ആറ്റിങ്ങല്‍: ഗുണ്ടാ ആക്രമണത്തില്‍ പോലീസ് പരാതിസ്വീകരിക്കാത്തതില് മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കടവിള സായ്ഭവനില് സായി(29)യെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതിനെത്തിയ എസ്ഐയെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞുവച്ചു.
ഇന്നലെ രാവിലെ 10.30 മണിയോടെ ആണ് സായിയെ വീടിന്റെ ഹാളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സായിയുടെ സഹോദരി സൗമ്യയ്ക്ക് സുഖമില്ലാത്തിനാല്‍ അമ്മ ഇന്ദിര കുറച്ചുദിവസങ്ങളായി സഹോദരിയോടൊപ്പം എറണാകുളത്താണ് താമസം. രാവിലെ സായിയെ പുറത്തുകാണാത്തതില്‍ സംശയംതോന്നിയ അയല്‍വാസി ജനലിലൂടെ നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ. തിരുവോണനാളിലെ ഓണപ്പരിപാടിക്കിടയില്‍ കട്ടപ്പറമ്പ് കിടിത്തട്ട് മുക്കില്‍വച്ച് ബൈക്കിലെത്തിയ ഏതാനും ചിലര്‍ ശല്യം ഉണ്ടാക്കി. ഇവരെ സായിയും സംഘവും എതിര്‍ക്കുകയും സംഘം പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍ വൈകിട്ടോടെ മുപ്പതോളം വരുന്ന സംഘം ആയുധങ്ങളുമായി എത്തി സായിയെയും സംഘത്തെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതില്‍ സായി ഒഴികെയുള്ള ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിസംഘത്തിലെ നാലുപേരെ സംഭവസ്ഥലത്തു നിന്ന് എസ്ഐയും സംഘവും കസറ്റഡിയിലെടുത്തു. എന്നാല്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ സായി ഉള്‍പ്പെടുന്ന സംഘത്തില്‍നിന്ന് പരാതി സ്വീകരിക്കാന്‍ എസ്ഐ തയ്യാറായില്ല. പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ പ്രതിയെ ചൂണ്ടിക്കാട്ടിയിട്ടും അയാളെ വെറുതെവിട്ടു. പിറ്റേദിവസവും പരാതിയുമായി എത്തിയ സായിയെയും സംഘത്തെയും എസ്ഐ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഒപ്പം പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും പകരം തല്ലിയിട്ടുവരാന് ആക്രോശിച്ച് പരാതി വലിച്ചെറിയുകയും ചെയ്തു. സായിയുടെ മരണത്തിലും പോലീസ് നടപടിയിലും ദുരൂഹതയുള്ളതായും നാട്ടുകാര്‍ പറയുന്നു. ആര്‍ഡിഒ സ്ഥലത്തെത്തണമെന്നും കുറ്റക്കാരനായ എസ്ഐയ്ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ പോലീസിനെ തടഞ്ഞുവച്ചത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. പരേതനായ സാംബശിവനാണ് സായിയുടെ പിതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: