തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി നഗരത്തിലെങ്ങും സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ക്കായി ശശി തരൂര്‍ എംപി ചെലവിട്ടത് ലക്ഷങ്ങള്‍. ബൈപ്പാസ് നാലുവരിയാക്കുന്നതിന് താന്‍ മാത്രമാണ് പരിശ്രമിച്ചതെന്നും പദ്ധതി കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ അനുവദിക്കപ്പെട്ടതാണെന്നുമാണ് തരൂരിന്റെ ഫ്ളക്സ് ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്ഘാടനച്ചടങ്ങിന് തീയതി തീരുമാനിച്ച ഉടന്‍ തന്നെ നഗരത്തിലെങ്ങും തരൂരിന്റെ ചിത്രം പതിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ ഉയരാനാരംഭിച്ചിരുന്നു. ചില ഫ്ളക്സുകളില്‍ യുപിഎ അധ്യക്ഷ സോണിയയുടെയും മുന്‍പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗിന്റെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ ചിത്രങ്ങള്‍ ഒപ്പം നല്‍കിയിട്ടുണ്ട്. പേരിന് ചിലതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രവും നല്കി. എന്നാല്‍ എല്ലാ ഫ്ളക്സുകളിലും ഏറ്റവും കൂടുതല്‍ പ്രാധാന്യം ശശി തരൂരിനായിരുന്നു. ബൈപ്പാസ് നാലുവരിയാക്കാന്‍ കഷ്ടപ്പെട്ടത് താനാണെന്ന വീരവാദം തട്ടിവിടാനും തരൂര്‍ ഉദ്ഘാടനച്ചടങ്ങില്‍ ശ്രമിച്ചിരുന്നു. പുറത്തു നിന്ന് ആളെ ഇറക്കി പരിപാടിയിലുടനീളം തരൂരിന് ജയ് വിളിപ്പിച്ച് ചടങ്ങ് അലങ്കോലമാക്കാന്‍ എംപി ശ്രമിച്ചതും വിവാദമായിരുന്നു. അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പോലും നല്‍കാത്ത പരിഗണനയാണ് തരൂര്‍ കെട്ടിയിറക്കിയ കോണ്‍ഗ്രസുകാര്‍ പ്രകടിപ്പിച്ചത്.
ഹരിത കേരളം ശുചിത്വ കേരളം എന്ന് വാതോരാതെ പ്രസംഗിച്ച കോണ്‍ഗ്രസുകാരും യുഡിഎഫ് സര്‍ക്കാരും ഫ്ളക്സുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും വാചാലരായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഫ്ളക്സുകള്‍ മാറ്റാനും ചില കോണ്‍ഗ്രസുകാര്‍ മുന്നോട്ടു വന്നിരുന്നു. മാത്രമല്ല ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും ഇടക്കാലത്ത് ഉണ്ടായി. ഇതിനെയെല്ലാം തൃണവത്ഗണിച്ചാണ് ശശി തരൂര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലഴിച്ച് തലസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. തരൂരിന്റെ അവകാശവാദവും ഫ്ളക്സുകളുടെ എണ്ണം ഒക്കെ നവസാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. 36 ലക്ഷം രൂപ ചെലവിട്ട് ഫ്ളക്സുകള്‍ സ്ഥാപിച്ച തരൂരിന്റെ കൈവശം കള്ളപ്പണമുണ്ടെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും ചില ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: