കോലാഹലമേട് : വെടിക്കുഴി പൈന്‍ വാലിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിമെന്റ് സാന്റ് റിസോര്‍ട്ടിന് വേണ്ടി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നല്കുവാന് ഏലപ്പാറ പഞ്ചായത്തിന്റെ വഴിവിട്ട നീക്കം. മുന്‍പ് ബാര്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ട് ബാറുകള്‍ നിരോധിച്ചതിന് ശേഷം ഫൈവ് സ്റ്റാര്‍ പദവി ലഭിക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഈ റിസോര്‍ട്ടിലേക്കുള്ള റോഡ് സര്‍ക്കാര്‍ സ്ഥാപനമായ കെഎല്‍ഡി ബോര്‍ഡിന്റെ അധീനതയില്‍ ആയതിനാല്‍ പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ച് കോണ്‍ക്രീറ്റ് ചെയ്യുവാന്‍ ശ്രമിച്ചുവരികയായിരുന്നു. ഇതിനായി റിസോര്‍ട്ട് മാനേജ്മെന്റ് ലക്ഷങ്ങള്‍ ചിലവാക്കിയതായും അറിയുന്നു. വെടിക്കുഴി പുതുവല്‍ റോഡില്‍ സഞ്ചാരയോഗ്യമായ 100 മീറ്റര്‍ റോഡാണ് നിലവില്‍ കോണ്‍ക്രീറ്റ് ചെയ്യുവാന്‍ തീരുമാനിച്ചത്. ഈ റോഡിലെ ബാക്കിഭാഗം ഇടിഞ്ഞുപൊളിഞ്ഞ് കാല്‍നട പോലും സാധ്യമല്ലാത്ത സാഹചര്യത്തിലും ബാറിന്റെ മുന്‍വശം വരെ മാത്രം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുവാന്‍ തീരുമാനിച്ചത് പഞ്ചായത്ത് മെമ്പറും ഭരണസമിതിയിലെ ചിലരും ഭരണസമിതിയിലെ ചിലരും പ്രാദേശിക നേതാക്കളും ഈ ബാര്‍ ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. ഒരേക്കര്‍ 15 സെന്റ് ഭൂമിക്ക് മാത്രം പട്ടയമുണ്ടായിരുന്ന ഈ റിസോര്‍ട്ട് ഇപ്പോള്‍ നാലുഭാഗത്തുള്ള 11 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയിരിക്കുന്നു. മുന്‍പുണ്ടായിരുന്ന വെടിക്കുഴി – പുതുവല്‍ റോഡ് കയ്യേറിയാണ് ഈ റിസോര്‍ട്ടിന്റെ മതില് നിര്‍മ്മിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം റോഡ് കോണ്‍ക്രീറ്റിനായി റോഡിന് സമീപത്ത് കഴിഞ്ഞ 12 വര്‍ഷമായി വഴിയോരക്കച്ചവടം നടത്തിവന്നിരുന്ന 17ലേറെ സ്ത്രീകളുടെ കടകള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നു. റോഡ് വികസനത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരല്ലെന്നും റോഡു വികസനത്തിന് അനുവദിച്ച നാലുലക്ഷത്തി നാല്‍പ്പതിനായിരം രൂപ ഉപയോഗിച്ച് വെടിക്കുഴി – പുതുവല്‍ റോഡിന്റെ സഞ്ചാരയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. പഞ്ചായത്ത് റിസോര്‍ട്ടിന് വേണ്ടി നടത്തിയ കള്ളക്കളികള്‍ തെളിവ് സഹിതം വിജിലന്‍സിന് ഹാജരാക്കിയിട്ടും റിസോര്‍ട്ടിനെതിരെ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയില്‍ അന്വേഷിക്കണം നടത്തണമെന്നും റിസോര്‍ട്ട് മാഫിയക്കു വേണ്ടി കുടിയിറക്കിയ കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിന്റെ സഞ്ചാരയോഗ്യമല്ലാത്ത ഭാഗം കോണ്‍ക്രീറ്റു ചെയ്യണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: