കാഞ്ഞങ്ങാട്: ആസൂത്രിതമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം. അക്രമത്തില്‍ വയറിനും, നെഞ്ചിനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവര്ത്തകന് കാലിച്ചാനടുക്കത്തിന് സമീപം എരളാലിലെ വി.കെ.പുഷ്പരാജ് (40) നെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തിരുവോണ ദിവസം വൈകുന്നേരം 3 മണിയോടെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആസൂത്രിത അക്രമത്തിലാണ് പുഷ്പരാജിന് കുത്തേറ്റത്.
കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്തിന് സമീപം സിപിഎം ശക്തികേന്ദ്രമായ കായക്കുന്നിലാണ് അക്രമം നടന്നത്. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കായക്കുന്നിലെ ബിജെപി പ്രവര്ത്തകന് വി.കെ.വിജയന്റെ വീടിന് സമീപമെത്തി വിജയനെതിരെ കൊലവിളി നടത്തി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വിജയന്റെ അനുജന് വി.കെ.പുഷ്പരാജിനെ സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് അക്രമിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ അക്രമി സംഘത്തില്‍പ്പട്ട നാരായണന് കൊല്ലപ്പെടുകയും, ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകനെ കൊലചെയ്യാനെത്തിയ സിപിഎം സംഘത്തില്‍പ്പെട്ട ക്രിമിനലുകളില്‍ ഒരാള്‍ മരിച്ച സംഭവം സിപിഎം നേതൃത്വത്തിന് കടുത്ത നാണക്കേടാണുണ്ടാക്കിയത്. ഇതില്‍ നിന്ന് അണികളുടെ ശ്രദ്ധ തിരിച്ചുവിടാനും, നാരായണനെ ബിജെപി പ്രവര്‍ത്തകരാണ് കൊലചെയ്തതെന്ന് വരുത്തിത്തീര്‍ക്കാനുമായി കള്ളപ്രചരണം അഴിച്ച് വിട്ട് അണികളെ പ്രകോപിതരാക്കാനാണ് സിപിഎം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണൂര്‍ മോഡല്‍ അക്രമവും, തുടര്‍ന്നുള്ള കളളപ്രചരണവും ജില്ലയില്‍ വ്യാപിക്കുന്നതിന്റെ തെളിവാണ് കായക്കുന്നിലെ സംഭവം.
അക്രമത്തിന് ശേഷം കായക്കുന്ന്, എടത്തോട്, കാലിച്ചാനടുക്കം, നെല്ലിയടുക്കം, കാട്ടിപ്പൊയില്‍ എന്നിവിടങ്ങളില്‍ വ്യാപക അക്രമമാണ് സിപിഎം നടത്തി വരുന്നത്. ബിജെപി പ്രവര്‍ത്തകരായ വിജയന്, ശ്രീനാഥ്, പുഷ്പരാജ് എന്നിവരുടെ വീടുകള്‍ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. കാട്ടിപ്പൊയിലില്‍ ബിജെപി സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. ഇടത്തോട് വെയിറ്റിംഗ് ഷെഡ് പോലീസ് നോക്കി നില്‍ക്കെയാണ് അക്രമികള്‍ തകര്‍ത്തത്. കായക്കുന്ന് മുതല്‍ ഇടത്തോട് വരെയുള്ള പ്രദേശങ്ങളിലെ ബിജെപിയുടെ കൊടിമരങ്ങള്‍ പിഴുതെടുത്ത് കൊടിതോരണങ്ങള്‍ പലതും തീയിട്ട് നശിപ്പിച്ചിരിക്കുകയാണ്. അമ്പലത്തറയില്‍ നിന്നും മൂന്നാം മൈലിലേക്ക് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ സിപിഎം പ്രവര്‍ത്തകര്‍ അവിടെ നടന്നുവന്ന ഓണഘോഷ പരിപാടിയ്ക്ക് നേരെ കല്ലേറ് നടത്തിയെങ്കിലും കൂടുതല്‍ അക്രമം നടത്താനുള്ള നീക്കം ബിജെപി പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ മൂലം പരാജയപ്പെടുകയായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കാലിച്ചാനടുക്കം, കായക്കുന്ന്, എരളാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ വിറളി പൂണ്ട സിപിഎം നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ജില്ലയില്‍ അക്രമം നടത്തി ഭീതി സൃഷ്ടിച്ച് ബിജെപിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാനുളള വിഫല ശ്രമമാണ് സിപിഎം പ്രദേശത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: