കാസര്‍കോട്: സ്വാതന്ത്രസമര സേനാനിയും കാസര്‍കോടിന്റെ സ്വന്തം കവിയുമായ ടിഎസ് തിരുമുമ്പിന്റെ നാമധേയത്തില്‍ പടുത്തുയര്‍ത്തിയ ടി.എസ് തിരുമുമ്പ് കാര്‍ഷിക സംസ്കൃതി പഠനകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി.
കാസര്‍കോട് വികസനപ്പാക്കേജില് ഉള്‍പ്പെടുത്തിയാണ് ടിഎസ് തിരുമുമ്പ് ഭവനം കാര്‍ഷീക സംസ്കൃതി പഠന കേന്ദ്രമാക്കി നവീകരിച്ചത്. ഇതിന്റെ ഒന്നാം ഘട്ട പ്രവൃത്തികളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്. 25 ലക്ഷം രൂപയാണ് ഇതിന് ചിലവഴിച്ചത്. നവീകരണത്തിന്റെ ഭാഗമായി ടി.എസ് തിരുമുമ്പ് ഭവനത്തിന്റെ തറ ടൈല്‍സ് പാകുകയും മേരല്ക്കൂരയിലെ ഓടുകള്‍ പെയ്ന്റടിച്ച് നവീകരിക്കുകയും ചെയ്തു. ഭവനത്തിന്റെ അങ്കണം ഇന്റര്‍ലോക്ക് ചെയ്ത് മോടി കൂട്ടി. 25 സെന്റ് സ്ഥലത്താണ് ഭവനം സ്ഥിതി ചെയ്യുന്നത്. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ടി.എസ്.തിരുമുമ്പ് ഭവനവും. ഈ മാസം നാലിന് വൈകുന്നേരം നാല് മണിക്ക് കൃഷി വകുപ്പ് മന്ത്രി കെപി മോഹനന് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യും.
പഴയകാല കാര്‍ഷിക സംസ്കൃതിയെ ഓര്‍മ്മപ്പെടുത്തുന്ന ഉപകരണങ്ങളും കൃഷി രീതിയും പാരമ്പര്യവും ആധുനികശാസ്ത്രീയ കൃഷിരീതികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കണ്ടുമനസ്സിലാക്കാനും പഠിക്കാനും ഉതകുന്ന രീതിയിലുളള ചരിത്രമ്യൂസിയമാക്കി മാറ്റുക, എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത കാര്‍ഷിക മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടത്തുന്നത്. കാര്‍ഷിക മ്യൂസിയത്തില്‍ പഴയകാല ഉപകരണങ്ങളോടൊപ്പം പുതിയ ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും. കാര്‍ഷിക സംസ്കൃതിയെ പരിചയപ്പെടുത്തുന്ന വിവിധ ഫോട്ടോകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. പഴയ കാര്‍ഷിക ഉപകരണങ്ങള്‍ ശേഖരിച്ചും നാമാവശേഷമായവയുടെ മാതൃകകള്‍ രൂപ കല്പനചെയ്തുമാണ് മ്യൂസിയം സമ്പന്നമാക്കാന്‍ അധികൃതരുടെ പദ്ധതി. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 65 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഉദ്ഘാടനത്തിന് സജ്ജമായ ടിഎസ് തിരുമുമ്പ് ഭവനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: