കരുവാരക്കുണ്ട്: സംസ്ഥാന ലോട്ടറിയുടെ പേര് പറഞ്ഞ് എഴുത്ത് ലോട്ടറികള്‍ ജില്ലയില്‍ വ്യാപകമാകുന്നു. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ലോട്ടറിയുടെ അവസാന മൂന്ന് അക്കങ്ങള്‍ പ്രവചിക്കുന്ന രീതിയാണ് എഴുത്ത് ലോട്ടറി. പ്രവചനം ശരിയായാല്‍ 5000 രൂപ മുതല്‍ സമ്മാനവും ലഭിക്കും. സംസ്ഥാന ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന പാവപ്പെട്ട തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.
ചുരുങ്ങിയ തുകക്ക് കൂടുതല്‍ സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് എഴുത്ത് ലോട്ടറിയിലേക്ക് കൂടുതല്‍ ആകൃഷ്ടരാകുന്നത്. ലോട്ടറി തൊഴിലാളികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാന്‍ തയ്യാറെടുക്കുകയാണ് തൊഴിലാളികള്‍.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരെ നിയമിച്ചാണ് മൂന്നക്ക എഴുത്ത് ലോട്ടറി മാഫിയ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറി വില്‍ക്കുന്നവരില്‍ ചിലരും ഇതേ മാഫിയയിലെ അംഗങ്ങളാണെന്നും ആരോപണമുണ്ട്. ആവശ്യപ്പെടുന്ന മൂന്നക്കം കടലാസില്‍ എഴുതി നല്‍കുകയാണ് ഏജന്റുമാര്‍ ചെയ്യുന്നത്. ഇതിന് 10 മുതല്‍ 20 രൂപ വരെയാണ് വില. അടുത്തദിവസം ഫലം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ലോട്ടറിയുടെ അവസാന മൂന്നക്കവും കടലാസിലെഴുതിയിരിക്കുന്ന അക്കവും ഒത്തുവന്നാല്‍ 5000 രൂപ ലഭിക്കും.
സംസ്ഥാന ഭാഗ്യക്കുറിയുടെ വില 30 രൂപക്ക് മുകളിലേക്ക് മാത്രമേയുള്ളൂ. എഴുത്ത് ലോട്ടറിയില്‍ 5000 രൂപ ലഭിക്കാന്‍ സാധ്യതയേറെ ആയതിനാലും കൂടുതല്‍ ആളുകള്‍ ഇതിലേക്ക് വരുന്നുണ്ടെന്ന് ലോട്ടറി വ്യാപരികള്‍ തന്നെ പറയുന്നു. നിരന്തര പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലയിലെ പ്രധാന നഗരങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. മലപ്പുറം, പാലക്കാട് ജില്ലയിലെ എഴുത്ത് ലോട്ടറിയെ നിയന്ത്രിക്കുന്നത് മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലുമുള്ള ആളുകളാണ്. ജില്ലയില്‍ ഇതിനായി ഒരു പ്രത്യേക ശൃംഖല തന്നെ ഇവര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സമ്മാനങ്ങള്‍ ലഭിച്ചവര്‍ക്ക് കൃത്യമായി എത്തിച്ച് നല്‍കാനുള്ള സംവിധാനവും ഈ ശൃംഖലയിലുണ്ട്. കടലാസില്‍ എഴുതി നല്കുന്ന മൂന്ന് അക്കങ്ങളല്ലാതെ മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാല്‍ നടപടിയെടുക്കാനാകാതെ കുഴങ്ങുകയാണ് അധികൃതര്‍.
കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ ഒറ്റ നമ്പര്‍ ലോട്ടറി പ്രവര്‍ത്തിച്ചിരുന്നു. ഇതിനെതിരെ കര്‍ശന നടപടി വന്നതോടെയാണ് കൂടുതല്‍ സുരക്ഷിതമായ എഴുത്ത് ലോട്ടറിയിലേക്ക് നീങ്ങിയത്. ഇത്തരം മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അംഗീകൃത ലോട്ടറി തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: