കണ്ണൂര്‍: സ്വന്തമായി ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് വേണ്ടി കണ്ണൂര്‍ മുനിസിപ്പാലിറ്റി മരക്കാര്‍കണ്ടിയില്‍ പണിത പാര്‍പ്പിട സമുച്ഛയം ഗുണഭോക്താക്കള്‍ക്ക് കൈമാറാത്ത നടപടിയില്‍ ദുരൂഹതയുണ്ടെന്ന് കേരള സ്റ്റേറ്റ് പട്ടികജനസമാജം കണ്ണൂര്‍ ജില്ലാ കമ്മറ്റി ആരോപിച്ചു.
അഞ്ച് മാസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പണി പൂര്‍ത്തീകരിച്ച പാര്‍പ്പിട സമുച്ഛയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണും മറ്റ് ജനപ്രതിനിധികളും കലക്ടര്‍ ഉള്‍പ്പെടെ വന്‍ ഉദ്യോഗസ്ഥ സംഘവുമെല്ലാം പങ്കെടുത്ത ഉദ്ഘാടനത്തിന് ശേഷമാണ് അര്‍ഹരായ ഗുണഭോക്താക്കളുടെ അനന്തമായ ഈ കാത്തിരിപ്പ് തുടരുന്നത്. 57 ഭവനരഹിത പട്ടികജാതി കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് കെട്ടിടം പണിതിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ മുനിസിപ്പാലിറ്റി മരക്കാര്‍ കണ്ടിയില്‍ പട്ടികജാതിക്കാരുടെ തൊഴില്‍ പരിശീലനത്തിന് നിര്‍മ്മിച്ച കെട്ടിടവും സാംസ്കാരിക പ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച കെട്ടിടവും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. പ്രസ്തുത കെട്ടിടങ്ങള്‍ കാട് പിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായിമാറിക്കഴിഞ്ഞു. കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ വംശീയ വിദ്വേഷ നടപടികള്‍ക്ക് അനുകൂലനിലപാടുകളാണ് പ്രതിപക്ഷ കക്ഷികളും സ്വീകരിച്ചിട്ടുള്ളത്.
കോടികള്‍ മുടക്കി പട്ടികജാതിക്കാരുടെ പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മിച്ച കെട്ടിടം തുറന്ന് കൊടുക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിച്ച് മറ്റുള്ളവര്‍ക്ക് കയ്യടക്കാനുള്ള അവസരമാണ് മുനിസിപ്പല്‍ അധികൃതര്‍ ചെയ്തുകൊടുക്കുന്നത്. അതിന് വേണ്ടിയുള്ള ഗൂഢാലോചനയില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ യോജിപ്പിലെത്തിയതായി സമാജം ജില്ലാ കമ്മറ്റി ആരോപിച്ചു.
കണ്ണൂര്‍ മുനിസിപ്പാലിറ്റി മരക്കാര്‍കണ്ടിയില്‍ പണിത പാര്പ്പിടസമുച്ഛയം അര്‍ഹരായ പട്ടികജാതിക്കാര്‍ക്ക് ഉടന്‍ കൈമാറുക, അറവുശാല നിര്‍മ്മാണം നിര്‍ത്തിവെച്ച് ഭൂമി ഭൂരഹിത-മത്സ്യതൊഴിലാളി-ദരിദ്രജനവിഭാഗങ്ങളുടെ പാര്‍പ്പിടാവശ്യത്തിനായി പതിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 25 മുതല്‍ കെപിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കും.
സമാജം ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കിളര്ക്കുടിയിന് ശ്രീധരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി എം.ഗീതാനന്ദന്, ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, മീനാക്ഷി ശ്രീധരന്, കെ.ശ്യാമള, പ്രസീത, സുനില്‍ജിത്ത്, രാജേഷ് നമ്പ്രം, പനയന്‍ കുഞ്ഞിരാമന്, പി.അനില്‍കുമാര്‍, സി.രവീന്ദ്രന്, രാധാകൃഷണന് കുറ്റിയാട്ടൂര്‍, ദിനേശന് മരക്കാര്‍കണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പ്രകാശന് മൊറോഴ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: