വിളപ്പില്‍ശാല: പണം പിന്‍വലിക്കാന്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും എറ്റിഎം തേടിയെത്തിയവര്‍ക്ക് ശരിക്കും പണികിട്ടി. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ എറ്റിഎം കൗണ്ടറില്‍ എത്തിയവരാണ് മെഷീനില്‍ പണമില്ലെന്നറിഞ്ഞ് പരക്കം പാഞ്ഞത്. വിളപ്പില്‍ശാല, പേയാട്, കാട്ടാക്കട തുടങ്ങി ഗ്രാമീണ മേഖലകളിലും നഗരത്തിലെ ഒട്ടുമിക്ക എറ്റിഎം കൗണ്ടറുകളിലും നിന്ന് പണം പിന്‍വലിക്കാനെത്തിയവരാണ് നിരാശയോടെ മടങ്ങിയത്.
മിനിഞ്ഞാന്ന് ഉച്ചയ്ക്ക്ശേഷം ബാങ്ക് അടച്ചുകഴിഞ്ഞ് ഓണസാധനങ്ങള്‍ വാങ്ങാനെത്തിയവരാണ് പണമെടുക്കാന്‍ സാധിക്കാതെ എറ്റിഎം കൗണ്ടറുകള്‍ തേടി അലഞ്ഞത്. പണത്തിനായി നിരവധിതവണ മെഷീനില്‍ മാറിമാറി ബട്ടണുകള്‍ അമര്‍ത്തിയതോടെ പലടത്തും എറ്റിഎമ്മുകള്‍ കേടായി. ഇന്നലെ മുതല്‍ തുടര്‍ച്ചയായി രണ്ടുദിവസം ബാങ്ക്അവധി കൂടിയായതോടെ ഓണക്കോപ്പുകള്‍ വാങ്ങാന്‍ പണമെടുക്കാ ന് സധിക്കാതെ ജനം ഓട്ടമാരംഭിച്ചു.
ഓണത്തോടനുബന്ധിച്ച് സാധാരണയില്‍ കൂടുതല്‍ പണം എറ്റിഎം വഴി ആളുകള്‍ പിന്‍വലിക്കുമെന്ന് അറിയാമായിരുന്നിട്ടും ബാങ്കുകള്‍ കൂടുതല്‍ പണം മെഷീനുകളില്‍ നിക്ഷേപിച്ചില്ലെന്നാണ് സൂചന. ബാങ്കുകളില്‍ ബുധനാഴ്ച്ച അനുഭവപ്പെട്ട അഭൂതപൂര്‍വ്വമായ തിരക്കുകാരണം ഉദ്യോഗസ്ഥര്‍ക്ക് എറ്റിഎം കൗണ്ടറുകളില്‍ പണം നിക്ഷേപിക്കാന്‍ പോകാനായില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളില്‍ ക്രഡിറ്റ് ചെയ്യല്‍, മറ്റ് ഇടപാടുകള്‍ ഇങ്ങനെ ഭാരിച്ച പണിയാണ് ബാങ്ക് ജീവനക്കാരെ വട്ടം ചുറ്റിച്ചത്. പല ബാങ്കുകളിലും ജീവനക്കാര്‍ രാത്രി ഏറെ വൈകിയാണ് വീടുകളില്‍ പോയത്. അങ്ങനെയാണ് പലയിടത്തും എറ്റിഎമ്മുകളെ ശ്രദ്ധിക്കാന്‍ മറന്നത്. എന്നാല്‍ സാധാരണയില്‍ കൂടുതല്‍ പണം മെഷീനുകളില്‍ നിക്ഷേപിച്ചിരുന്നെന്നും പ്രതീക്ഷിച്ചതിലേറെ പണം ആളുകള്‍ പിന്‍വലിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. ഓണദിനങ്ങളില്‍ ബാങ്ക് അവധിയാണെങ്കിലും ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ എറ്റിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: