പേയാട്: തിരുനെല്ലിയൂരിലെ നാട്ടുകാര്‍ വേറിട്ട രീതിയിലാണ് ഇക്കുറി ഉത്രാട ദിന സദ്യയൊരുക്കിയത്. അന്‍പതോളം കുടുംബങ്ങള്‍ ഒരുമിച്ച് സദ്യയ്ക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കി. അതിനുശേഷം ഇവയെല്ലാം പകാരത്തുവിളയിലെ ഒരു വീട്ടില്‍ എത്തിച്ചു. നാടൊരുക്കിയ ഓണസദ്യ കഴിക്കാന്‍ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാപേരെയും ക്ഷണിച്ചു. നൂറുകണക്കിന് കുടുംബങ്ങളാണ് ഇന്നലെ തിരുനെല്ലിയൂരുകാരുടെ സ്നേഹത്തില്‍ ചാലിച്ച ഓണസദ്യയുണ്ണാന്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സുനിതകുമാരി, ബിജെപിനേതാവ് തിരുനെല്ലിയൂര്‍ സുധീഷ്, സിപിഎം നേതാവ് സുധാകരന് നായര്‍ തുടങ്ങി സാമൂഹികരാഷ്ട്രീയ മേഖലയിലെ പ്രമുഖരെല്ലാം ഒരുമിച്ചിരുന്ന് സദ്യയുണ്ടു.
അന്യം നിന്നുപോകുന്ന അയല്‍പ്പക്കബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഒരുമയുടെ ഓണമെന്ന സങ്കല്‍പ്പം പുലരാനുമാണ് ഇങ്ങനെയൊരു ശ്രമം നടത്തിയതെന്ന് സദ്യയുടെ സൂത്രധാരന്മാരായ സുരേഷ് ബാബുവും വിനോദും ചന്ദ്രനും പറഞ്ഞു. തിരുനെല്ലിയൂര്‍ ക്ഷേത്രട്രസ്റ്റ് സെക്രട്ടറി കൂടിയായ സുരേഷ് ബാബു ആശയം പറഞ്ഞപ്പോള്‍ തിരുനെല്ലിയൂര്‍ നിവസികള്‍ ഓരോ വീട്ടിലും ഓരോ വിഭവങ്ങളുണ്ടാക്കി ആഘോഷത്തില്‍ പങ്കാളിയാവുകയായിരുന്നു. വരുംവര്‍ഷങ്ങളിലും ഓണദിവസങ്ങളില്‍ ഒരുമിച്ചൊരു സദ്യയോടെ ആഘോഷിക്കാമെന്ന പ്രതിജ്ഞയോടെയാണ് തിരുനെല്ലിയൂരുകാര് പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: