കാസര്‍കോട്: പെരിയ തേജസ്വിനിഹില്‍സില്‍ കേരള കേന്ദ്രസര്‍വ്വകലാശാലയുടെ എട്ട് പഠന മന്ദിര സമുച്ഛയങ്ങളുടെ ശിലാസ്ഥാപനം നാളെ ഉച്ചയ്ക്ക് 12ന് കേന്ദ്രനിയമ, നീതിന്യായകാര്യ മന്ത്രി ഡി.വി സദാനന്ദ ഗൗഡ നിര്‍വ്വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ പി.കെ.അബ്ദുറബ്ബ്, കെ.പി.മോഹനന്, പി.കരുണാകരന് എം.പി, ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്, ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവന്ദാക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
അഞ്ചോളം പഠന വകുപ്പുകളും സര്‍വ്വകലാശാലയുടെ ഭരണവിഭാഗവും വനിതാ ഹോസ്റ്റലും സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ 35 കോടി രൂപ ചിലവഴിച്ച് 215 ആണ്‍കുട്ടികള്‍ക്കും 215 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യമുള്ള രണ്ട് ഹോസ്റ്റലുകളുടെ പണി അവസാനഘട്ടത്തിലാണ്. 2016 മാര്ച്ചോടികൂടി 600 വിദ്യാര്‍ത്ഥികള്‍ക്ക് പെരിയയില്‍ താമസ സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചാന്‍സിലര്‍ ജി.ഗോപകുമാര്‍, രജിസ്ട്രാര്‍ ഡോ.കെ.സി. ബൈജു, ഫിനാന്‍സ് ഓഫീസര്‍ ഡോ.കെ.ജയപ്രസാദ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.ശശിധരന് എന്നിവര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പൊതുമേഖലാ സംരംഭമായ റെയില്‍വേയുടെ റൈറ്റ്സ് ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
18 ബിരുദാനന്തര പഠന വകുപ്പുകളും അതോടൊപ്പം 13 ഗവേഷണ കോഴ്സുകളും ഒരു ബിരുദ കോഴ്സുമായി സര്‍വ്വകലാശാല ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 880 വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്സിറ്റിയില്‍ ഇപ്പോള്‍ പഠനം നടത്തുന്നത്. ഇക്കണോമിക്സ്, ലിംഗ്വീസ്റ്റിക്ക്, ഹിന്ദി, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഫിസിക്സ്, കെമിസ്ട്രി, ആനിമല്‍ സയന്‍സ്, ബയോകെമിസ്ട്രി ആന്റ്മോളിക്കുലര് ബയോളജി എന്നീ എട്ട് പഠന ശാഖകള്‍ക്ക് വേണ്ടിയുള്ള മന്ദിരങ്ങള്‍ക്കാണ് നാളെ തറക്കല്ലിടുന്നത്. 200 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: