വള്ളികുന്നം: മകനെ മര്‍ദ്ദിച്ച പ്രതികള്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വൃദ്ധ മാതാപിതാക്കള്‍ വള്ളികുന്നം പോലീസ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വള്ളികുന്നം കടുവിനാല്‍ കുറ്റിപ്പുറത്ത് വിളയില്‍ കരുണാകരന്‍ (85), അമ്മ ജഗദമ്മ (78) എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്.
ദമ്പതികളുടെ മകന്‍ ഉദയന്‍ (42)നെ ഒരാഴ്ച മുന്‍പ് രാത്രിയില്‍ കടുവിനാല്‍ പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള മാര്‍ബിള്‍, ടൈല്‍ വില്‍പ്പന കേന്ദ്രത്തില്‍ വച്ച് സ്ഥാന ഉടമയും മറ്റ് നാലുപേരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഉദയന്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഈകേസില്‍ പോലീസ് യാതൊരു തുടര്‍ നടപടികളും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാതാപിതാക്കള്‍ സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചത്. ടൈല്‍സ് വാങ്ങിയതുമായി ബന്ധപ്പെട്ട് 3000രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പ്രതികള്‍ക്കുള്ള അടുത്ത ബന്ധമാണ് കേസ് എടുക്കാനോ, അറസ്റ്റു ചെയ്യാനോ തയ്യാറാകാത്തതിനു പിന്നിലെന്ന് വൃദ്ധദമ്പതികളും ബന്ധുക്കളും ആരോപിച്ചു.
















