തിരുവനന്തപുരം: പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ നിയോജകമണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. അട്ടക്കുളങ്ങരയിലെ ഓഫീസ് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനാണ് ഉദ്ഘാടനം ചെയ്തത്. ഋഗ്വേദത്തിന് മലയാളത്തില്‍ ഭാഷ്യം നിര്‍വഹിച്ച സംസ്കൃത പണ്ഡിതന് പ്രൊഫ ശ്രീവരാഹം ചന്ദ്രശേഖരന്‍നായരെ പൊന്നാട ചാര്‍ത്തി വി. മുരളീധരന് ആദരിച്ചു.
ബിജെപി ഇന്ന് പ്രതീക്ഷയറ്റവരുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണെന്ന് മുരളീധരന് പറഞ്ഞു. മറ്റു ചിലരില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും നിരാശപ്പെട്ടിരിക്കുന്നു. അവര്‍ ഇന്ന് നോക്കിക്കാണുന്നത് ബിജെപിയെയാണ്. അങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്, അദ്ദേഹം പറഞ്ഞു.
ബിജെപി വളര്‍ന്നത് ഓഫീസുകള്‍ കേന്ദ്രീകരിച്ചല്ല . പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ഇടയിലാണ് പാര്‍ട്ടി വളര്‍ന്നത്. രാഷ്ട്രീയപാര്‍ട്ടി ഓഫീസുകളില്‍ ഒതുങ്ങിക്കൂടുന്നത് ജനസ്വാധീനത്തിന്റെ അടയാളമല്ല. ഇന്ന് ഏറ്റവും കൂടുതല്‍ ഓഫീസുകളുള്ള പാര്‍ട്ടിക്ക് ജനസ്വാധീനം കുറഞ്ഞിരിക്കുന്നു. അതുപോലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സമ്പത്ത് വര്‍ധിക്കുന്നതും അപകടമാണ്. ഇതെല്ലാം ജനസ്വാധീനം ഇല്ലാതാക്കും. സമൂഹത്തില്‍ നിന്ന് കഴിവുള്ളവരെ കണ്ടെത്തി ആദരിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുള്ള സംഘടനകളുടെ ചുമതലയാണ്. മനുഷ്യരെ വിനയാന്വിതരാക്കുന്ന അറിവിന് വലിയ പ്രാധാന്യം കല്‍പ്പിക്കാത്ത കാലത്ത് ഇത്തരം ആദരവുകള്‍ നല്‍കുന്നതിന് പ്രസക്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സെന്‍ട്രല്‍ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പി. അശോക് കുമാര്‍, കൗണ്‍സിലര്‍മാരായ കുര്യാത്തി മോഹനന്‍നായര്‍, പി. രാജേന്ദ്രന്‍നായര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിമി ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് വിട്ടുവന്ന ഗോപിനാഥന്, ഡിവൈഎഫ്ഐ വിട്ടുവന്ന എസ്.ആര്. സജിത്ത്, പിതാവ് മുന്‍ സിപിഎം നേതാവ് ശ്രീകണ്ഠന് നായര്‍ എന്നിവരെ വി. മുരളീധരന് ഷാള്‍അണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. സ്റ്റേജ് അലങ്കാരവിദഗ്ധനായ മനു ആര്‍ട്സിലെ കമലേശ്വരം ശ്രീജിത്തിനെയും പ്രസിഡന്റ് പൊന്നാട അണിയിച്ചാദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: