ടു:
അക്കാലങ്ങളിലതിഭൂജവിക്രമ
ധിക്കൃത ശക്രപരാക്രമാനാകിയ
നക്തന്‍ചരപതി രാവണനെന്നൊരു
ശക്തന്‍വന്നുപിറന്നുധരായാം.
അമ്പരന്നുപോയ സ്ത്രീ അത്ഭുതത്തോടെ ചോദിച്ചു; ഇപ്പം ചൊല്ലിയ ഭാഗം എന്റെ കൈയിലെ അധ്യാത്മരാമായണത്തില്ലല്ലോ, ആശാനേ?
ഓ ഉണ്ടാവില്ല, നിങ്ങളുടേത് പുതിയ അധ്യാത്മരാമായണമല്ലേ… എന്റേത് പഴയ അധ്യാത്മരാമായണമാണ്. ആശാന്റെ മറുപടികേട്ട് കണ്ണുതള്ളിയ പാവം സ്ത്രീ അറിഞ്ഞില്ല, കുഞ്ചന്റെ തുള്ളല്‍പ്പാട്ടിലെ രാവണവര്ണ്ണന ആശാന് മിക്സ് ചെയ്തുകയറ്റിയതാണെന്ന്.
ആചാര്യനും രക്ഷയില്ല
ഇതിലും മുഖ്യകഥാപാത്രം നീലാണ്ടനാശാന്തന്നെ. ഒരിടത്തൊരു ക്ഷേത്രത്തില്‍വച്ച് ആശാനും ദേവസ്വം മാനേജരും തമ്മില്‍ ചെറുതായൊന്നു ഉടക്കി. വൈകുന്നേരം വായന കഴിഞ്ഞ് നീലാണ്ടനാശാന് കവലയിലെ ഹോട്ടലില്‍ ചെല്ലുമ്പോള്‍ പൊറോട്ടയും ഇറച്ചിയും ആസ്വദിച്ചുകഴിച്ചുകൊണ്ട് മാനേജര്‍ അവിടെയിരിപ്പുണ്ട്. കടുപ്പത്തിലൊരു ചായ ഓര്‍ഡര്‍ ചെയ്തശേഷം മേശയില്‍ താളം പിടിച്ചുകൊണ്ട് ആശാന് തെല്ലുറക്കെ മൂളി.
ശൂരനായീടും നീയിന്നവരെക്കൊലചെയ്തു
ചോര നല്‍കുക ദാഹം തീരുമാറെനിക്കിപ്പോള്‍.
പച്ചമാംസവും തിന്നു രക്തവും പാനംചെയ്കി
ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും.’
ആശാന്റെ ‘ശൂര്‍പ്പണഖാഗമനം’ ഹോട്ടലില്‍ ചിരിപടര്‍ത്തിയപ്പോള്‍ കുപിതനായ ദേവസ്വം മാനേജര്‍ വായനയ്ക്കും ദക്ഷിണയ്ക്കും വഴിയില്ലാത്ത പാവങ്ങള്‍ പച്ചയിറച്ചിയെങ്കിലും തിന്നട്ടെന്റെ നീലാണ്ടസോമയാജിപ്പാടേ… എന്നുതിരിച്ചടിച്ച് സ്ഥലം വിട്ടു. നീലാണ്ടനാശാന്റെ വികടത്വം മൂലം എഴുത്തച്ഛന്റെ ഗുരുവായ നീലകണ്ഠസോമയാജിക്കുവരെ പഴികേള്‍ക്കേണ്ടി വന്നു. ശാന്തം, പാവം!
ഗോപാല സ്വാമിക്കഥകള്‍
അധ്യാത്മവൃത്തിയുടേയും ഗൃഹസ്ഥാശ്രമത്തിന്റേയും വൃഥകള്‍ വെടിഞ്ഞ് സന്യാസത്തിന്റെ തേജസ്സിനെകൈക്കൊണ്ട ആളായിരുന്നു ഗോപാലസ്വാമി. പിന്നിട്ടുപോന്ന ഗൃഹാന്തരീക്ഷത്തിന്റെ മണഗുണങ്ങള് ഇനിയും ശേഷിച്ചിരുന്നതിനാല്‍ സന്യാസിമാര്‍ക്കിടയിലെ ഉരുളയ്ക്കുപ്പേരിക്കാരനായിരുന്ന അദ്ദേഹത്തിന്റെ ചില നേരമ്പോക്കുകളാവട്ടെ അടുത്തത്.
പഴുതാര മതി
ഒരിക്കല്‍ പരിഷ്കാരിയായ ഒരു മധ്യവയസ്ക ഗോപാലസ്വാമിയോട് അഭ്യര്‍ത്ഥിച്ചു. പൊന്നു സ്വാമി, എന്റെ മകന് വാറ്റുചാരായത്തോടുള്ള കമ്പം എങ്ങനെയെങ്കിലും ഒന്നു മാറ്റിത്തരണേ
‘വിഷമിക്കേണ്ട! പതിവായി കുറേനാള്‍ പഞ്ചഗവ്യം സേവിച്ചാല്‍ മതി’. സ്വാമി ഉപദേശിച്ചു.
‘പഞ്ചഗവ്യമോ…? അതെന്താണ്?’ അവര്‍ക്ക് സംശയമായി.
‘പശുവിന്റെ പാല്, നെയ്യ്, തൈര്, മൂത്രം, ചാണകം ഇവചേര്‍ത്തു തയ്യാറാക്കുന്നതാണ് പഞ്ചഗവ്യം’. സ്വാമി വിശദീകരിച്ചതും അവര്‍ ഓക്കാനിച്ചു. ‘അയ്യേ ചാണകമോ?’.
ഗോപാലസ്വാമിയുടേയും മട്ട് മാറി. ങും! കണ്ട അട്ടയും ഒച്ചും പഴുതാരയും ഇട്ട് വാറ്റിയുണ്ടാക്കുന്ന പരാമര് മകന് മോന്തുന്നതിന് കുഴപ്പമില്ല. പവിത്രമായ ഗോമയത്തിനോട് ഓക്കാനവും.
ടണ്‍ കണക്കിന് പുകകിട്ടും
ബസില്‍ ഒരുവന്റെ പുകവലി അസഹനീയമായപ്പോള്‍ ഗോപാലസ്വാമി അയാളെ ഗുണദോഷിച്ചു.
‘പുകവലിക്കാന്‍ തോന്നുമ്പോള്‍ പകരം ഒരു കുരുമുളക് ചവച്ചാല്‍ മതി;. ഈ ദുശ്ശീലം മാറിക്കോളും’.
‘പക്ഷേ കുരുമുളക് ചവച്ചാല്‍ പുകവരില്ലല്ലോ ,സ്വാമി’.
ആള്‍ക്കാരെ കേള്‍പ്പിക്കാന്‍ അയാള്‍ ഒരു തമാശപൊട്ടിച്ചു.
‘എങ്കില്‍ അഞ്ചെട്ട് കുരുമുളക് ഒന്നിച്ചു ചവച്ചാല്‍ മതി. നവദ്വാരങ്ങളില്‍ നിന്നും പുക വന്നോളം’. സ്വാമിയുടെ മറുപടികേട്ട് ചുണ്ടിലെ ചൂട്ടുകറ്റ വലിച്ചെറിഞ്ഞ് അയാള്‍ ഇളിഭ്യതയോടെ കുനിഞ്ഞിരുന്നു.
പണിയില്ലാഞ്ഞാല്‍
സപ്താഹവേദിയില്‍ ഉച്ചയ്ക്ക് അരമണിക്കൂര്‍ ഗോപാലസ്വാമിയുടെ പ്രഭാഷണമാണ്. പഞ്ചകന്യകമാരില്പ്പെട്ട താരയുടെ ബാലി-സുഗ്രീവ ബന്ധത്തെക്കുറിച്ച് സംസാരിക്കവേ സ്വാമി ലേശം കാടുകയറി. പ്രഭാഷണശേഷം ഊണിനായി അന്നദാനപ്പന്തലിലേക്ക് നടക്കുമ്പോള്‍ പിന്നാലെ കൂടിയ ഒരു ചെറുപ്പക്കാരന് സ്വാമിയോട് ചോദിച്ചു. ‘ദുര്‍നടപ്പുകാരായ സ്ത്രീകളെ പുംഞ്ചലി, കുലട, വേശ്യ എന്നൊക്കെ പുച്ഛിച്ചുവിളിക്കാറുണ്ടല്ലോ?. പക്ഷേ പുരുഷന്മാരെയെന്താ സ്വാമി പുംഞ്ചലന്, കുലടന്‍, വേശ്യന്‍ എന്നൊന്നും വിളിക്കാത്തത്’.
‘അതിനുപകരമായി ആണുങ്ങളെ വഷളന്‍, ആഭാസന് എന്നൊക്കെ വിളിക്കാറില്ലെ?. അതുപോരെ?’. സ്വാമി ചോദിച്ചു.
‘എങ്കില്‍ സ്ത്രീകളെയെന്താ ആഭാസി, വഷളി എന്നൊക്കെ വിളിക്കാത്തത്’. ചെറുപ്പക്കാരന് വിടില്ലെന്ന മട്ടായപ്പോള്‍ ഗോപാലസ്വാമി തിരിച്ചു ചോദിച്ചു. ‘എന്തുചെയ്യുന്നു’.
‘ജോലിയൊന്നും ഇല്ല സ്വാമി. വെറുതെ നടക്കുന്നു’.
‘ഓ അങ്ങനെ ചുമ്മാ നടക്കുന്നതുകൊണ്ടാ കണ്ട തോന്ന്യാസിപ്പെണ്ണുങ്ങളുടെ വിശേഷങ്ങളും പര്യായങ്ങളും ഒക്കെ തിരക്കാന്‍ തോന്നുന്നത്. ചെന്ന്, ആ ദേഹണ്ണക്കാരെ സഹായിക്ക്. അങ്ങനെയെങ്കിലും അല്പം മോക്ഷം കിട്ടട്ടെ’! സ്വാമി വിദഗ്ധമായി ആ ചുറ്റിയ പാമ്പിനെ ഒഴിവാക്കി.
പേരിനും വേണം ആനന്ദം
കാത്തിരിപ്പുകേന്ദ്രത്തിലെ മുഷിച്ചിലിനിടയില്‍ ഗോപാലസ്വാമിയുടെ കൈവശമിരുന്ന ആധ്യാത്മിക മാസിക വാങ്ങി ഒരുവന് വായന തുടങ്ങി. കുറേക്കഴിഞ്ഞ് അയാള്‍ ചോദിച്ചു.
അഷ്ടാനന്ദങ്ങളില് ഒന്നായ വിഷയാനന്ദത്തിന് ഋഷീശ്വരന്മാര്പോലും വശംവദരായിരുന്നെന്ന് ഇതില്‍ പറയുന്നുണ്ടല്ലോ സ്വാമി?. അപ്പോള്‍പ്പിന്നെ സാധാരണക്കാര്‍ അത് ആസ്വദിക്കുന്നതില്‍ തെറ്റുണ്ടോ?
ഒരു തെറ്റുമില്ല. ആട്ടെ, താങ്കളുടെ പേരെന്താണ്. സ്വാമി ചോദിച്ചു.
വിജയാനന്ദ്
എങ്കില്‍ പേര് വിഷയാനന്ദ് എന്നുകൂടി മാറ്റിക്കോളു… അപ്പോള്‍ മൊത്തത്തിലൊരു ചേര്‍ച്ചയുണ്ടാകും. സ്വാമിയുടെ മറുപടികേട്ട് അയാള്‍ മുഖംവക്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: