ഇടുക്കി : ഇടുക്കി കളക്ട്രേറ്റിനുമുന്നില്‍ പെരിഞ്ചാംകുട്ടിയില്‍ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികള്‍ നടത്തുന്ന സമരത്തിന് പരിഹാരമാകുന്നു. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.രതീശന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. കുഞ്ചിത്തണ്ണി വില്ലേജില്‍ എച്ച്എന്‍എല്ലിന്റെ കൈവശത്തില്‍ നിന്നും ഏറ്റെടുത്ത 50 ഏക്കര്‍ ഭൂമിയും ആനച്ചാല്‍ ചെങ്കളം ഡാമിന്റെ മറുകരയുള്ള കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള 25 ഹെക്ടര്‍ ഭൂമിയില്‍ 15 ഏക്കര്‍ ഒഴിച്ചുള്ള സ്ഥലവും അര്‍ഹരായ ആദിവാസികള്‍ക്ക് ആദിവാസി ഭൂമി പതിവ് നിയമപ്രകാരം ഗവണ്മെന്റ് ഉത്തരവ് അനുസരിച്ച് പതിച്ചുനല്‍കാമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ആനച്ചാല്‍ ബസാറിനോട് അടുത്ത് ടൗണിനോട് ചേര്‍ന്നുള്ള ഈ പ്രദേശം പൂര്‍ണമായും കൃഷിയോഗ്യമാണെന്ന് കളക്ടര്‍ അറിയിച്ചു.പെരിഞ്ചാം കുട്ടിയില്‍ തന്നെ ഈ ഭൂമി ലഭിക്കണം എന്ന സമരക്കാരുടെ ആവശ്യത്തിന് ഇതുവരെ ഗവണ്മെന്റില് നിന്നും ഒരു തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഭൂമി സ്വീകരിക്കണം എന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. സമരസമിതി നേതാക്കള്‍ ഈ നിര്‍ദേശം അംഗീകരിച്ചതായി ജില്ലാകളക്ടര്‍ അറിയിച്ചു. പെരിഞ്ചാംകുട്ടിയില്‍ നിന്നും കുടിയൊഴിക്കപ്പെട്ട അര്‍ഹരായ ആദിവാസികള്‍ക്ക് പുതുതായി നിര്‍ദേശിക്കപ്പെട്ടതും സമരസമിതി അംഗീകരിച്ചതുമായ ഭൂമിയില്‍ കൈവശവും പട്ടയവും നല്‍കുന്നതിനുള്ള നടപടികള്‍ രണ്ട് മാസത്തിനുള്ളല് പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനുള്ള അസെസ്മെന്റ് നടപടികള്‍ തുടങ്ങുന്ന മുറയ്ക്ക് സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ ഉറപ്പുനല്‍കിയതായി കളക്ടര്‍ അറിയിച്ചു. സമരസമിതിക്കാര്‍ നല്കിയ 90 പേരുടെ പട്ടികയില്‍ ഐറ്റിഡിപി ഓഫീസര്‍ തലത്തില്‍ അന്വേഷണം നടത്തി റവന്യുവകുപ്പുമായി ചേര്‍ന്ന് പുനരധിവാസത്തിന് പൂര്‍ണമായും അര്‍ഹരായ ആദിവാസികളുടെ പട്ടിയ തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ ഐ.റ്റി.ഡി.പിയ്ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: