അങ്ങനെ ഒരോണം കൂടി നമ്മെ പിരിഞ്ഞുപോയി. ഓരോ വര്‍ഷവും പ്രതീക്ഷാഭരിതമായ സ്വപ്നങ്ങളുമായി പടികടന്നുവരുന്ന ഓണത്തെ പലതരത്തിലാണ് നാം സ്വാഗതം ചെയ്യാറ്. ന്യൂജന്‍ മാധ്യമങ്ങള്‍ അതിന്റെ ഊഞ്ഞാലാട്ടം പതിന്മടങ്ങ് വര്‍ധിപ്പിച്ചപ്പോള്‍ ഓണത്തിന് വല്ലാത്തൊരു അനുഭൂതി വന്നിട്ടുണ്ട്. ഓരോകൊല്ലവും ഓരോതരത്തില്‍ ഓണം ആഘോഷിക്കുമ്പോള്‍ അതിന്റെ ആന്തരിക ചോതനക്ക് ഒരു ഭംഗവും വരുന്നില്ലെന്ന ആശ്ചര്യം അങ്ങനെ തന്നെ നില്ക്കുന്നു. എന്നാല്‍ ഓണത്തിന്റെ തനിമയെ ചിലര്‍ മറന്നു പോവുന്നു എന്ന് പ്രശസ്ത കവി ആലങ്കോട് ലീലാ കൃഷ്ണന് പരിതപിക്കുന്നത് കാണാതെ പോകരുത്. കോഴിക്കോട്ട് ഒരുപുസ്തക പ്രകാശന ചടങ്ങിലായിരുന്നു ആലങ്കോടിന്റെ പ്രതികരണമുണ്ടായത്.
ഓണക്കാലത്ത് വരുമാന വര്‍ധനകൂടി ലക്ഷ്യമിട്ട് മാധ്യമസ്ഥാപനങ്ങള്‍ ഓണപ്പതിപ്പുകള്‍ പുറത്തിറക്കാറുണ്ട്. പരസ്യങ്ങളുടെ ദ്രുതതാളത്തോടൊപ്പം ഓണസന്ദേശം ഉള്‍ക്കൊള്ളുന്ന സൃഷ്ടികളുടെ സമ്മോഹനമായ കാല്‍പ്പെരുമാറ്റം അതിന്റെ സ്വയാര്‍ജിത സൗന്ദര്യത്തോടെ ഉണ്ടാവാറുണ്ട്. അതില്‍ ഓണപ്പാട്ടുകളുടെ സ്ഥാനം വളരെ മുകളിലാണ്. ഓണപ്പാട്ട് ഇന്ന് കവിതയാവുന്നു എന്നത് വേറെ കാര്യം. എന്നാല്‍ ഇത്തവണ ഓണപ്പതിപ്പ് രണ്ടു ഭാഗങ്ങളില്‍ ഇറക്കിയ ഒരു സ്ഥാപനം കവിതയെ പടിയടച്ച് പിണ്ഡം വെച്ചു. കവിതയില്ലാതെ എന്തോണം എന്നാണ് ആലങ്കോട് സദസ്സിനോട് ചോദിച്ചത്. ഒരു കവി തെരഞ്ഞെടുത്ത കുറേ കഥകളുടെ ഊഷരഭൂമിയായി മാറി പ്രമുഖ സ്ഥാപനത്തിന്റെ ഓണപ്പതിപ്പ്. വംഗദേശത്തെ പ്രശസ്തയായ എഴുത്തുകാരിയുടെ ഒരു നീണ്ട കഥയുണ്ട് എന്നതൊഴിച്ചാല്‍ പരസ്യക്കാര്‍ക്ക് ഓണപ്പേജുകള്‍ പകുത്തുനല്കി അണിയറക്കാര്‍ ഏമ്പക്കം വിട്ടു.
പ്രസ്തുത പത്രത്തിന്റെ പൂര്‍വകാല ഓണപ്പതിപ്പ് കണ്ട് അതിനെക്കുറിച്ച് അതിസുന്ദരമായ ഒരു ദീര്‍ഘ കവിത വൈലോപ്പിള്ളി എഴുതിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ ആലങ്കോട് ചോദിക്കാതെ ചോദിച്ച ചോദ്യങ്ങള്‍ അനവധിയാണ്. മനസ്സില്‍ നിന്ന് കനിവും കണ്ണീരും പോയാല്‍ ശേഷിക്കുന്നത് ക്രൗര്യവും ധാര്‍ഷ്ട്യവും അതിന്റെ സില്ബന്തികളുമായിരിക്കും. അത്തരക്കാര്‍ ഓണത്തിന്റെ പേരില്‍ പതിപ്പ് ഇറക്കുമ്പോള്‍ അതിലെങ്ങനെ കവിതയുണ്ടാവും. കവിതയും കച്ചവടവും തമ്മില്‍ അജഗജാന്തരമുണ്ടെന്ന് നമുക്ക് അനുഭവിച്ചുതന്നെ അറിയാം. അത്തരം അനുഭവമുള്ളവര്‍ പടിക്കു പുറത്തുനില്ക്കിന്, ഞങ്ങള്‍ക്ക് വേറെ പണിയുണ്ടെന്ന് പറയുന്ന മാധ്യമ തമ്പുരാക്കന്മാരാണ് ഇമ്മാതിരി ഓണപ്പതിപ്പുകള്‍ പുറത്തിറക്കുക. ഇനിയങ്ങോട്ട് കുത്തകകളും അവരുടെ പിണിയാളുകളും സ്പോണ്‍സേര്‍ഡ് ചെയ്യുന്ന ഓണക്കളികളിലെ നിശ്ശബ്ദ സാക്ഷികളായി നാം മാറും; സംശയമില്ല. കവിതയില്ലാത്ത ഓണത്തെ സങ്കല്പിക്കാനാവുന്നവര് ദയവു ചെയ്ത് വെട്ടിക്കൊല്ലാന്‍ വന്നേക്കല്ലേ എന്ന അപേക്ഷയുണ്ട്. വര്‍ഗബഹുജന പ്രസ്ഥാനങ്ങള്‍ ഏതാണ്ടൊക്കെ വിഷമില്ലാത്ത പച്ചക്കറികള്‍ക്കും മറ്റുമായി സടകുടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ വിഷം സാഹിത്യത്തില്‍ കലര്‍ത്താനുള്ള ശ്രമത്തിലാണ് ചില വിദ്വാന്മാര്. ഓണത്തിനിടയ്ക്കുള്ള ഇമ്മാതിരി ഊഞ്ഞാലാട്ടങ്ങളും ശ്രദ്ധിക്കണമെന്ന എളിയ ഓര്‍മപ്പെടുത്തലോടെ വിട.
വേതനവും ദക്ഷിണയും തമ്മില്‍ എന്താണ് വ്യത്യാസം. രണ്ടും ഒന്നാണെന്നു തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നവര്‍ക്കായി കേസരി ഓണപ്പതിപ്പിലെ ഒരു ലേഖനം ശുപാര്‍ശചെയ്യുന്നു. വസ്തുക്കളുടെ ഉദാത്തവശം ചികഞ്ഞുചികഞ്ഞെടുക്കുന്നതില് അതീവ ജാഗ്രത കാണിക്കുന്ന ആര്.ഹരിയുടെ ലേഖനം ഇതിഹാസം എന്ന പ്രത്യേക ഇനത്തിലാണ് ചേര്‍ത്തിട്ടുള്ളത്. തലക്കെട്ട് ഇങ്ങനെ: ഇതിഹാസത്തിന്റെ നേര്‍വായന. നാം കേട്ടറിഞ്ഞ ഒരു ഇതിഹാസ സംഭവചിത്രത്തിന്റെ ഉള്ളറകളിലേക്ക് യുക്തിസഹമായും ദര്‍ശനവ്യക്തതയോടെയും ആര്.ഹരിയെന്ന പ്രിയങ്കരനായ ഹരിയേട്ടന് സഞ്ചരിക്കുകയാണ്. എങ്ങനെയാണ് കാഴ്ചപ്പാട് ഉണ്ടാവുന്നതെന്നും ഏതു വഴിയിലൂടെയാണ് അങ്ങോട്ട് സഞ്ചരിക്കേണ്ടതെന്നും ഏകലവ്യന്റെ ഗുരുഭക്തിയിലൂടെ ഹരിയേട്ടന് വിശകലനം ചെയ്യുന്നു. നേരറിവുകളുടെ നിരാകരണമോ, താല്പര്യമില്ലായ്മയോ ആണ് യഥാര്‍ത്ഥ വസ്തുതകള്‍ വിസ്മരിക്കാന്‍ കാരണമാവുന്നതെന്നതിലേക്കാണ് ലേഖകന്‍ വിരല്‍ ചൂണ്ടുന്നത്.
നാളിതുവരെ ഏകലവ്യന്റെ ഗുരു ദക്ഷിണയിലൂടെ പാടിപ്പുകഴ്ത്തപ്പെട്ട ഒരു കാര്യത്തിന്റെ ഉള്ളറകളില്‍ എന്തുമാത്രം സ്വാര്‍ഥതയാണ് ഒരു ഗുരുനാഥനുണ്ടായിരുന്നത് എന്നറിയുമ്പോള്‍ ഇരുട്ടുകട്ടപിടിച്ചുകിടക്കുന്ന നിലവറകളില്‍ ആയിരം സൂര്യചന്ദ്രന്മാരുടെ വെളിച്ചം പരന്ന പ്രതീതി.
വ്യാസന്റെ പദസമ്പത്തില്‍ രാജപിണ്ഡന്, രാജ്യപിണ്ഡര് എന്ന വാക്കുവന്നതിനെക്കുറിച്ചും ഹരിയേട്ടന് വിചിന്തനം ചെയ്യുന്നു.തെറ്റോ ശരിയോ നോക്കാതെ രാജാവിന്റെ ഇച്ഛക്കൊത്ത് ചരിക്കുന്നവരാണ് രാജ്യപിണ്ഡര്. അത്തരക്കാരാണല്ലോ എന്നും ഒരു മഹിത പാരമ്പര്യത്തിന്റെ കടയ്ക്കല്‍ കോടാലി വെക്കുന്നത്. ഇവിടെ പരാമര്ശിതമാവുന്നത് വേതനവും ദക്ഷിണയുമാണ്. വാസ്തവത്തില്‍ അത്യാഗ്രഹിയായ ഒരു ഗുരുനാഥന്റെ അവസ്ഥ ദ്രോണരിലൂടെ വരച്ചു കാട്ടുന്നുണ്ട് വ്യാസന്. അത് അതിന്റെസൂക്ഷ്മതയോടെ ഹരിയേട്ടന് കണ്ടെത്തുകയാണ്. ആയോധനകലയുടെ പാരമ്യത്തിലുള്ളയാളാണ് ദ്രോണരെങ്കിലും ധനാര്‍ത്തി അദ്ദേഹത്തില്‍ പതിച്ച കളങ്കമായിരുന്നു.
അര്‍ജ്ജുനനോടുള്ള അദമ്യമായ സ്നേഹവായ്പിന്റെ അരികുകളിലും പറ്റിപ്പിടിച്ചു നില്ക്കുന്ന ദ്രോണരുടെ ധനാര്‍ത്തിയെക്കുറിച്ച് നല്ലസൂചനകള് വ്യാസന് നല്‍കിയത് ഹരിയേട്ടന് എടുത്തു പറയുന്നുണ്ട്. തന്റെ അരുമശിഷ്യനെ നിഷ്പ്രഭനാക്കുന്ന മറ്റൊരാള്‍ രംഗത്തുവന്നാല്‍ ഉണ്ടാകാന്‍ പോകുന്ന കൊടിയദുരന്തം തന്റെ നിലനില്പിനെതന്നെയാവും ബാധിക്കുകയെന്ന് ദ്രോണര്ക്കറിയാം.
അതനുസരിച്ച്, തന്നെ ഗുരുവാക്കി അസ്ത്രവിദ്യയുടെ മറുകരകണ്ട ഏകലവ്യനോട് അയാളുടെ ജീവിതം തന്നെയാണ് ദ്രോണര് ആവശ്യപ്പെടുന്നത്. ഇനി എങ്ങനെയാണ് ആ ആവശ്യപ്പെടല്‍ എന്ന് നോക്കുക: അര്‍ജ്ജുനനെയും കൂട്ടി ഏകലവ്യന്റെ അടുക്കേലക്കു തിരക്കിട്ടുചെന്നു. ഗുരുവിനെ ദര്‍ശിച്ച ഉടനെ നിഷാദശിഷ്യന് തൃക്കാല്ക്കല്കുമ്പിട്ടുണര്ത്തി. ”ഇതാ ഞാന്‍ ഇവിടുത്തെ ശിഷ്യന്” ഇതു കേള്‍ക്കേണ്ട താമസം ആചാര്യന്പൊടുന്നനെ ‘വീരാ! നീ എന്റെ ശിഷ്യനാണെങ്കില്‍ എനിക്കെന്റെ വേതനം തരിക’ – ‘യദി ശിഷ്യോസി മേ വീര വേതനം ദീയതാം മമ’ (133-54) എന്നാണ് പറയുന്നത്. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ദക്ഷിണയെക്കുറിച്ച് ദ്രോണര്ക്കറിയാത്തതല്ല. പക്ഷേ, ഇവിടെ അത് വേതനമാക്കി. കാരണമെന്താ? ഒന്നുമില്ലാത്തവന്റെ ഗുരുദക്ഷിണ സ്വീകരിച്ച് ഗതികേടിന്റെ മഴ ചോരുന്ന ഓലപ്പുരയില്‍ താമസിക്കാനല്ല ദ്രോണര്ക്കുതാല്പര്യം.സര്‍വാഡംബരങ്ങളും നിറഞ്ഞ കൊട്ടാരത്തില്‍ വസിക്കാന്‍ തന്നെയാണ്. പാണ്ഡവ- കൗരവന്മാരോട് ഗുരുദക്ഷിണതന്നെ ചോദിക്കുന്ന ദ്രോണര്‍ക്ക് ഏകലവ്യനില്‍ നിന്ന് പണിയെടുത്തതിന്റെ കൂലിയേ വാങ്ങിക്കൂടൂ എന്നുതന്നെസാരം.
നമ്മുടെ ഉള്‍ക്കാഴ്ചയെ പ്രോജ്വലിപ്പിക്കുന്ന ഈയൊരൊറ്റ ലേഖനം മതി ഓണത്തിന്റെ പൂര്‍വകാല സൗന്ദര്യം മൊത്തം ആസ്വദിക്കാന്‍. ഇനി ഈ ദക്ഷിണ പ്രയോഗം എങ്ങനെ വന്നു എന്നതിലേക്കും ഹരിയേട്ടന് തൂലിക ചലിപ്പിക്കുന്നു, നോക്കുക: നീ എന്റെ ശിഷ്യനാണെങ്കില്‍ എന്നു പറഞ്ഞു കഴിഞ്ഞ് ആചാര്യന് സ്വാഭാവികമായും പറയേണ്ടിയിരുന്നത് ദക്ഷിണ എന്നവാക്കായിരുന്നു. ശിഷ്യന് കൊടുക്കുന്നത് ദക്ഷിണയല്ലാതെ മറ്റൊന്നുമല്ല എന്നതാണ് ഈ സനാതന ദേശത്തിന്റെ സഞ്ചിത സംസ്കാരം. അതുകൊണ്ട് മാത്രമാണ് ഈ സംഭവത്തെക്കുറിച്ച് ശതാബ്ദങ്ങളായി തുടരെത്തുടരെ പറഞ്ഞുവരുന്ന ജനസമൂഹം ദ്രോണര് ആവശ്യപ്പെട്ട വേതനത്തെ പ്രയോഗത്തില്‍ ‘ദക്ഷിണ’ യാക്കി മാറ്റിയത്. അതു കാണിക്കുന്നത് ജനസമാന്യത്തിന്റെ സാംസ്കാരികമായ അധിഷ്ഠാനമാണ്. അതു കൊണ്ടുതന്നെയായിരിക്കും മഹാകവി കുഞ്ഞുകുട്ടന് തമ്പുരാനും ഗദ്യപരിഭാഷകനായ വിദ്വാന് പ്രകാശവും തങ്ങളുടെ പരിഭാഷകളില്‍ വ്യാസന് പറഞ്ഞ ‘വേതന’ ത്തെ ‘ഗുരുദക്ഷിണ’ യാക്കിയത്. ദാര്‍ശനിക വീക്ഷണമുള്ളവര്‍ക്കേ ഉള്‍ക്കാഴ്ചയുടെ പ്രഭാപ്രസരമുണ്ടാവൂ. ആര് ഹരിയേട്ടനെ പോലുള്ള അത്തരം വ്യക്തികളെ ആവുന്നത്ര അനുധാവനം ചെയ്യുന്നതാണ് അവര്ക്കുനല്കാവുന്ന ഗുരുദക്ഷിണ. അകക്കണ്ണുതുറപ്പിച്ച ആചാര്യന് കാലികവട്ടത്തിന്റെ പാദവന്ദനം.
തൊട്ടുകൂട്ടാന്‍
പട്ടടത്തീയിലും
കെട്ടടങ്ങാത്തത്
ജന്മാന്തരങ്ങളിലേക്ക്
കത്തിപ്പടരുന്നത്
ദിനേശന്കരിപ്പള്ളി
കവിത: പ്രണയം
മാധ്യമം വാര്‍ഷികപ്പതിപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: