മതിയായ അംഗീകാരം ലഭിക്കാതെ തികച്ചും അവഗണിക്കപ്പെടുകയാണ് ഇപ്പോഴും ഖോ-ഖോ. ദേശീയ ഗെയിംസില്‍ ഖോ-ഖോയില്‍ കേരളത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയ നിജി നാടിന്റെ അഭിമാനമായി മാറിയപ്പോള്‍ വെള്ളിക്കുള്ളങ്ങരയെന്ന കൊച്ചു ഗ്രാമം ആവേശം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഖോ-ഖോ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങിയ ഈ കൊച്ചു മിടുക്കിയെ അക്കാലത്ത് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ പ്രോത്സാഹിപ്പിച്ചതും,പരിശീലിപ്പിച്ചതും ശശിധരന് പമ്പിള്ളിയായിരുന്നു. പിന്നീട് ഇങ്ങോട്ട് മെഡലുകള്‍ വാരിക്കൂട്ടകയായിരുന്നു.സ്ക്കൂള്,കോളേജ്,തലത്തില്‍ എല്ലാം നിരവധി സമ്മാനങ്ങളാണ് കരസ്ഥമാക്കിയത്.
2005 മുതല്‍ 2015 വരെ ജൂനിയര്‍ സീനിയര്‍ മത്സരങ്ങളില്‍ ആയി സംസ്ഥാന, ദേശീയ മത്സരങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിജിയെ തേടിയെത്തി.ദേശീയ ഗെയിംസ്,നാഷണല്‍ നാഷണല്‍ മീറ്റില്‍ എല്ലാം കേരളത്തിന് വേണ്ടി കളിക്കുകയും സമ്മാനങ്ങല്‍ നേടുകയും ചെയ്തു. 2007ല്‍ ദേശീയ ഗെയിംസില്‍ വെങ്കലം നേടാനെ കഴിഞ്ഞുള്ളൂ എങ്കില്‍ 2011ല്‍ അത് സ്വര്‍ണ്ണമായി മാറ്റുകയായിരുന്നു നിജിയും കൂട്ടുകാരും. ഇതേ വര്‍ഷമാണ് നിരവധി മത്സരങ്ങളില്‍ സ്വര്‍ണ്ണം നേടാനായത്.സീനിയര്‍ മീറ്റില്‍ സെക്കന്റ്, സര്‍വ്വകലാശാല മീറ്റില്‍ കാലിക്കറ്റ് സര്‍വ്വ കലാശാലയെ നയിച്ച് സ്വര്‍ണ്ണം നേടാനായതും വലിയ നേട്ടമായി കാണുകയാണ് നിജി. കഠിന പരിശീലനവും അര്‍പ്പണ ബോധവുമാണ് വിജയത്തിന് പിന്നില്‍.അര്‍ഹിക്കുന്ന അംഗീകാരം ഈ മത്സരത്തിന് ലഭിക്കുന്നില്ലെന്ന് നിജി പറഞ്ഞു. കബഡി മത്സരത്തെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചെങ്കിലും ഖോ-ഖോയെ ഇനിയും അംഗീകരിക്കാത്തതില്‍ ഏറെ നിരാശയുണ്ട്.
കേരളത്തിലാണെങ്കില്‍ ഈ മത്സരത്തോട് ഏറെ അവഗണനായാണ്. വളരെ ചുരുക്കം പേരാണ് ഇത് പരിശിലിക്കുന്നത് തന്നെ. പല ജില്ലകളിലും ടീമുകള്‍ തന്നെ ഇല്ലാത്ത അവസ്ഥായാണിന്ന്. പാലക്കാടും,തിരുവന്തപുരത്തുമാണ് കൂടുതല്‍ പേര് പങ്കെടുത്ത് പരിശീലനം നേടുന്നത്. തൃശ്ശൂര്‍ ജില്ലയിലും കൃത്യമായി പരിശീലനമോ, നല്ലൊരു ടീമോ ഇല്ല. ഗ്രേസ് മാര്‍ക്ക് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നിട്ടും ഈ മത്സരത്തോട് പൊതുവെ കുട്ടികളില്‍ താല്പര്യം കുറഞ്ഞു വരുന്നതായാണ് കാണുന്നത്. ഇതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണ്ടേതാണ്. ഇത്തവണ കേരളത്തിനായി വെള്ളി നേടിയ ടീമില്‍ പാലക്കാട് നിന്നും, തിരുവനന്തപുരത്ത് നിന്നും ആണ് കൂടുതല്‍ പേര് പങ്കെടുത്തത്. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ഏക അംഗമായിരുന്നു നിജി.
ആറ്റിങ്ങലില്‍ വെച്ച് നടന്ന ഈ തവണത്തെ ദേശീയ ഗെയിംസില്‍ വാശിയേറിയ മത്സരത്തില്‍ മഹാരാഷ്ട്രയോട് പൊരുത്തി തോല്‍ക്കുകയായിരുന്നു.ഒരു പോയിന്റ് നഷ്ടത്തിനാണ് കേരളത്തിന് സ്വര്‍ണ്ണം നഷ്ടമായത്ത്.ദേശീയ ഗെയിംസില്‍ വെള്ളി നേടിയ ടീമിനെ പാലക്കാട് ജില്ലയില്‍ നിന്നുള്ള സൗമ്യയാണ് നയിച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായ സി.ജയനായിരുന്നു പരിശീലകന്. വെള്ളിക്കുള്ളങ്ങര കോപ്ലി വീട്ടില്‍ പരേതനായ സുബ്രന്റെയും ഓമനയുടെയും രണ്ട് മക്കളില്‍ ഇളയതാണ് നിജി. ഇപ്പോള്‍ പേരാമ്പ്ര സരസ്വതി വിദ്യാനികേതനിലെ കായിക അദ്ധ്യാപികയായി ജോലി നോക്കുകയാണ്.
നാടിന്റെ അഭിമാനമായി മാറിയ നിജിയെ പോലെയുള്ളവര്‍ക്ക് നല്ലൊരു ജോലി നല്കുവാന് നമ്മുടെ അധികൃതര്‍ തയ്യാറാവേണ്ടതാണ്. കഷ്ടപ്പാടുകളും,ദുരിതങ്ങളും പേറിയാണ് പലരും മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.നാടിന്റെ അഭിമാനമായി മാറുന്ന ഇവരെ അംഗീക്കരിക്കുകയും ആദരിക്കുകയും ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാന്‍ പ്രചോദനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: