അടിമാലി : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവും കൂടിയായപ്പോള്‍ ഹൈറേഞ്ച് മേഖലയിലെ ഓണാഘോഷത്തിന്റെ തിളക്കം കുറഞ്ഞു. പതിവ് തെറ്റിയുള്ള കാലാവസ്ഥാമാറ്റവും ഉല്‍പ്പാദന മേഖലയെ ഒന്നാകെ തളര്‍ത്തിക്കളഞ്ഞ സാഹചര്യത്തില്‍ വില വര്‍ദ്ധനവ് സാധാരണക്കാരെ വലയ്ക്കുകയാണ്. ഏറെ മുമ്പ് തന്നെ കിട്ടിയവേനല്മഴ ഏലം കര്‍ഷകര്‍ക്ക് സന്തോഷത്തിനും ആശയ്ക്കും വക നല്‍കിയെങ്കിലും കാലവര്‍ഷാരംഭത്തിലെ മഴയും കാറ്റും കര്‍ഷകരെ കണ്ണീരിലാഴ്ത്തി. ഏലത്തിന് അഴുകല്‍ രോഗം ബാധിച്ചതിന് പുറമേ കാറ്റ് ചെടികള്‍ ഒടിച്ചു താറുമാറാക്കി. രാസവസ്തുക്കള്‍ക്കും കളനാശിനികള്‍ക്കും ഉണ്ടായ വിലവര്‍ദ്ധനവ് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനപ്പുറമായി. ഏലത്തിന്റെ വില നിലവാരം 650-750 രൂപ നിരക്കിലായി. കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, പൊട്ടന്‍കാട്, ചിന്നക്കനാല്‍, രാജകുമാരി, ശാന്തമ്പാറ, ഉടുമ്പന്‍ചോല, പീരുമേട്, വണ്ടന്മേട്, കട്ടപ്പന, പുളിയന്മല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഏലകൃഷി നടക്കുന്നത്. കുരുമുളക്, കൊക്കോ, ഗ്രാമ്പു എന്നിവയാണ് എല്ലാ മേഖലകളിലും കര്‍ഷകരുടെ വരുമാനമാര്‍ഗ്ഗം. കുരുമുളക് കൃഷി ജില്ലയിലെ നാണ്യവിളകളില്‍ പ്രമുഖ സ്ഥാനം വഹിച്ചിരുന്നുവെങ്കിലും 90കളില്‍ ഉണ്ടായ ദ്രുതവാട്ട രോഗത്തെ തുടര്‍ന്ന് കൃഷി പടിയിറങ്ങി. താങ്ങുമരമായ മുരിക്കിനും രോഗം ബാധിച്ചിരുന്നു. കുരുമുളകിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ വെല്ലുവിളി ഏറ്റെടുത്ത് കുരുമുളക് കൃഷിയില്‍ വീണ്ടും സജീവമാകുകയാണ്. ഇത്തവണ നേരത്തെ കിട്ടിയ വേനല്‍മഴയുടെ ആധിക്യത്തില്‍ കൊടികള്‍ തളിര്ത്തുപോയതിനാല് തിരികള്‍ പിടിക്കാതെ വന്നതിനെത്തുടര്‍ന്ന് അടുത്ത സീസണില്‍ ഉല്‍പ്പാദനം കുറയുമെന്ന ആശങ്കയിലാണ് ്കര്‍ഷകര്‍. എങ്കിലും ആഭ്യന്തര ഉല്‍പ്പാദനം കുറയുന്നതിനനുസരിച്ച് സീസണില്‍ വില നിലവാരം ഉയരുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കുണ്ട്. കൊക്കോയുടെ വില 50-60 നിലവാരത്തില്‍ എത്തിയെങ്കിലും ഉല്‍പ്പാദനം കുറഞ്ഞത് വിനയായി. പുതിയതായി വിരിഞ്ഞ കായ്കള്‍ കീട-പൂപ്പല്‍ ബാധയെ തുടര്‍ന്ന് കരിഞ്ഞു നില്‍ക്കുകയാണ്. കൊക്കോയുടെ ഉത്പാദനം അടിക്കടി കുറയുന്നത് വരുമാനത്തെ സാരമായി ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: