തിരുവനന്തപുരം: ഉത്രാടംനാളില്‍ വാട്ടര്‍ അതോറിറ്റിയുടെ എച്ച്ആര്‍ കരാര്‍ ജീവനക്കാര്‍ ഒഴിഞ്ഞ ഇലയിട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ ഉപവാസസമരം വ്യത്യസ്തമായി. ദീര്‍ഘകാലമായി വാട്ടര്‍ അതോറിറ്റിയില്‍ ജോലിചെയ്യുന്ന കരാര്‍ എച്ച്ആര്‍ വിഭാഗത്തിലെ പമ്പ് വാല്‍വ് ഓപ്പറേറ്റര്‍മാര്‍, വര്‍ക്കര്‍മാര്‍, മീറ്റര്‍ റീഡര്‍, പ്ലംബര്‍, ഫിറ്റര്‍, ഡ്രൈവര്‍ സ്വീപ്പര്‍ എന്നീവിഭാഗം ജീവനക്കാരാണ് ഉപവാസസമരം നടത്തിയത്. ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കാമെന്നു വാഗ്ദാനംചെയ്ത് വഞ്ചിക്കുന്ന തൊഴിലാളിവിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് വാട്ടര്‍ അതോറിറ്റി കരാര്‍ എച്ച്ആര്‍ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് എ. റഹിം ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ നാലുതവണ സംസ്ഥാനസര്‍ക്കാരിന് കത്തയച്ചിട്ടും സര്‍ക്കാരും മാനേജ്മെന്റും നടപടി സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എച്ച്ആര്‍ വകുപ്പുകളില്‍ പൊതുവായി 631 രൂപയുടെ ഡ്യൂട്ടി വേതന വര്‍ധനവിന് സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. യാതൊരു നിയമവ്യവസ്ഥകളും പാലിക്കാതെയും അവകാശാനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള തൊഴില്‍ചൂഷണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനുമുന്നില്‍ ഉപവാസസമരം ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാനസെക്രട്ടറി അഡ്വ സുബോധന്‍, നേതാക്കളായ വിനോയ്ജോണ്, കെ.പി. കുമാരന് എസ്. റഫീക്കാബീവി, എ. ശശികുമാര്‍, കെ.ജി. കുമാരപിള്ള തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: