തൊഴിലാളികളുടെ ഉന്നമനത്തിനായി രാജ്യത്ത് നിരവധി ക്ഷേമനിധികള്‍ നിലവിലുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ സംരക്ഷണവും തൊഴിലാളി പരിരക്ഷയും കണക്കിലെടുത്താണ് ക്ഷേമനിധികള്‍ ആരംഭിച്ചിട്ടുള്ളത്.
അതില്‍ ഏറെ ഗുണകരമായ പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ സിനിമാ വെല്‍െഫയര്‍ ഫണ്ട്. ഇത് തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു. കലാകാരന്മാര്ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സാംസ്കാരിക ക്ഷേമനിധി പെന്ഷന് കലാകാരന്മാര്ക്ക് ഒരാശ്വാസമാണെങ്കിലും അര്‍ഹരായ നിരവധിയാളുകള്‍ക്ക് പെന്ഷന് ലഭിക്കാനുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഭാരതത്തിന്റെ കലാ-സാംസ്കാരിക-സാഹിത്യ-സിനിമാ-നാടക രംഗം, അനേകം കലാകാരന്മാരാലും, കലാകാരികളാലും സമ്പന്നമായിരുന്നു. രാജഭരണക്കാലത്ത് കലാകാരന്മാരെ ആദരിക്കുന്നതിനും അവരുടെ ക്ഷേമത്തിനും വിവിധ പദ്ധതികള്‍ നിലനിന്നിരുന്നു. അവര്‍ക്കായി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പല കാരണങ്ങളാല്‍ കലാരംഗത്തുള്ളവര്‍ അവഗണിക്കപ്പെട്ട് അവശത നേരിടുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു.
അവസരങ്ങള്‍ ഉള്ളവര്‍ക്ക് വീണ്ടും വീണ്ടും അവസരം ലഭിക്കും. ഇല്ലാത്തവര്‍ക്ക് എന്നും പട്ടിണി. ചലച്ചിത്ര മേഖലയില്‍ നിരവധി ആളുകള്‍ അവശത നേരിടുന്നവരാണ്. ഏത് മേഖലയിലേയും പോലെ സിനിമയിലും 10-20 ശതമാനംപേരും ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും സിംഹഭാഗം കലാകാരന്മാരും ബുദ്ധിമുട്ടി ജീവിതം തള്ളി നീക്കുന്നവരാണ്. കുട്ടികളുടെ പഠിത്തം, മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാകാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍പ്പോലും പലരും വെല്ലുവിളികളിലൂടെയാണ് തള്ളി നീക്കുന്നത്. കലാകാരന്മാരുടെ ക്ഷേമത്തിനായി വിവിധ ക്ഷേമപദ്ധതികള്‍ നിലവിലുണ്ടെങ്കിലും അതിന്റെ പ്രയോജനങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്ന ഒരു അവസ്ഥാ വിശേഷമാണ് ഇന്ന് നിലവിലുള്ളത്.
ആശ്വാസമായി വെല്‍ഫെയര്‍ ഡിസ്പെന്‍സറി
‘ഗാന്ധി’ എന്ന സിനിമയുടെ സംവിധായകന് ആറ്റന്‍ബറോ, അതിലൂടെ ലഭിച്ച തുക അന്നത്തെ കേന്ദ്രസര്‍ക്കാരിനെ ഏല്പ്പിച്ചുകൊണ്ട,് ഇവിടുത്തെ സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നായിരുന്നു അന്ന് നല്കിയ നിര്‍ദ്ദേശം. അങ്ങനെ ആരംഭിച്ചതാണ് ഇന്ന് നിലവിലുള്ള സിനിമാ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട്.
1981 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ സിനിമാ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ആക്ട് കേന്ദ്ര ഗവണ്മെന്റിന്റെ തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ലേബര്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് എന്ന വകുപ്പാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. മലയാള ചലച്ചിത്ര രംഗത്തെ കലാകാരന്മാരും സിനിമാ സംഘടനകളും കഴിഞ്ഞ 25 വര്‍ഷക്കാലമായി മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകളോട് ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, ഏകദേശം ഒരു വര്‍ഷം മാത്രം പ്രായമായ നരേന്ദ്രമോദി സര്‍ക്കാര്‍ മലയാള സിനിമാ കലാകാരന്മാര്ക്കും തൊഴിലാളികള്‍ക്കുമായി ഈ ഓണക്കാലത്ത് നല്കിയ ഓണ സമ്മാനമാണ് തിരുവനന്തപുരത്ത് അനുവദിച്ച വെല്‍ഫെയര്‍ ഡിസ്പെന്‍സറി.
ഇത് വെല്‍ഫെയര്‍ ഓഫീസായും മെഡിക്കല്‍ ഡിസ്പെന്സറിയായും റഫറല്‍ യൂണിറ്റ് ആയും പ്രവര്‍ത്തിക്കും. ഇവിടെ നിന്നും സിനിമാ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ചികിത്സ, മരുന്ന് എന്നിവയും വിദഗ്ധ ചികിത്സ ആവശ്യമായ അസുഖങ്ങള്‍ക്ക് സ്വകാര്യ സ്പെഷ്യലിസ്റ്റ് ആശുപത്രികളിലേക്കും ഇവിടെ നിന്ന് റഫര്‍ ചെയ്യാവുന്നതുമാണ്. അങ്ങനെയുള്ള ചികിത്സക്ക് ചിലവായ തുകയുടെ റി ഇമ്പേഴ്സ്മെന്റ്, പഠിക്കുന്ന കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, ഇന്‍ഷുറന്‍സ് സ്കീം തുടങ്ങി നിരവധി ക്ഷേമ പദ്ധതികള്‍ തിരുവനന്തപുരം സെന്ററില്‍ ലഭിക്കും.
സിനിമാപ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രമുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡിസ്പെന്‍സറിയാണ് തിരുവനന്തപുരത്ത് അനുവദിച്ചിരിക്കുന്നത്.
നിലവില്‍ മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. സിനി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ആക്ട് 1981 ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയശേഷം ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് ഉപയോഗിക്കാനാവാതെ ലാപ്സ് ആയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രം കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷത്തിഅറുപതിനായിരം (1,31,60000) രൂപ സെസ്സ് ആയി കളക്ട് ചെയ്തിരുന്നെങ്കിലും സിനി വര്‍ക്കേഴ്സിന് ഏകദേശം 30 ലക്ഷത്തില്‍ താഴെ മാത്രമാണ് വിവിധ ക്ഷേമപദ്ധതികള്‍ക്കായി വിനിയോഗിച്ചത്.
സിനിമാ പ്രവര്‍ത്തകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഈ ഡിസ്പെന്സറിയില് നിന്ന് സൗജന്യ ചികിത്സയും വിവിധ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും ലഭിക്കും. കൂടാതെ കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വൃക്കരോഗം, മാനസിക രോഗങ്ങള്‍, അള്‍സര്‍ തുടങ്ങി വിദഗ്ധ ചികിത്സ വേണ്ട അസുഖങ്ങള്‍ക്ക് മറ്റു പ്രൈവറ്റ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അംഗീകരിക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യ ചികിത്സക്കുവേണ്ടി റെഫര്‍ ചെയ്യുന്നു.
കുട്ടികള്‍ക്ക് പ്രതിവര്‍ഷം പതിനയ്യായിരം രൂപ വരെ അവര്‍ പഠിക്കുന്ന കോഴ്സുകളുടെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് നല്കിവരുന്നു. കൂടാതെ ചികിത്സാ റീ ഇമ്പേഴ്സ്മെന്റ് പദ്ധതി, അപകട ഇന്‍ഷുറന്‍സ് തുടങ്ങി ഒട്ടനവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. ഇഎസ്ഐ ഉള്‍പ്പെടെയുള്ള മറ്റു ക്ഷേമപദ്ധതികള്‍ ഉപഭോക്താക്കളില്‍ നിന്നും മാസം തോറും വിഹിതം ശേഖരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു രൂപാപോലും ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും ഈടാക്കാതെയാണ് ഈ കേന്ദ്ര പദ്ധതി പ്രവര്‍ത്തിക്കുന്നത്. പകരം ഒരു സിനിമ പൂര്‍ത്തിയായി സെന്‍സര്‍ ചെയ്യുമ്പോള്‍ 10000/-രൂപ വീതം ചിത്രത്തിന്റെ നിര്‍മ്മാതാവില്‍ നിന്നും സെസ്സ് വിഹിതം ഈ ഫണ്ടില്‍ അടയ്ക്കുന്നു. ഇത് കൂടാതെ കേന്ദ്ര ഗവണ്മെന്റിന്റെ വിഹിതവും ഉണ്ടാകും. 300-ല്‍ പരം ഡിസ്പെന്‍സറികള്‍ ഭാരതത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേവലം ഒരു ഡിസ്പെന്സറിപോലും കേരളത്തില്‍ സിനിമാപ്രവര്ത്തകര്ക്കുവേണ്ടിയില്ല എന്നതാണ് വസ്തുത.
കാത്തിരിപ്പിനൊടുവില്‍ സംഭവിച്ചത്
ഇന്ന് സിനിമാ മേഖല പുത്തനുണര്‍വിന്റെ പാതയിലാണ്. പുതിയ പരീക്ഷണങ്ങള്‍ വരുന്നു. പുതിയ ചെറുപ്പകാര്‍ നല്ല നല്ല ആശയങ്ങളുമായി വരുന്നു. അവസരം കാത്ത് ഇനിയും ആയിരങ്ങള്‍ നില്ക്കുന്നു. കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്തുമാത്രം ഏകദേശം അയ്യായിരത്തില്പരം സിനിമാപ്രവര്‍ത്തകരുണ്ട്. എറണാകുളത്തും അതേ പോലെ പ്രവര്‍ത്തകര്‍ ഉണ്ട്. തിരുവനന്തപുരത്തുള്ള സിനിമാപ്രവര്ത്തകന് കേന്ദ്രസര്‍ക്കാരിന്റെ സിനിമാ ഐ.ഡി. കാര്‍ഡ് ലഭിക്കാന്‍ കണ്ണൂര്‍ ഓഫീസില്‍ എത്തണം. അവിടെച്ചെന്ന് അപേക്ഷ സമര്‍പ്പിക്കാനും നിരവധി കടമ്പകള്‍ ഉണ്ട്. നൂറു രൂപയുടെ സ്റ്റാമ്പ് പേപ്പര്‍, നോട്ടറി അഫിഡവിറ്റ്, സിനിമാസംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി ആവശ്യമുള്ളതും ഇല്ലാത്തതുമായ അനവധി രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം.
കണ്ണൂരിലെ വെല്‍ഫെയര്‍ കമ്മീഷണര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് ഒരു വര്‍ഷവും രണ്ടുവര്‍ഷവും കഴിഞ്ഞാണ് അംഗങ്ങള്‍ക്ക് കാര്‍ഡ് കിട്ടുന്നത്. ഏതു വിധേനയും കാര്‍ഡ് ലഭിച്ച് ഗുരുവായൂര്‍ ഡിസ്പെന്‍സറിയിലെത്തി കാര്‍ഡ് രജിസ്റ്റര്‍ ചെയ്യണം. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഒരു കമ്മീഷണര്‍ ഓഫീസിനും ഒരു ഡിസ്പെന്‍സറിക്കും വേണ്ടി ശ്രമിക്കുന്നു. ധാരാളം നിവേദനങ്ങള്‍ നല്കി യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര തൊഴില്‍ സഹമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി തിരുവനന്തപുരത്ത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഒന്നും നടന്നില്ല.
2014 സപ്തംബര്‍ 17, 18, 19 തീയതികളിലായി ബിജെപി കലാസാംസ്കാരിക സിനിമാ-നാടക-ടെലിവിഷന്‍ സെല്‍-”ഉണര്വ്വി”ന്റെ നേതൃത്വത്തില്‍ മൂന്നുദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകരേയും സിനിമാ സംഘടനാപ്രവത്തകരേയും ടെലിവിഷന്‍ രംഗത്തുള്ളവരേയും പങ്കെടുപ്പിച്ച് വിജെടി ഹാളില്‍ മലയാള സിനിമാ ”ഇന്നലെ – ഇന്ന്- നാളെ” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സെമിനാര്‍ ഉദ്ഘാടനം ചെയ്തത് വിശ്വവിഖ്യാത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണനാണ്.
സെമിനാറില്‍ ചര്‍ച്ച ചെയ്ത നിരവധി പ്രശ്നങ്ങള്‍, വെല്‍െഫയര്‍ കമ്മീഷണര്‍ ഓഫീസും തിരുവനന്തപുരത്ത് ഡിസ്പെന്‍സറി, സര്‍വ്വീസ് ടാക്സ് ഉല്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഉണര്‍വ് പ്രവര്‍ത്തകര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വഴിയാണ് സെമിനാറിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനും പിന്നീട് കേന്ദ്ര മന്ത്രി നരേന്ദ്രസിംഗ് തോമറിനും നിവേദനം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് എല്ലാ സംസ്ഥാനത്തും തലസ്ഥാന നഗരിയില്‍ വെല്‍ഫെയര്‍ കമ്മീഷണര്‍ ആഫീസ് പ്രവര്‍ത്തിക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.
അതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ഒരു ഡിസ്പെന്‍സറി ആരംഭിക്കുവാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അടുത്ത പടിയായി വെല്‍ഫെയര്‍ കമ്മീഷണര്‍ ആഫീസ് തിരുവനന്തപുരത്ത് ആരംഭിച്ചുവെങ്കില്‍ മാത്രമേ ചലച്ചിത്ര തൊഴിലാളികള്‍ക്കും കലാകാരന്മാര്ക്കും നീതി നേടിക്കൊടുക്കാന്‍ സാധിക്കുകയുള്ളു.
‘ഉണര്‍വ്വ്’ അതിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലാണ്. ഈ പ്രവര്‍ത്തന ങ്ങള്‍ക്ക് തടയിടുന്ന തരത്തിലാണ് ചില ഇടതുപക്ഷ സംഘടനകളും, എംപിമാരും നടത്തുന്ന പ്രവര്‍ത്തനം. ചലച്ചിത്രകാരന്മാര്ക്ക് അര്‍ഹതപ്പെട്ടത് കാലാകാലങ്ങളായി ബീഡി തൊഴിലാളികള്‍ക്ക് എന്ന പേരില്‍ വകമാറ്റി കൊണ്ടുപോയിക്കൊണ്ടിരുന്ന ഇടത് തൊഴിലാളി സംഘടനകളുടെയും ഉദ്യോഗസ്ഥലോബിയുടെയും അതിന്റെ പങ്കുപറ്റുകാരുടെയും കള്ളി വെളിച്ചത്തായിരിക്കുകയാണ്.
ഇവിടെയും ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം എന്നേ പറയാനാകു. അല്ലെങ്കില്‍ മുപ്പത്തിനാലു വര്‍ഷമായി ചലച്ചിത്ര തൊഴിലാളികളേയും കലാകാരന്മാരെയും പറ്റിച്ച് തൊഴിലാളി വിപ്ലവം സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ എന്തുകെണ്ട് ഇതിനൊരു നടപടി ഉണ്ടാക്കിയില്ല. യുഡിഎഫ് സര്‍ക്കാരുകള്‍ ഇതിന് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചുപോന്നത്. കലാകാരന്മാരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാക്കാലത്തും തുടരാനാവില്ലെന്ന മുന്നറിയിപ്പുകൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: