തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 കാരുണ്യ ഫാര്‍മസികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൈക്കാട് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്റേ സംവിധാനവും പുനരാംഭിച്ച മെഡിക്കല്‍ ഒപി വിഭാഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപത് ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിജിറ്റല്‍ എക്സ്റേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൗണ്‍സിലര്‍ ജി. മാധവദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാരായ പി. ഹര്ഷന്, ആര്. ഹരികുമാര്‍, അഡീഷണല്‍ ഡിഎംഒ ഡോ അമ്പിളി കമലന്, ഡിപിഎം ബി. ഉണ്ണികൃഷ്ണന്, ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ എല്‍.ടി. സരിതകുമാരി, ആശുപത്രി വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: