കോഴിക്കോട്: രാജ്യസുരക്ഷയെ അടക്കം ദോഷകരമായി ബാധിക്കുന്ന തരത്തില്‍ അതിരുവിട്ട മതന്യൂനപക്ഷ പ്രീണനമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന് പറഞ്ഞു. ബിജെപി നേതാവും ചെറുകിട വ്യവസായിയും ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷറുമായിരുന്ന സി.പ്രഭാകരന്റെ ഏഴാമത് അനുസ്മരണ ദിനത്തില്‍ ‘ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വം അനുവര്‍ത്തിച്ച അതേ നിലപാടാണ് സ്വതന്ത്ര ഭാരതത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുടര്ന്നത്. വിഭജനത്തിന് കാരണമായി മുസ്ലിംലീഗ് ഉപയോഗിച്ച പീര്പൂര് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കോപ്പിടിയായിരുന്നു യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍കമ്മിറ്റി നല്‍കിയത്. ഇതിന്റെ മറ്റൊരു രൂപമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടും.
ഭരണകൂടവും ഹിന്ദുസമൂഹവുമാണ് ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന തെറ്റായ സന്ദേശമാണ് ഇവ നല്‍കിയത്. തങ്ങള്‍ വിവേചനത്തിന് ഇരയാകുന്നു എന്ന അപകടകരമായ ധാരണ മുസ്ലിം-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ പരത്താന്‍ ഇത് കാരണമായി. ന്യൂനപക്ഷം എന്താണെന്നത് കൃത്യമായി നിര്വ്വചിക്കാന്പോലും ശ്രമമുണ്ടായില്ല. ഭരണഘടനയിലോ സുപ്രീംകോടതിയുടെ സുപ്രധാന വിധികളിലോ ന്യൂനപക്ഷ നിയമത്തിലോ ന്യൂനപക്ഷമെന്തെന്ന് നിര്വ്വചിക്കപ്പെട്ടില്ല. ഓരോ സംസ്ഥാനത്തും എണ്ണത്തില്‍ കുറഞ്ഞ മതവിഭാഗങ്ങളാണ് ന്യൂനപക്ഷമെന്ന ഭരണഘടനാ നിര്‍മ്മാണസമിതിയിലെ ഏക പരാമര്‍ശം മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ ഇതനുസരിച്ചല്ല സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ന്യൂനപക്ഷ നിര്‍വ്വചനം നടപ്പാക്കപ്പെട്ടത്. ന്യൂനത അനുഭവിക്കുന്ന പക്ഷത്തിനല്ല, മറിച്ച് ന്യൂനപക്ഷ മത പ്രീണനത്തിനാണ് പരിഗണന ഉണ്ടായത്.
വീണ്ടും വിഭജനത്തിന് കാരണമായേക്കാവുന്ന തരത്തിലാണ് ന്യൂനപക്ഷ പ്രീണനം എത്തിനില്‍ക്കുന്നത് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷതവ ഹിച്ചു. സംസ്ഥാനസെക്രട്ടറി കെ.പി. ശ്രീശന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. ഗംഗാധരന് അനുസ്മരണപ്രഭാഷണം നടത്തി.
ഈ വര്‍ഷത്തെ സി. പ്രഭാകരന് സ്മാരക പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ദേശീയ സൈക്ലിംഗ് താരം ടി.പി. അഞ്ജിതക്ക് പി.വി. ചന്ദ്രന് പുരസ്കാരം നല്കി. സി.പ്രഭാകരന്റെ ഭാര്യ ഐ.രുഗ്മിണി ടീച്ചര്‍ ഫലകം സമ്മാനിച്ചു. സി. സഞ്ജിത്ത് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. പി. പീതാംബരന്,അഡ്വ. കെ.പി. പ്രകാശ്ബാബു, സി. കുമാരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: