പാലക്കാട്: ഇടതു-വലതു മുന്നണികളുടെ ജനവിരുദ്ധതയില്‍ പൊറുതിമുട്ടി ബിജെപിയിലേക്ക് വന്ന പാലക്കാട് നഗരസഭാ പരിധിയിലെ 717 പേര്‍ക്ക് ആവേശം അലതല്ലിയ വേദിയില്‍ ഉജ്വല സ്വീകരണം. സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നടന്ന യോഗം ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ഇരുമുന്നണികള്‍ക്കുമെതിരെയുള്ള ഒരു ബദല്‍ ശക്തിയാണ് ബിജെപിയെന്നും കേവല ഭൂരിപക്ഷത്തിലധികം സീറ്റുകള്‍ നേടി പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരിഹതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇരുപാര്‍ട്ടികളും തടസ്സപ്പെടുത്തി. കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെത്തിയെന്നതിന്റെ തെളിവാണ് അകാരണമായ ആക്രമങ്ങള്‍ അഴിച്ചുവിട്ട് സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അക്രമം അഴിച്ചുവിടുന്നതിന് പോലീസ് അനുകൂല നിലപാട് സ്വീകരിക്കുന്നു.
കേരളത്തില്‍ നടക്കുന്ന അക്രമത്തില്‍ പോളിറ്റ് ബ്യൂറോയ്ക്കും പങ്കുണ്ട്. സിപിഎമ്മിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ബിജെപിയുടെ മുന്നേറ്റം ഒരു കാരണവശാലും തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തോട് താത്പര്യമില്ലെന്നും സഖാക്കന്മാരെ സഹോദരന്മാരാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം വിളിക്കുന്ന മുദ്രാവാക്യം കേരളത്തിലെ മാര്‍ക്സിസ്റ്റ് എംപിമാര്‍ക്ക് കൂടെ ചേര്‍ന്ന് വിളിക്കാമെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി വിളിക്കുന്ന മുദ്രാവാക്യം പിണറായിക്കും കോടിയേരിക്കും വിളിച്ചുകൂടാ എന്നും അദ്ദേഹം ചോദിച്ചു.
മൂന്നാംമുന്നണിയുണ്ടാക്കാന്‍ പോയ സിപിഎമ്മിന്റെ അവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്കറിയാം. ബിജെപി വിരോധം ദേശവിരോധമായി മാറി. സഖാക്കള്‍ ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ആഘോഷിക്കുന്നതോടെ ബിജെപിയിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കും. ശ്രീകൃഷ്ണജയന്തി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഹിന്ദു വോട്ടിനു പകരമായി മുസ്ലീംങ്ങളെ പ്രീണിപ്പിച്ചാല്‍ വോട്ടുകിട്ടുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ദാവൂദിനെയും മേമനെയും പിന്താങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും രാജ്യദ്രോഹികള്‍ക്കൊപ്പമാണ്. മദനിയുമായി സഖ്യമുണ്ടാക്കാന്‍ പ്രശ്നമില്ലാത്ത സിപിഎമ്മിന് വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷനെ കാണാന്‍ പോയതാണ് ഉത്കണ്ഠ. എസ്എന്‍ഡിപി ബിജെപിയോട് അടുത്താലോ എന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്. ആനുകൂല്യങ്ങളൊക്കെയും ചില സമുദായങ്ങള്‍ക്കു നല്‍കിയെന്നും, ആ സമുദായ നേതാക്കള്‍ക്കെതിരെ വിരല്‍ചൂണ്ടാന്‍പോലും സിപിഎമ്മിന് ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.സ്മിതേഷ് അധ്യക്ഷതവഹിച്ചു. ബിജെപി ദേശീയ സമിതി അംഗം എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്.ആര്.ബാലസുബ്രഹ്മണ്യം, കെ.സുധീര്‍, മധു, ബിജെപി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ.ഇ.കൃഷ്ണദാസ് സ്വാഗതവും മധു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: